ഗണേഷ് കുമാറിന് തിരിച്ചടി; സോളാര്‍ ഗൂഢാലോചന കേസ് റദ്ദാക്കില്ലെന്ന് ഹൈക്കോടതി, ഹര്‍ജി തള്ളി
കൊച്ചി: സോളര്‍ ഗൂഢാലോചന കേസില്‍ കെ ബി ഗണേഷ് കുമാറിന് തിരിച്ചടി. പരാതിക്കാരിയുടെ കത്ത് തിരുത്തിയെന്ന കേസില്‍ കൊട്ടാരക്കര മജിസ്‌ട്രേറ്റ് കോടതിയിലെ തുടര്‍ നടപടികള്‍ റദ്ദാക്കണമെന്ന ഹര്‍ജി ഹൈക്കോടതി തള്ളി. ഉമ്മന്‍ചാണ്ടിയുടെ ആത്മാവിന് നീതി ലഭിക്കാന്‍ കേസ് മുന്നോട്ട് പോകേണ്ടതുണ്ടെന്നും കീഴ്‌കോടതി നടപടികളില്‍ ഇടപെടാനാകില്ലെന്നും ഹൈക്കോടതി വ്യക്തമാക്കി.
ഗണേഷ് കുമാറിനെതിരെ ഉയര്‍ന്നിട്ടുള്ളത് ഗുരുതര ആരോപണങ്ങളാണ്. കേസില്‍ ഗണേഷ് കുമാറിനെതിരെ പ്രഥമദൃഷ്ട്യാ തെളിവുണ്ടെന്ന് സാക്ഷിമൊഴികളുടെ അടിസ്ഥാനത്തില്‍ കണ്ടെത്തിയാണ് നേരിട്ട് ഹാജരാകാന്‍ കൊട്ടാരക്കര ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് കോടതി സമന്‍സ് അയച്ചത്. കേസിലെ പരാതിക്കാരിയുമായി ചേര്‍ന്ന് മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിക്കെതിരെ ഗൂഢാലോചന നടത്തിയെന്നാണ് ആരോപണം. വിചാരണ ഘട്ടത്തിലാണ് മറ്റ് കാര്യങ്ങള്‍ പരിശോധിക്കണ്ടത്. ഗൂഢാലോചന ആരോപണമായി നിലനില്‍ക്കുന്നിടത്തോളം കാലം മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുടെ ആത്മാവ് പൊറുക്കില്ല. ഉമ്മന്‍ചാണ്ടിയുടെ ആത്മാവിന് നീതി ലഭിക്കണമെങ്കില്‍ കേസ് മുന്നോട്ട് പോകണം. ഗണേഷ് നിരപരാധി എങ്കില്‍ അതും ജസ്റ്റിസ് പി വി കുഞ്ഞികൃഷ്ണന്‍ വ്യക്തമാക്കി.