സെന്‍സെക്സില്‍ 404 പോയന്റ് നേട്ടം; നിഫ്റ്റി 16,900നരികെ
മുംബൈ: തിങ്കളാഴ്ചയിലെ തകര്‍ച്ചയ്ക്കുശേഷം രണ്ടാമത്തെ ദിവസവും വിപണിയില്‍ മുന്നേറ്റം. നിഫ്റ്റി വീണ്ടും 16,800ന് മുകളിലെത്തി. സെന്‍സെക്സ് 404 പോയന്റ് നേട്ടത്തില്‍ 56,723ലും നിഫ്റ്റി 118 പോയന്റ് ഉയര്‍ന്ന് 16,889ലുമാണ് വ്യാപാരം ആരംഭിച്ചത്. ആഗോള വിപണിയിലെ നേട്ടമാണ് രാജ്യത്തെ സൂചികകളിലും പ്രതിഫലിച്ചത്.
എച്ച്സിഎല്‍ ടെക്നോളജീസ്, ടാറ്റ മോട്ടോഴ്സ്, ഹിന്ദുസ്ഥാന്‍ യുണിലിവര്‍, ഹിന്‍ഡാല്‍കോ, ബജാജ് ഫിന്‍സര്‍വ് തുടങ്ങിയ ഓഹരികളാണ് പ്രധാനമായും നേട്ടത്തില്‍. പവര്‍ഗ്രിഡ് കോര്‍പ്, ശ്രീ സിമെന്റ്സ്, ഐഒസി, എസ്ബിഐ ലൈഫ് ഇന്‍ഷുറന്‍സ്, നെസ് ലെ തുടങ്ങിയ ഓഹരികള്‍ നഷ്ടത്തിലുമാണ്. മിക്കവാറും സെക്ടറുകള്‍ നേട്ടത്തിലാണ്. ബിഎസ്ഇ മിഡ്ക്യാപ്, സ്മോള്‍ ക്യാപ് സൂചികകളും ഒരുശതമാനത്തോളം ഉയര്‍ന്നു.
കഴിഞ്ഞ ദിവസത്തെ നഷ്ടത്തില്‍നിന്ന് നേട്ടംതിരിച്ചുപിടിക്കാന്‍ മിക്കവാറും റീട്ടെയില്‍ നിക്ഷേപകര്‍ക്ക് ഇനിയും കഴിഞ്ഞിട്ടില്ല. ചെറുകിട നിക്ഷേപകരുടെ മൊത്തം ആസ്തിയില്‍ 1.81 ലക്ഷം കോടി
രൂപയുടെ ഇടിവാണ് ഉണ്ടായത്. സൂചികകള്‍ എക്കാലത്തെയും ഉയരംകുറിച്ച ഒക്ടോബര്‍ 18ലെ കണക്കുകളുമായി താരതമ്യംചെയ്യുമ്പോഴാണ് ഇത്രയും നഷ്ടമുണ്ടായത്.