സ്‌കോഡ സ്ലാവിയയുടെ അകത്തളത്തിന്റെ ഡിസൈന്‍ സ്‌കെച്ചും പുറത്ത്
സ്‌കോഡ സ്ലാവിയയുടെ അകത്തളത്തിന്റെ ഡിസൈന്‍ സ്‌കെച്ചും നിര്‍മാതാക്കള്‍ പുറത്തുവിട്ടു. നവംബര്‍ 18-ന് ആഗോളതലത്തില്‍ പ്രദര്‍ശിപ്പിക്കാനൊരുങ്ങുന്ന ഈ വാഹനത്തിന്റെ എക്സ്റ്റീരിയര്‍ ഡിസൈന്‍ സ്‌കെച്ച് കഴിഞ്ഞ ദിവസം സ്‌കോഡ പുറത്തുവിട്ടിരുന്നു. ആഗോള വിപണികള്‍ ലക്ഷ്യമാക്കി നിര്‍മിച്ചിട്ടുള്ള ഈ സെഡാന്‍ വാഹനം ആദ്യം ഇന്ത്യന്‍ നിരത്തുകളിലായിരിക്കും എത്തുക.
ഫീച്ചറുകള്‍ കുത്തിനിറയ്ക്കാതെ ചിട്ടയായി ഡിസൈന്‍ ചെയ്തിട്ടുള്ള അകത്തളത്തിന്റെ ചിത്രങ്ങളാണ് നിര്‍മാതാക്കല്‍ പുറത്തുവിട്ടിട്ടുള്ളത്. കറുപ്പ് നിറത്തിനൊപ്പം സില്‍വല്‍ ആക്സെന്റുകല്‍ നല്‍കി അലങ്കരിച്ചിട്ടുള്ള ഡാഷ്ബോര്‍ഡ്, വശങ്ങളില്‍ വൃത്താകൃതിയിലും മധ്യഭാഗത്ത് ചതുരാകൃതിയിലും ഒരുങ്ങിയിട്ടുള്ള എ.സി. വെന്റ്, 10.25 ഇഞ്ച് ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റം, ഫുള്‍ ഡിജിറ്റല്‍ ഇന്‍സ്ട്രുമെന്റ് ക്ലെസ്റ്റര്‍, സ്‌റ്റൈലിഷ് സീറ്റുകള്‍ എന്നിവയാണ് സ്‌കെച്ചില്‍ വെളിപ്പെടുത്തിയിട്ടുള്ളത്.
സ്‌കോഡയുടെ പുതുതലമുറ വാഹനങ്ങള്‍ക്ക് സമാനമായി ടൂ സ്പോക്ക് മള്‍ട്ടി ഫങ്ഷന്‍ സ്റ്റിയറിങ്ങ് വീലാണ് ഈ വാഹനത്തിലും നല്‍കിയിരിക്കുന്നത്. ഇന്‍സ്ട്രുമെന്റ് ക്ലെസ്റ്ററിന് സൈഡിലായി പിയാനോ ബ്ലാക്ക് പാനലില്‍ സ്‌കോഡ ബാഡ്ജിങ്ങും നല്‍കിയിട്ടുണ്ട്. സ്‌റ്റൈലിഷായി ഒരുങ്ങിയിട്ടുള്ള ഗിയര്‍ ലിവര്‍, സ്റ്റോറേജ് സ്പേസ് നല്‍കിയിട്ടുള്ള ആംറെസ്റ്റ്, ഇരട്ട നിറങ്ങളില്‍ ഒരുങ്ങിയിട്ടുള്ള ഡോര്‍ പാനല്‍ തുടങ്ങിയവ സ്ലാവിയയുടെ അകത്തളത്തിന് കൂടുതല്‍ പ്രീമിയം ഭാവം നല്‍കുന്നുണ്ട്.
സ്ലാവിയയുടെ എക്സ്റ്റീരിയര്‍ ഡിസൈന്‍ വെളിപ്പെടുത്തിയുള്ള സ്‌കെച്ച് കഴിഞ്ഞ ദിവസമാണ് സ്‌കോഡ സമൂഹമാധ്യമങ്ങളില്‍ പങ്കുവെച്ചത്. സ്‌കോഡയില്‍ നിന്ന് അടുത്തിടെ വിപണിയില്‍ എത്തിയ ഒക്ടാവിയയുമായി സാമ്യം തോന്നുന്ന രൂപത്തിലാണ് സ്ലാവിയയുടെ എക്സ്റ്റീരിയര്‍ ഒരുക്കിയിരിക്കുന്നത്. ഹെക്‌സഗൊണല്‍ ഗ്രില്ല്, വീതി കുറഞ്ഞ ഹെഡ്‌ലാമ്പ്. എല്‍ ഷേപ്പില്‍ ഒരുക്കിയിട്ടുള്ള എല്‍.ഇ.ഡി. ഡി.ആര്‍.എല്‍, മസ്‌കുലര്‍ ഭാവമുള്ള ബമ്പര്‍ എന്നിവയാണ് മുഖഭാവത്തെ ആഡംബരമാക്കുന്നത്.
സ്‌കോഡയുടെ മിഡ്-സൈസ് എസ്.യു.വിയായ കുഷാക്കിന് അടിസ്ഥാനമായ MQB AO IN പ്ലാറ്റ്‌ഫോമിലായിരിക്കും സ്ലാവിയയും എത്തുകയെന്നാണ് സൂചന. സ്‌കോഡ നിരത്തുകളില്‍ എത്തിച്ചിരിക്കുന്ന റാപ്പിഡിന് പകരക്കാരനായിരിക്കും സ്ലാവിയയെന്നും വിവരമുണ്ട്. ഇന്ത്യയിലെ പ്രവര്‍ത്തനം കാര്യക്ഷമമാക്കുന്നതിനായി സ്‌കോഡ-ഫോക്‌സ്വാഗണ്‍ ഗ്രൂപ്പ് പ്രഖ്യാപിച്ചിരിക്കുന്ന ഇന്ത്യ പ്രൊജക്ട് 2.0-യുടെ കീഴില്‍ അവതരിപ്പിക്കുന്ന മൂന്നാമത്തെ മോഡലായിരിക്കും സ്ലാവിയ എന്നാണ് വിലയിരുത്തലുകള്‍.
മെക്കാനിക്കല്‍ ഫീച്ചറുകളും കുഷാക്കുമായി പങ്കിട്ടായിരിക്കും സ്ലാവിയ എത്തുക. 1.0 ലിറ്റര്‍ മൂന്ന് സിലിണ്ടര്‍, 1.5 ലിറ്റര്‍ നാല് സിലിണ്ടര്‍ എന്നീ ടി.എസ്.ഐ. പെട്രോള്‍ എന്‍ജിനുകളായിരിക്കും ഈ വാഹനത്തില്‍ നല്‍കുക. 1.0 ലിറ്റര്‍ എന്‍ജിന്‍ 113 ബി.എച്ച്.പി. പവറും 175 എന്‍.എം. ടോര്‍ക്കും, 1.5 ലിറ്റര്‍ എന്‍ജിന്‍ 148 ബി.എച്ച്.പി. പവറും 250 എന്‍.എം. ടോര്‍ക്കുമാണ് ഉത്പാദിപ്പിക്കുന്നത്. ആറ് സ്പീഡ് മാനുവല്‍, ഓട്ടോമാറ്റിക്, ഏഴ് സ്പീഡ് ഡി.എസ്.ജി. എന്നീ ഗിയര്‍ബോക്സുകള്‍ ഇതില്‍ ട്രാന്‍സ്മിഷന്‍ ഒരുക്കും.