തിരുവനന്തപുരം: നിയമസഭയിലെ പ്രതിപക്ഷ പ്രതിഷേധം കാണിക്കാത്ത സഭാ ടിവിക്കെതിരെ പ്രതിപക്ഷം നിലപാട് കടുപ്പിക്കുന്നു. സഭാ ടിവി ഉന്നതാധികാര സമിതിയില്‍ നിന്ന് പ്രതിപക്ഷ എംഎല്‍എമാര്‍ രാജിവെക്കും. നാല് പ്രതിപക്ഷ എംഎല്‍എമാര്‍ ആണ് രാജിവെക്കുന്നത്. ആബിദ് ഹുസ്സൈന്‍ തങ്ങള്‍, റോജി എം ജോണ്‍, എം വിന്‍സെന്റ്, മോന്‍സ് ജോസഫ് എന്നിവരാണ് രാജി വയ്ക്കുന്നത്.
കുറച്ചു നാളുകളായി സഭയിലെ പ്രതിപക്ഷ പ്രതിഷേധമോ പ്രതിപക്ഷ നേതാവിന് ഉള്‍പ്പെടെ എം എല്‍ എമാരുടെ പ്രതിഷേധമോ സഭാ ടിവി കാണിക്കാറില്ല. ഇക്കഴിഞ്ഞ ദിവസം സ്പീക്കറുടെ ഓഫിസിനു മുന്നില്‍ പ്രതിപക്ഷ സമരം നടക്കുമ്പോഴും ആ ദൃശ്യങ്ങള്‍ സഭാ ടിവി കാണിച്ചിരുന്നില്ല. തുടര്‍ന്ന് പ്രതിപക്ഷ എംഎല്‍എമാര്‍ സ്വന്തം മൊബൈല്‍ ഫോണില്‍ ദൃശ്യങ്ങള്‍ പകര്‍ത്തി മാധ്യമങ്ങള്‍ക്ക് നല്‍കുകയായിരുന്നു
പ്രതിപക്ഷത്തിന്റെ പ്രതിഷേധങ്ങള്‍ സംപ്രേക്ഷണം ചെയ്യാത്ത സഭാ ടിവിയുടെ നടപടിക്കെതിരെ നേരത്തെ പ്രതിപക്ഷം നേരത്തെ തന്നെ രംഗത്ത് എത്തിയിരുന്നു. സഭാ ടിവി ഭരണകക്ഷിക്ക് വേണ്ടി മാത്രമുള്ള ചാനലായി മാറിയെന്ന് സതീശന്‍ കുറ്റപ്പെടുത്തിയിരുന്നു. സഭാ ടിവി ഇങ്ങനെയാണ് മുന്നോട്ട് പോകുന്നതെങ്കില്‍ അവരുമായി സഹകരിക്കണമോയെന്നതില്‍ പ്രതിപക്ഷത്തിന് പുനരാലോചന നടത്തേണ്ടി വരുമെന്നും പ്രതിപക്ഷം നേരത്തെ വ്യക്തമാക്കിയിരുന്നു.