പൊതുമേഖല സ്ഥാപനങ്ങള്‍ക്ക് പ്രാമുഖ്യം
നല്‍കി രാജീവും; മാസ്റ്റര്‍ പ്ലാനുകള്‍ ഒരുങ്ങുന്നു
തിരുവനന്തപുരം: രാജ്യത്ത് പല പൊതുമേഖലാ സ്ഥാപനങ്ങളും പ്രതിസന്ധിയിലാണെങ്കില്‍ കേരളത്തില്‍ സ്ഥിതി വ്യത്യസ്ഥമാണ്. ഒന്നാം പിണറായി സര്‍ക്കാരിന്റെ കാലത്ത് വ്യവസായ വകുപ്പ് കൈകാര്യം ചെയ്ത ഇപി ജയരാജന്‍ സംസ്ഥാനത്തെ പല പൊതുമേഖലാ സ്ഥാപനങ്ങള്‍ നഷ്ടത്തില്‍ നിന്ന് ലാഭത്തിലേക്ക് ഉയര്‍ത്തിക്കൊണ്ട് വന്നതാണ്. പുതിയ വ്യവസായ മന്ത്രിയായ പി രാജീവും ഇതേ വഴിയിലാണ്. പൊതുമേഖലാ വ്യവസായ സ്ഥാപനങ്ങളുടെ പുനരുദ്ധാരണത്തിനും വിപുലീകരണത്തിനുമായി വിശദമായ മാസ്റ്റര്‍ പ്ലാനുകള്‍ തയാറാക്കാനാണ് വ്യവസായ വകുപ്പ് ഒരുങ്ങുന്നത്.
ധനമന്ത്രി പി. രാജീവിന്റെ വാക്കുകള്‍: കേരളത്തിലെ പൊതുമേഖലാ വ്യവസായ സ്ഥാപനങ്ങളുടെ പ്രവര്‍ത്തനവുമായി ബന്ധപ്പെട്ട നിലവിലെ സ്ഥിതി വിലയിരുത്തുന്നതിനായി യോഗം ചേര്‍ന്നു. വ്യവസായ വകുപ്പിലെ പൊതുമേഖലാ സ്ഥാപനങ്ങളുടെ നിലവിലെ പ്രവര്‍ത്തന രീതിയും പദ്ധതികളും ഭാവിയില്‍ നടപ്പാക്കാന്‍ ഉദ്ദേശിക്കുന്ന പദ്ധതികളും വിലയിരുത്തി. എല്ലാ സ്ഥാപനങ്ങളുടെ അവയുടെ പുനരുദ്ധാരണത്തിനും വിപുലീകരണത്തിനുമായി വിശദമായ മാസ്റ്റര്‍ പ്ലാനുകള്‍ തയാറാക്കും. ഒരു മാസത്തിനുള്ളില്‍ ഇതിനുള്ള നടപടികള്‍ പൂര്‍ത്തീകരിക്കും. ഇതിനനുസരിച്ചായിരിക്കും ഭാവിയിലുള്ള സര്‍ക്കാര്‍ പദ്ധതി വിഹിതം സ്ഥാപനങ്ങള്‍ക്കായി അനുവദിക്കും.
പ്രവര്‍ത്തനമൂലധനം കണ്ടെത്തുന്നതിനായി സ്ഥാപനങ്ങള്‍ പദ്ധതികള്‍ ആവിഷ്‌കരിക്കേണ്ടതാണ്. വിപുലീകരണം, ആധുനികവല്‍ക്കരണം, നവീകരണം എന്നിവയൊക്കെ ഉള്‍പ്പെടുത്തിയായിരിക്കണം ഇത് ചെയ്യേണ്ടത്. എം.ഡി.മാരുടെ മുന്‍കാല പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തി റിപ്പോര്‍ട്ട് തയ്യാറാക്കും ഇതോടൊപ്പം സീനിയര്‍ ഉദ്യോഗസ്ഥരുടെ പെര്‍ഫോമന്‍സ് അപ്രൈസല്‍ സംവിധാനം നടപ്പിലാക്കുന്നതിനും പ്രതിമാസ പ്രവര്‍ത്തന അവലോകനം നടത്തുന്നതിനുമായുള്ള സംവിധാനവും ഉണ്ടാക്കും. പൊതുമേഖലാ വ്യവസായ സ്ഥാപനങ്ങളിലെ പി.എസ്.സി. വഴി നിയമനം നടത്താത്ത തസ്തികകളിലെ നിയമനങ്ങള്‍ കേന്ദ്രീകൃതമായി നടത്തുന്നതിനായി റിക്രൂട്ട്‌മെന്റ് ബോര്‍ഡ് രൂപീകരിക്കും. ഇതോടൊപ്പം പൊതുമേഖലാ സ്ഥാപനങ്ങളിലെ ഒഴിവുള്ള മാനേജിംഗ് ഡയറക്ടര്‍മാരുടെ ഒഴിവുകള്‍ സെലക്ഷന്‍ ബോര്‍ഡ് വഴി അടയിന്തരമായി നികത്തുന്നതാണ്. വ്യവസായങ്ങളും ഉന്നതവിദ്യാഭ്യാസ സ്ഥാപനങ്ങളും തമ്മിലുള്ള ബന്ധം ശക്തിപ്പെടുത്തുന്നതിനുള്ള നടപടികള്‍ക്ക് തുടക്കമിടല്‍.
യൂണിവേഴ്‌സിറ്റികളിലെ ഗവേഷണ വിഭാഗങ്ങളും വിവിധ കമ്പനികളുമായി ഇതിനുവേണ്ടിയുള്ള ചര്‍ച്ചകള്‍ ഉടന്‍ തന്നെ ആരംഭിക്കുന്നതായിരിക്കും. ഇതോടൊപ്പം വിവിധ സ്ഥാപനങ്ങളിലെ ഡയറക്ടര്‍ ബോര്‍ഡില്‍ മൂന്നിലൊന്ന് ആ മേഖലകളിലെ വിദഗ്ധരായിരിക്കും. ഈസ് ഓഫ് ഡ്യൂയിംഗ് ബിസ്സിനസ്സ് ഇന്‍ഡക്‌സില്‍ ആദ്യ 10 സംസ്ഥാനങ്ങളില്‍ ഒന്നായി കേരളത്തെ ഉയര്‍ത്തുന്നതിനുള്ള നടപടികള്‍ സ്വീകരിക്കും. കോവിഡ് കാലത്തെ പ്രതിസന്ധി മറികടക്കാനുള്ള ശ്രമങ്ങള്‍ നടത്തുന്നതിനും നിശ്ചയിച്ചു. യോഗത്തില്‍ വ്യവസായ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി മുഹമ്മദ് ഹനീഷ്, വിവിധ പൊതുമേഖലാ സ്ഥാപന മേധാവികള്‍ എന്നിവര്‍ പങ്കെടുത്തു.