ഇന്ത്യയിലെ ഇന്റര്‍നെറ്റ് നിരോധനം; ഓരോ മണിയ്ക്കൂറും നഷ്ടം രണ്ട് കോടി രൂപ വീതം
ദില്ലി: ഇന്റര്‍നെറ്റ് നിരോധനം ഭരണഘടനയിലെ 370-ാം ആര്‍ട്ടിക്കിള്‍ റദ്ദാക്കിയതിനുശേഷം കേന്ദ്ര സര്‍ക്കാര്‍ നടപ്പാക്കിയ ജമ്മു കശ്മീരിലെ ഇന്റര്‍നെറ്റ് നിരോധനം ലോകത്തിലെ തന്നെ ഏറ്റവും ദൈര്‍ഘ്യമേറിയതായിരുന്നു. 233 ദിവസങ്ങളില്‍ ഏറെയായിരുന്നു ഇത്.. 2019 ആഗസ്റ്റ് നാലു മുതല്‍ 2020 മാര്‍ച്ച് നാലുവരെ കശ്മീരില്‍ ഇന്റര്‍നെറ്റ് ലഭ്യമായിരുന്നില്ല. ഇന്റര്‍നെറ്റ് നിരോധനം ഇന്ത്യയ്ക്ക് പുത്തരിയല്ല. കഴിഞ്ഞ നാലു വര്‍ഷത്തിനുള്ളില്‍ 400-ല്‍ അധികം ഇന്റര്‍നെറ്റ് നിരോധനമാണ് രാജ്യത്തുണ്ടായത്. കഴിഞ്ഞ ഒരു മാസത്തിനിടെ ഏഴു തവണ ഇന്റര്‍നെറ്റ് നിരോധിച്ചു. ഇതില്‍ അഞ്ചെണ്ണം ഹരിയാനയിലും ദില്ലിയിലുമായിരുനനു. കര്‍ഷകരുടെ പ്രതിഷേധം ആളിക്കത്തിയ ഇടങ്ങളിലും പരിസരത്തുമായിരുന്നു ഇത്.
പ്രതിഷേധങ്ങളെ അടിച്ചമര്‍ത്താന്‍ ഇന്റര്‍നെറ്റ് നിരോധനം ആയുധമാക്കുന്ന കേന്ദ്ര സര്‍ക്കാരിന്റെ ഈ നടപടി വ്യാപക പ്രതിഷേധങ്ങള്‍ക്കും ഇടയാക്കിയിട്ടുണ്ട്. നിത്യജീവിതത്തില്‍ ഇന്റര്‍നെറ്റ് ഒഴിച്ചു കൂടാനാകാത്തതായതോടെ ഇന്റര്‍നെറ്റ് സേവനം തടസപ്പെടുത്തുന്നത് വിവരങ്ങള്‍ അറിയുന്നതിനും അഭിപ്രായ പ്രകടനങ്ങള്‍ക്കുമുള്ള പൗരന്‍മാരുടെ അവകാശം ഹനിയ്ക്കുന്നതാണെന്നാണ് ആരോപണം.ഇന്റര്‍നെറ്റിലൂടെയുള്‍പ്പെടെ തടസമില്ലാതെ വിവരങ്ങള്‍ ലഭ്യമാക്കുന്നത് ജനാധിപത്യത്തിന്റെ മുഖമുദ്രയാണെന്ന് യുഎസ് സ്റ്റേറ്റ് ഡിപ്പാര്‍ട്ട്‌മെന്റ് ഉള്‍പ്പെടെ വ്യക്തമാക്കിയിരുന്നു. താല്‍ക്കാലികമായിട്ടാണെങ്കിലും ഇന്റര്‍നെറ്റ് നിരോധനം വഴി കോടിക്കണക്കിന് രൂപയുടെ നഷ്ടവുമുണ്ട്. ഐടി വ്യവസായങ്ങളെ ഉള്‍പ്പെടെ ഇതു ബാധിയ്ക്കും. 2020 ല്‍ 8,927 മണിക്കൂര്‍ ദൈര്‍ഘ്യമുള്ള ഇന്റര്‍നെറ്റ് നിരോധനമാണ് രാജ്യത്ത് നടപ്പാക്കിയത്. ഇതിലൂടെ മാത്രം ഇന്ത്യക്ക് 270 കോടി ഡോളര്‍ നഷ്ടമുണ്ടായി. മണിയ്ക്കൂറിന് രണ്ടു കോടി രൂപയാണ് ഏകദേശ നഷ്ടം.