ഓഹരി സൂചികകളിൽ നേട്ടംതുടരുന്നു
ഇന്ന് വിപണി സൂചികയിൽ നേട്ടത്തോടെ തുടക്കം . നിഫ്റ്റി 15,800ന് മുകളിലെത്തി. ആഗോള വിപണികളിലെ നേട്ടമാണ് രാജ്യത്തെ സൂചികകളിലും പ്രതിഫലിച്ചത്. രാജ്യത്തെ കോവിഡ് ബാധിതരുടെ എണ്ണത്തിൽ വൻതോതിൽ കുറവുണ്ടായതും സംസ്ഥാനങ്ങളിൽ ലോക്ഡൗണിൽ ഇളവ് പ്രഖ്യാപിച്ചതും വിപണിക്ക് കരുത്തായി. സെൻസെക്‌സ് 151 പോയന്റ് നേട്ടത്തിൽ 52,739ലും നിഫ്റ്റി 50 പോയന്റ് ഉയർന്ന് 15,823ലുമാണ് വ്യാപാരം ആരംഭിച്ചത്.
നേട്ടത്തിൽ വ്യാപാരം നടത്തുന്ന ഓഹരികളിൽ ഹിൻഡാൽകോ, ഹീറോ മോട്ടോർകോർപ്, ഇൻഡസിൻഡ് ബാങ്ക്, ടാറ്റ സ്റ്റീൽ, ടാറ്റ മോട്ടോഴ്‌സ്, ടൈറ്റാൻ കമ്പനി, കോൾ ഇന്ത്യ, എച്ച്ഡിഎഫ്‌സി ലൈഫ്, ഹിന്ദുസ്ഥാൻ യുണിലിവർ, നെസ് ലെ, എസ്ബിഐ തുടങ്ങിയ കമ്പനികളാണ് .
അദാനി പോർട്‌സ്, ഏഷ്യൻ പെയിന്റ്‌സ്, കൊട്ടക് മഹീന്ദ്ര, ഐഒസി, പവർഗ്രിഡ് കോർപ്, എൽആൻഡ്ടി, ഡിവീസ് ലാബ്, ടെക് മഹീന്ദ്ര, എച്ച്‌സിഎൽ ടെക് തുടങ്ങിയ ഓഹരികൾ നഷ്ടത്തിലുമാണ്. മെറ്റൽ സൂചികയാണ് നേട്ടത്തിൽ മുന്നിൽ. 0.8ശതമാനം ഉയർന്നു. അപ്പോളോ ഹോസ്പിറ്റൽസ്, എച്ച്‌സിസി തുടങ്ങി 64 കമ്പനികളാണ് പാദഫലം ബുധനാഴ്ച പുറത്തുവിടുന്നത്.