ഗാസയിലെ ഹമാസ് കമാന്‍ഡോ ആസ്ഥാനങ്ങള്‍ ബോംബിട്ട് തകര്‍ത്ത് ഇസ്രയേല്‍
 


ടെല്‍ അവീവ് : ഇസ്രയേല്‍ ഹമാസ് യുദ്ധം അഞ്ചാം ദിവസവും തുടരുന്നു. ഇസ്രയേല്‍ വ്യോമാക്രമണം തുടരുന്ന ഗാസയില്‍ ജനങ്ങള്‍ പാലായനത്തിലാണ്. ഗാസയിലെ ഹമാസിന്റെ കമാന്‍ഡോ യൂണിറ്റ് ആസ്ഥാനങ്ങള്‍ ബോംബിട്ട് തകര്‍ത്തുവെന്ന് ഇസ്രയേല്‍ അവകാശപ്പെട്ടു. എന്നാല്‍ ഇനിയും കരയുദ്ധം ആരംഭിച്ചിട്ടില്ല. അതിര്‍ത്തിയില്‍ തയാറായി നില്‍ക്കുന്ന ആയിരക്കണക്കിന് ഇസ്രയേല്‍ സൈനികര്‍ക്ക് ഗാസയിലേക്ക് കടക്കാനുള്ള നിര്‍ദേശം ഇനിയും നല്‍കിയിട്ടില്ല.

ഹമാസ് ബന്ദികളാക്കിയ ഇസ്രയേല്‍ പൌരന്മാരെ മോചിപ്പിക്കാനും  വ്യോമാക്രമണത്തില്‍ തകര്‍ന്ന ഗാസയിലേക്ക് ഭക്ഷണവും വെള്ളവും എത്തിക്കാനും മധ്യസ്ഥ ചര്‍ച്ചകള്‍ തുടങ്ങി. തുര്‍ക്കി, ഖത്തര്‍, ഈജിപ്ത് തുടങ്ങിയ രാജ്യങ്ങളുടെ നേതൃത്വത്തിലാണ്  സമവായ ചര്‍ച്ചകള്‍ നടക്കുന്നത്. ബന്ദികളെ മോചിപ്പിക്കണമെന്ന് ഹമാസിനോടും ഗാസയിലെ ജനങ്ങള്‍ക്ക് അവശ്യവസ്തുക്കള്‍ തടയരുതെന്ന് ഇസ്രയേലിനോടും അഭ്യര്‍ത്ഥിച്ചിട്ടുണ്ട്. എങ്കിലും ഇരുപക്ഷവും സമ്മതിച്ചിട്ടില്ല.

ഇന്ധനമില്ലാതെ അവസാന വൈദ്യുതി നിലയവും അടച്ചതോടെ ഗാസ ഇരുട്ടിലാണ്. ഗാസയിലേക്ക് വെള്ളവും ഭക്ഷണവും ഇന്ധനവും തടയരുതെന്ന് ഇസ്രയേലിനോട് ഐക്യരാഷ്ട്രസഭ സെക്രട്ടറി ജനറല്‍ അന്റോണിയോ ഗുട്ടറസും അഭ്യര്‍ത്ഥിച്ചിട്ടുണ്ട്. ഗാസയിലെ യുഎന്‍ അഭയാര്‍ത്ഥി കേന്ദ്രങ്ങള്‍ ആക്രമിക്കരുത്. നിരപരാധികളായ ബന്ദികളെ ഹമാസ് മോചിപ്പിക്കണമെന്നുമാണ് യു എന്‍ തലവന്റെ അഭ്യര്‍ത്ഥന. യു എന്‍ സന്നദ്ധ പ്രവര്‍ത്തകരായ 11 പേരും റെഡ്‌ക്രോസ് പ്രവര്‍ത്തകരായ അഞ്ചു പേരും ഈ സംഘര്‍ഷത്തില്‍ ഇതുവരെ കൊല്ലപ്പെട്ടിട്ടുണ്ട്.


അതേ സമയം, യുദ്ധസാഹചര്യം കൈകാര്യം ചെയ്യാന്‍ ഇസ്രായേലില്‍ സംയുക്ത സര്‍ക്കാരും മന്ത്രിസഭയും ഇന്നലെ രൂപീകരിച്ചിരുന്നു. പ്രതിപക്ഷ നേതാവ് ബെന്നി ഗാന്‍സും മന്ത്രിയാകും. യുദ്ധം കഴിയുംവരെ പ്രതിപക്ഷ പാര്‍ട്ടികള്‍ കൂടി ഉള്‍പ്പെട്ട ഈ സര്‍ക്കാര്‍ രാജ്യത്തെ നയിക്കും.

ഹമാസ് സംഘം കൊലപ്പെടുത്തിയവരുടെ സംസ്‌കാര ചടങ്ങുകള്‍ ഇസ്രായേലില്‍ പലയിടത്തായി തുടരുകയാണ്. ഇപ്പോഴും പലയിടത്തുനിന്നും മൃതദേഹങ്ങള്‍ കണ്ടെടുക്കുന്നുണ്ട്. ഹമാസിന്റെ പിടിയിലുള്ള ബന്ദികളുടെ ബന്ധുക്കള്‍ വലിയ ആശങ്കയിലാണ്. ഉറ്റവര്‍ ജീവിച്ചിരിപ്പുണ്ടോയെന്നുപോലും അറിയാത്ത അവസ്ഥ. ഹമാസിന്റെ പിടിയിലുളള ബന്ദികളെ മോചിപ്പിക്കാന്‍ കമാന്‍ഡോ ഓപ്പറേഷന്റെ സാധ്യത തേടുന്നതായി മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. 
 

Recent Updates

IIIISI


 

 

Happy Onam

Happy Vishu

 Happy Republic Day

0 Comments

Leave a reply

Social Media