ദില്ലി: പശ്ചിമേഷ്യയില്‍ തല്‍ക്കാലം വെടിനിര്‍ത്തല്‍ ആവശ്യപ്പെടില്ലെന്ന നിലപാടില്‍ ഇന്ത്യ. അതേസമയം, ഇസ്രയേലിന്റെ ഹമാസിനെതിരെയുള്ള നീക്കത്തിന് ഇന്ത്യയുടെ പിന്തുണ തുടരുമെന്നും സര്‍ക്കാര്‍ വൃത്തങ്ങള്‍ പറയുന്നു. ഇസ്രയേലിനെതിരെയുള്ള യുഎന്‍ സെക്രട്ടറി ജനറലിന്റെ നിലപാട് ഇന്ത്യ ഏറ്റെടുക്കില്ല. എന്നാല്‍ ഗാസയിലെ സാധാരണക്കാരെ സൈനിക നീക്കം ബാധിക്കരുത് എന്ന് തന്നെയായിരിക്കും മുന്നോട്ട് വെക്കുന്ന ആവശ്യം.
അതേസമയം, ഇന്ത്യയുടെ നിലപാടിനെതിരെ സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി രംഗത്തെത്തി. മനുഷ്യത്വം ഉള്ളവര്‍ ഗാസയിലെ ആക്രമണം നിറുത്താന്‍ ഇടപെടണമെന്ന് സീതാറാം യെച്ചൂരി പറഞ്ഞു. ഇസ്രയേലിനെതിരെ അതിരൂക്ഷ വിമര്‍ശനവുമായി യുഎന്‍ തലവന്‍ അന്റോണിയോ ഗുട്ടറസ് രംഗത്തെത്തിയിരുന്നു. ഗാസയില്‍ കാണുന്നത് അന്താരാഷ്ട്ര നിയമങ്ങളുടെ നഗ്‌നമായ ലംഘനമാണെന്നാണ് ഗുട്ടറസ് അഭിപ്രായപ്പെട്ടത്. ഏതൊരു സായുധ പോരാട്ടത്തിലും സാധാരണക്കാര്‍ സംരക്ഷിക്കപ്പെടണമെന്നും ആരും അന്താരാഷ്ട്ര നിയമങ്ങള്‍ക്ക് അതീതരല്ലന്നും യു.എന്‍ തലവന്‍ പ്രതികരിച്ചു.
നിരപരാധികളെ മറയാക്കുന്നതോ ലക്ഷങ്ങളെ ഒറ്റയടിക്ക് ഒഴിപ്പിക്കുന്നതോ അല്ല സിവിലിയന്‍ സംരക്ഷണം. പലസ്തീന്‍ ജനതയുടെ ദുരിതങ്ങള്‍ക്ക് ഹമാസിന്റെ ആക്രമണത്തെ ഒരിക്കലും ന്യായീകരിക്കാന്‍ കഴിയില്ലെന്നും യു എന്‍ സെക്രട്ടറി ജനറല്‍ ഗുട്ടെറസ് അഭിപ്രായപ്പെട്ടു. ഒരു ഭീകരാക്രമണത്തിന്റെ പേരില്‍ പാലസ്തീന്‍ ജനതയെ ഒന്നാകെ ശിക്ഷിക്കുന്നതിനേയും ന്യായീകരിക്കാനാകില്ലെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.