ബിസിനസ് മാറ്റിപ്പിടിച്ച് ഊബര്‍
ബസുകള്‍ ഇന്ത്യയിലും ഉടന്‍
കോഴിക്കോട്: ഊബര്‍ ടാക്‌സി കാറുകള്‍ വിട്ട് ബസുകളിലേയ്ക്ക്. ഭക്ഷണ വിതരണ രംഗത്ത് ബിസിനസ് പാളിയെങ്കിലും പുതിയ സ്ട്രാറ്റജികളുമായി മുന്നോട്ട് പോകാന്‍ ഒരുങ്ങുകയാണ് ഊബര്‍. ഓണ്‍ലൈന്‍ ബസ് സര്‍വീസിലേയ്ക്ക് ഊബര്‍ വഴിമാറുന്ന വാര്‍ത്തകള്‍ പുറത്ത് വന്നിട്ട് കുറച്ചു നാളായി. ഊബര്‍ ബസുകള്‍ ഇന്ത്യയില്‍ എത്തുമെന്ന അഭ്യൂഹങ്ങള്‍ ശക്തമാവുകയാണ്. ഒക്ടോബറില്‍ ഊബര്‍ ഏഷ്യ പസഫിക് റീജിയന്‍ പ്രസിഡന്റ് മഹേഷ് പരമേശ്വരന്‍ ഇക്കാര്യം വ്യക്തമാക്കിയിരുന്നു. ഷെയര്‍ ടാക്‌സി മാതൃകയിലാകും ഊബര്‍ ഇന്ത്യയില്‍ ബസ് സര്‍വീസ് തുടങ്ങുക എന്നാണ് സൂചന. നിലവില്‍ ഡെല്‍ഹി, ഹൈദരാബാദ് മെട്രോ സര്‍വീസുകളുടെ ഭാഗമായി രാജ്യത്ത് ബസ് സര്‍വീസുണ്ട്. ഇതാണ് ടാക്‌സി മോഡലില്‍ വിപുലീകരിയ്ക്കുന്നത്.
ആപ്പിലൂടെ തന്നെ ബസ് യാത്രയ്ക്കായുള്ള സമയവും സ്ഥലവും ഒക്കെ തെരഞ്ഞെടുത്ത് സീറ്റ് ബുക്ക് ചെയ്യാനാകും. ഈജിപ്റ്റ്, ഉക്രൈന്‍ പോലുള്ള രാജ്യങ്ങളില്‍ ഊബര്‍ ബസ് പരീക്ഷണങ്ങള്‍ നടത്തിയിരുന്നു. ഊബര്‍ ടാക്‌സികള്‍ പോലെ തന്നെയാകും ബസുകളുടെ പ്രവര്‍ത്തനവും. കൂടുതല്‍ തിരക്കുള്ള ഇടങ്ങളില്‍ കൂടുതല്‍ ബസുകള്‍ എത്തിയേക്കും.2020 ജൂലൈയില്‍ ഈജിപ്റ്റിലാണ് ആദ്യ ഊബര്‍ ബസ് കമ്പനി അവതരിപ്പിച്ചത്. മെക്‌സിക്കോയിലും പരീക്ഷണം നടത്തി. കൊവിഡ് പ്രതിസന്ധി ഊബറിന്റെ ബിസിനസിനെ കാര്യമായി ബാധിച്ചിട്ടുണ്ട്. മൊത്തം വരുമാനവും ബുക്കിങ്ങും കുത്തനെ ഇടിഞ്ഞു. ഈ സാഹചര്യത്തിലാണ് ഷെയര്‍ ടാക്‌സി സര്‍വീസ് മോഡലിലെ ബസ് സര്‍വീസ് ഇന്ത്യന്‍ റോഡുകളിലും തുടങ്ങാന്‍ കമ്പനി പദ്ധതിയിടുന്നത്. കിലോമീറ്ററിന് കുറഞ്ഞ നിരക്കില്‍ യാത്ര ചെയ്യാന്‍ ഈ മോഡല്‍ യാത്രക്കാര്‍ക്കും സഹായകരമായേക്കും.