കോട്ടയം: കോട്ടയത്ത് തെരുവുനായയെ കൊന്ന് കെട്ടിതൂക്കി. കോട്ടയം പെരുന്നയില്‍ സുബ്രഹ്മണ്യ സ്വാമി ക്ഷേത്രത്തിനു സമീപം ആണ് സംഭവം. മാസങ്ങളായി നാട്ടുകാര്‍ക്ക് ശല്യമായിരുന്ന നായയെയാണ് കൊന്ന് കെട്ടിതൂക്കിയത്. മൃതദേഹത്തിന് താഴെ ഇലയും പൂക്കളും വച്ചിരുന്നു. തെരുവുനായയെ ആരാണ് കൊന്നതെന്ന് വ്യക്തമല്ല.
അതേസമയം, കോട്ടയം മുളക്കുളത്ത് നായകള്‍ കൂട്ടത്തോടെ ചത്ത സംഭവത്തില്‍ പൊലീസ് കേസെടുത്തു. മൃഗങ്ങളോടുള്ള ക്രൂരതയ്‌ക്കെതിരായ വകുപ്പ് ചുമത്തിയാണ് വെളളൂര്‍ പൊലീസ് കേസെടുത്തത്. മൃഗസ്‌നേഹികളുടെ പരാതിയെ തുടര്‍ന്ന് മൃഗസംരക്ഷണ വകുപ്പിലെ ഡോക്ടര്‍മാരെത്തി ചത്ത നായകളുടെ പോസ്റ്റ്‌മോര്‍ട്ടം നടത്തി. തിങ്കളാഴ്ച രാവിലെയാണ് മുളക്കുളം പഞ്ചായത്തിലെ കാരിക്കോട്, കയ്യൂരിക്കല്‍, കീഴൂര്‍ എന്നിവിടങ്ങളില്‍ നായ്ക്കളെ കൂട്ടത്തോടെ ചത്തനിലയില്‍ കണ്ടെത്തിയത്. 12 നായകളാണ് ചത്തത്. വിഷം കൊടുത്തു കൊന്നതിന്റെ ലക്ഷണങ്ങളോടെയാണ് നായകളുടെയെല്ലാം കണ്ടെത്തിയത്. നായ ശല്യം രൂക്ഷമായ മേഖലയായതിനാല്‍ സംഭവത്തെ പറ്റി അന്വേഷണം വേണ്ടെന്ന നിലപാടിലായിരുന്നു പഞ്ചായത്ത്.
എന്നാല്‍, മൃഗസ്‌നേഹികള്‍ പരാതി നല്‍കിയതോടെ കേസെടുക്കാന്‍ പൊലീസ് നിര്‍ബന്ധിതരാവുകയായിരുന്നു. ഐ പി സി 429 വകുപ്പ് അനുസരിച്ചാണ് കേസെടുത്തിരിക്കുന്നത്. പിന്നാലെ മൃഗസംരക്ഷണ വകുപ്പിലെ ഡോക്ടര്‍മാരെത്തി കുഴിച്ചിട്ട നായകളുടെ മൃതദേഹം പുറത്തെടുത്ത് പോസ്റ്റ്‌മോര്‍ട്ടം നടത്തുകയായിരുന്നു. നായ ശല്യം രൂക്ഷമാകുന്ന ഘട്ടത്തില്‍ നായകളെ കൂട്ടത്തോടെ കൊന്നതിനെ അനുകൂലിക്കുകയാണ് നാട്ടുകാരില്‍ ഏറിയ പങ്കും.
എന്നാല്‍ സംഭവത്തില്‍ അന്വേഷണം വേണ്ടെന്നാണ് തീരുമാനമെന്ന് പഞ്ചായത്ത് അധികൃതര്‍ അഭിപ്രായപ്പെട്ടത്. ഇപ്പോഴത്തെ സാഹചര്യത്തില്‍ അന്വേഷണം നടത്താന്‍ പരിമിതി ഉണ്ടെന്നാണ് മുളക്കുളം പഞ്ചായത്ത് പ്രസിഡന്റ പറഞ്ഞത്. മൃഗസ്‌നേഹികളെയല്ല പാവം നാട്ടുകാരെയാണ് നായ്ക്കള്‍ ആക്രമിക്കുന്നതെന്നും പ്രസിഡന്റ് ടി കെ വാസുദേവന്‍ നായര്‍ പരിഹസിച്ചു.