താരരാജാവിന്റെ പിറന്നാള്‍ ദിനത്തില്‍ ജീവകാരുണ്യ പ്രവര്‍ത്തനങ്ങളുമായി ഫാന്‍സ് അസോസിയേഷന്‍
മലയാളത്തിന്റെ പ്രിയ താരം മമ്മൂട്ടിക്ക് 70 വയസ്സായിരിക്കുകയാണ്. ലോകം മുഴുവനുള്ള അദ്ദേഹത്തിന്റെ ആരാധകരും സിനിമാ മേഖലയിലുള്ളവരും സ്‌നേഹത്തില്‍ ചാലിച്ച ആശംസകള്‍ സോഷ്യല്‍മീഡിയയിലൂടേയും മറ്റും അദ്ദേഹത്തിന് നേരുകയാണ്. മെഗാസ്റ്റാറിന്റെ ഫാന്‍സ് ജന്മദിനത്തിന് മുന്നോടിയായി ബ്ലഡ് ഡൊണേഷന്‍ ക്യാമ്പുകല്‍ ലോകമെങ്ങും സംഘടിപ്പിക്കുകയാണ്. കൊവിഡ് നിയന്ത്രണങ്ങള്‍ക്കിടയിലും പതിനായിരത്തിലേറെ ആരാധകര്‍ ഇക്കുറി രക്തദാനം നല്‍കാന്‍ മുന്നോട്ടുവന്നിട്ടുണ്ടെന്ന് പറയുകയാണ് മമ്മൂട്ടി ഫാന്‍സ് ആന്‍ഡ് വെല്‍ഫെയര്‍ അസോസിയേഷന്റെ ഇന്റര്‍നാഷണലിന്റെ പ്രസിഡന്റും അദ്ദേഹത്തിന്റെ ജീവകാരുണ്യ പ്രവര്‍ത്തനങ്ങളുടെ പിആര്‍ഒയും കെയര്‍ ആന്‍ഡ് ഷെയര്‍ ഇന്റര്‍ണാഷണല്‍ ഫൗണ്ടേഷന്റെ ഡയറക്ടര്‍ ബോര്‍ഡ് അംഗങ്ങളില്‍ ഒരാളുമായ റോബര്‍ട്ട് കുര്യാക്കോസ്.
രക്തബന്ധം ഇല്ലാത്ത ഒരാളുടെ ജന്മദിനത്തോട് അനുബന്ധിച്ച് ആയിരക്കണക്കിന് രക്തദാനം ലോകമെമ്പാടും നടക്കുന്നുവെങ്കില്‍ സംശയം വേണ്ട, ആ ജന്മദിനം മെഗാസ്റ്റാര്‍ മമ്മൂട്ടിയുടേത് ആയിരിക്കും ഞങ്ങള്‍ ഓസ്‌ട്രേലിയയില്‍ ഓസ്‌ട്രേലിയന്‍ റെഡ് ക്രോസ് ലൈഫ് ബ്ലഡിന്റെ സഹകരണത്തോടെയാണ് രക്തദാന ക്യാമ്പ് നടത്തിയത്. ഇക്കുറി മറ്റാഘോഷങ്ങളില്ല, ജീവകാരുണ്യ പ്രവത്തനങ്ങളാണ് പ്രധാനമായും നടത്തുന്നത്. അതില്‍ പ്രധാനം രക്തദാനമാണ്.
അദ്ദേഹത്തിന്റെ ആരാധകരുള്ളയിടത്തൊക്കെ രക്തദാനം നടക്കുന്നുണ്ട്. ഓസ്‌ട്രേലിയ, ദൂബായ്, അബുദാബി, കാനഡ, ന്യൂസിലാന്‍ഡ്, കത്തര്‍, കുവൈറ്റ്, ബഹിറൈന്‍, സൗദി എന്നിവിടങ്ങളിലും യൂറോപ്യന്‍ രാജ്യങ്ങളിലും ഉള്‍പ്പെടെ ആരാധകര്‍ രക്തദാനം ഇന്നും നാളെയുമൊക്കെയായി നടത്തുന്നുണ്ട്. കൊവിഡ് നിയന്ത്രണങ്ങള്‍ ഉണ്ടെങ്കിലും കേരളത്തില്‍ ഓരോ ജില്ലയിലും 500 ആരാധകരെങ്കിലും രക്തദാനത്തില്‍ സഹകരിക്കുന്നുണ്ട്. ഇക്കുറി പതിനായിരത്തോളം ആരാധകര്‍ രക്തദാനക്യാമ്പിന്റെ ഭാഗമാകുന്നുണ്ട്.
അതിന് പുറമെ ഫാന്‍സ് അസോസിയേഷന്‍ യൂണിറ്റുകള്‍ എല്ലാ സ്ഥലത്തും ഒരു കുട്ടിക്കെങ്കിലും സ്മാര്‍ട്ട്‌ഫോണ്‍ കൊടുക്കുന്നുമുണ്ട്. അദ്ദേഹം തുടക്കമിട്ട വിദ്യാമൃതം പദ്ധതി വഴി ഇതിനകം നിരവധി കുട്ടികള്‍ക്ക് സ്മാര്‍ട്ട്‌ഫോണ്‍ എത്തിച്ചിട്ടുണ്ട്. അതിന് പുറമെ അര്‍ഹായവര്‍ക്ക് വീട് വയ്ക്കുന്നതിനും മറ്റുമൊക്കെ സഹായം നല്‍കുന്നുമുണ്ട്. നിര്‍ദ്ധനര്‍ക്കായുള്ള അന്നദാനം, വസ്ത്ര വിതരണം ഉള്‍പ്പെടെ നടക്കുന്നുമുണ്ട്, റോബര്‍ട്ട് കുര്യാക്കോസ് സമയം മലയാളത്തോട് പറഞ്ഞു.