തെളിവ് നശിപ്പിക്കാന്‍ ഉപയോഗിച്ച കംപ്യൂട്ടര്‍ അഭിഭാഷകരുടെ കയ്യിലെന്ന്
 സായ് ശങ്കര്‍


കൊച്ചി: ദിലീപുള്‍പ്പെട്ട വധഗൂഢാലോചന കേസിലെ പ്രതിയായ സൈബര്‍ ഹാക്കര്‍ സായ് ശങ്കറിന്റെ ചോദ്യം ചെയ്യലിന്റെ വിശദാംശങ്ങള്‍ പുറത്ത്. ദിലീപിന്റെ ഫോണുകളിലെ തെളിവ് നശിപ്പിച്ച ഐ മാക്കും ലാപ് ടോപ്പും അഭിഭാഷകരുടെ കസ്റ്റഡിയിലെന്ന് സായ് ശങ്കര്‍  അന്വേഷണ സംഘത്തെ അറിയിച്ചു. അഡ്വ. ഫിലിപ്പ് ഇത് രണ്ടും വാങ്ങി രാമന്‍ പിള്ളയുടെ ഓഫീസില്‍ കൊണ്ടു വെച്ചു. താന്‍ ഒളിവില്‍ ആയിരിക്കേ ഇവ പൊലീസിന്റെ കയ്യില്‍ പെടുമെന്ന് പറഞ്ഞാണ് അവര്‍ ഇങ്ങനെ ചെയ്തത്. തെളിവ് നശിപ്പിക്കാന്‍ കൂടുതല്‍ ഉപയോഗിച്ചത് അഭിഭാഷകരുടെ കസ്റ്റഡിയില്‍ ഉള്ള ഐമാക്കും ലാപ്‌ടോപ്പും ആണെന്ന് സായ് ശങ്കര്‍ മൊഴി നല്‍കി. 

തന്റെ ഭാര്യയുടെ പേരിലുള്ള ഐമാക്കും തെളിവ് നശിപ്പിക്കാന്‍ ഉപയോഗിച്ചിട്ടുണ്ടെന്നും സായ് ശങ്കര്‍ മൊഴി നല്‍കി. ഭാര്യയുടെ പേരിലുള്ള ഐമാക്ക് മാത്രമാണ് ക്രൈംബ്രാഞ്ചിന്റെ കസ്റ്റഡിയിലുള്ളതെന്ന് സായ് ശങ്കര്‍ വ്യക്തമാക്കി. അഭിഭാഷകരുടെ കൈവശമുള്ളവ കസ്റ്റഡിയിലെടുക്കാന്‍ ഒരുങ്ങുകയാണ് ക്രൈംബ്രാഞ്ച്. സായ് ശങ്കറിന്റെ രഹസ്യ മൊഴിയെടുക്കാന്‍ മജിസ്‌ട്രേറ്റ് കോടതി അനുമതി. ഈ മാസം 19 നാണ് കോടതി സമയം നല്‍കിയിരിക്കുന്നത്. ഈ തീയതി പ്രായോഗികമല്ലെന്ന് ക്രൈംബ്രാഞ്ച് പ്രതികരിച്ചു. മൊഴി എടുക്കല്‍ നേരത്തെ ആക്കണമെന്ന് ആവശ്യപ്പെട്ട് കോടതിയില്‍ അപേക്ഷ നല്‍കും. വധ ഗൂഢാലോചന കേസില്‍ ജാമ്യത്തിലാണ് സായ് ശങ്കര്‍ ഇപ്പോള്‍. 

അതിനിടെ, കേസില്‍ ദിലീപിന് വേണ്ടി സാക്ഷിയെ സ്വാധീനിക്കുന്ന മൊബൈല്‍ ഫോണ്‍ സംഭാഷണം പുറത്ത് വന്നു. ഡോക്ടര്‍ ഹൈദരലിയും ദിലീപിന്റെ സഹോദരി ഭര്‍ത്താവ് സൂരജും തമ്മിലുള്ള ഫോണ്‍ സംഭാഷണമാണ് പുറത്തുവന്നത്. ദിലീപിന് അനുകൂലമായി മൊഴി നല്‍കാന്‍ സൂരജ് ഡോക്ടറിനോട് ആവശ്യപ്പെടുന്നതാണ് സംഭാഷണം. നടി ആക്രമിക്കപ്പെടുമ്പോള്‍ ആലുവയിലെ ആശുപത്രിയില്‍ അഡ്മിറ്റ് ആയിരുന്നു എന്നാണ് ദിലീപിന്റെ വാദം. ഇങ്ങനെയായിരുന്നു ആദ്യം ദിലീപ് മൊഴി നല്‍കിയിരുന്നത്. എന്നാലിത് തെറ്റാണെന്ന് പിന്നീട് അന്വേഷണ സംഘം കണ്ടെത്തി. ദിലീപ് അഡ്മിറ്റ് ആയിരുന്നില്ലെന്ന് ഡോക്ടര്‍ ഹൈദരലി ആദ്യം മൊഴി നല്‍കിയിരുന്നു. ഈ മൊഴി തിരുത്താനാണ് ആവശ്യപ്പെടുന്നത്. 

രേഖകള്‍ പൊലീസിന്റെ കൈവശം ഉണ്ടന്നു ഡോക്ടര്‍ പറയുമ്പോള്‍ ആ തെളിവിന്  പ്രസക്തിയില്ല, കോടതിക്ക്  നല്‍കുന്ന മൊഴിയാണ് ഇനി പ്രധാനമെന്നു സൂരജ് മറുപടി നല്‍കുന്നു. പ്രശ്‌നങ്ങളൊന്നുമില്ലാതെ വക്കീല്‍ നോക്കുമെന്നും ഡോക്ടര്‍ വക്കീല്‍ പഠിപ്പിക്കുന്നതപോലെ പറഞ്ഞാല്‍ മതിയെന്നും സംഭാഷണത്തിലുണ്ട്. പ്രോസിക്യൂഷന്‍ സാക്ഷിയായ ഡോക്ടര്‍ പിന്നീട് കൂറ് മാറി ദിലീപിന് അനുകൂലമായി മൊഴി നല്‍കിയിരുന്നു. 


 

Recent Updates

IIIISI


 

 

Happy Onam

Happy Vishu

 Happy Republic Day

0 Comments

Leave a reply

Social Media