രാജ്യത്ത് മൂന്നാം ഘട്ട വോട്ടെടുപ്പിലും പോളിംഗ് ശതമാനത്തില്‍ ഇടിവ്; വൈകിട്ട് വരെ ആകെ രേഖപ്പെടുത്തിയത് 60%
 


ദില്ലി:രാജ്യത്ത് 93 സീറ്റുകളിലേക്കുള്ള മൂന്നാം ഘട്ട വോട്ടെടുപ്പിലും പോളിംഗ് ശതമാനത്തില്‍ ഇടിവ്. അഞ്ച് മണിവരെ ആകെ 60 ശതമാനം പോളിംഗ് രേഖപ്പെടുത്തി. കഴിഞ്ഞ തവണ ആകെ പോളിംഗ് 67.4 ശതമാനമായിരുന്നു. ബംഗാളില്‍ സിപിഎം സംസ്ഥാന സെക്രട്ടറി മുഹമ്മദ് സലീമിനെ തൃണമൂല്‍ പ്രവര്‍ത്തകര്‍ തടഞ്ഞത് സംഘര്‍ഷത്തിനിടയാക്കി. യുപിയില്‍ ബൂത്ത് പിടിക്കാന്‍ ബിജെപി ശ്രമിച്ചെന്ന് സമാജ്വാദി പാര്‍ട്ടി ആരോപിച്ചു.

ആദ്യ രണ്ട് ഘട്ടങ്ങളിലും പോളിംഗ് ശതമാനം കുറഞ്ഞതിനെ തുടര്‍ന്ന് വോട്ടര്‍മാരെ പോളിംഗ് ബൂത്തിലെത്തിക്കാന്‍ എല്ലാ ശ്രമവും തെരഞ്ഞെടുപ്പ് കമ്മീഷന്‍ നടത്തിയിരുന്നു. എന്നാല്‍ കാര്യമായ ഉയര്‍ച്ച പോളിംഗ് ശതമാനത്തിലുണ്ടായില്ല. ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളില്‍ മധ്യപ്രദേശിലാണ് കൂടുതല്‍ പോളിംഗ് രേഖപ്പെടത്തിയത്.  ഉത്തര്‍പ്രദേശില്‍ രാവിലെ ഭേദപ്പെട്ട പോളിംഗ് നടന്നെങ്കിലും ഉച്ചയോടെ ഇത് ഇടിഞ്ഞു. ബിജെപി പ്രവര്‍ത്തകര്‍ പലയിടത്തും ബൂത്തുകള്‍ കൈയ്യടക്കിയെന്ന് സമാജ് വാദി പാര്‍ട്ടി അദ്ധ്യക്ഷന്‍ അഖിലേഷ് യാദവ് ആരോപിച്ചു. പരാതിക്ക് അടിസ്ഥാനമില്ലന്ന് ബിജെപി തിരിച്ചടിച്ചു


കര്‍ണാടകയില്‍ ബിജെപി ശക്തികേന്ദ്രങ്ങളായ തീരദേശ കര്‍ണാടകയിലും, മുംബൈ കര്‍ണാടകയിലെ മേഖലകളിലുമാണ് പോളിംഗ് ശതമാനം ഉയര്‍ന്നത്.  വൈകിട്ട് അഞ്ചുവരെ കര്‍ണാടകയില്‍ 66.05ശതമാനമാണ് പോളിംഗ്. കൊടുംവെയിലില്‍ വോട്ടര്‍മാര്‍ എത്താതായതോടെ ആകെ പോളിംഗ് അമ്പത് ശതമാനം കടക്കാന്‍ മൂന്ന് മണി കഴിയേണ്ടി വന്നു.ഇതിനിടെ, ബൂത്തിനകത്ത് ചട്ടലംഘനം നടത്തിയെന്നാരോപിച്ച് വനിതാ ശിശുക്ഷേമ വകുപ്പ് മന്ത്രി ലക്ഷ്മി ഹെബ്ബാള്‍ക്കര്‍ക്ക് എതിരെ ബിജെപി പ്രവര്‍ത്തകര്‍ റിട്ടേണിംഗ് ഓഫീസര്‍ക്ക് പരാതി നല്‍കി. ലക്ഷ്മിയുടെ മകന്‍ മൃണാള്‍ സ്ഥാനാര്‍ഥിയാണെന്നിരിക്കേ, പോളിംഗ് സ്റ്റേഷനകത്ത് വച്ച് സ്ഥാനാര്‍ത്ഥിയുടെ സീരിയല്‍ നമ്പര്‍ സൂചിപ്പിക്കും വിധം വിരലുയര്‍ത്തിക്കാട്ടി എന്നാണ് പരാതി.


മഹാരാഷ്ട്രയിലെ 11 മണ്ഡലങ്ങളില്‍ നടന്ന മൂന്നാം ഘട്ട വോട്ടെടുപ്പിലും പോളിംഗ് ഇടിഞ്ഞു. ശക്തമായ പോരാട്ടം നടന്ന ബാരമതിയിലാണ് ഏറ്റവും കുറഞ്ഞ പോളിംഗ്. കടുത്ത ചൂട് മൂന്നാം ഘട്ടത്തിലും വില്ലനായി എന്നാണ് വിലയിരുത്തല്‍. രത്‌ന ഗിരി - സിന്ധ് ദുര്‍ഗില്‍ മത്സരിച്ച നാരായണ്‍ റാണെയും ബാരമതിയില്‍ സുപ്രിയ സുലെയും മായിരുന്നു പ്രധാന സ്ഥാനാര്‍ഥികള്‍. ഗുജറാത്തിലും ഉച്ചയോടെ പോളിംഗ് മന്ദഗതിയിലായി  രണ്ടു മണ്ഡലങ്ങള്‍ മാത്രമുള്ള ഗോവയില്‍ എന്നാല്‍ നല്ല പോളിംഗ് നടന്നു.

പശ്ചിമബംഗാളിലെ ജങ്കിപ്പൂരില്‍ ബിജെപി സ്ഥാനാര്‍ത്ഥി ധനഞ്ജയ് ഘോഷും തൃണമൂല്‍ പ്രവര്‍ത്തകരും തമ്മില്‍ കയ്യാങ്കളി നടന്നു. മുര്‍ഷിദാബാദില്‍ സിപിഎം സംസ്ഥാനസെക്രട്ടറിയും സ്ഥാനാര്‍ത്ഥിയുമായ മുഹമ്മദ് സലീമിനും തൃണമൂല് പ്രവര്‍ത്തകര്‍ക്കും ഇടയില്‍ ഉന്തും തള്ളും ഉണ്ടായി. വ്യാജവോട്ടര്‍മാര പിടികൂടിയതായി മുഹമ്മദ് സലീം അവകാശപ്പെട്ടു. ആസം, കര്‍ണാടക, ഗുജറാത്ത്, ഗോവ, ഛത്തീസ്ഗഡ് എന്നീ സംസ്ഥാനങ്ങളിലെ വോട്ടെടുപ്പ് ഇന്ന് പൂര്‍ത്തിയായി. ആകെ 261 സീറ്റുകളിലെ വോട്ടെടുപ്പാണ് ഇനി നാലു ഘട്ടങ്ങളില്‍ ബാക്കിയുള്ളത്.


 

Recent Updates

IIIISI


 

 

Happy Onam

Happy Vishu

 Happy Republic Day

0 Comments

Leave a reply

Social Media