പ്രമേഹ രോഗികളായ ക്ഷീര കര്‍ഷകരുടെ
മക്കള്‍ക്ക് മില്‍മ സൗജന്യ ചികിത്സ നല്‍കും
പ്രമേഹരോഗം പിടിപെടുന്ന ക്ഷീര കര്‍ഷകരുടെ 18 വയസിനു താഴെയുള്ള മക്കള്‍ക്ക് ചികിത്സക്കായി മലബാര്‍ മില്‍മ ധനസഹായം നല്‍കും. 'ക്ഷീര കാരുണ്യ ഹസ്ത' എന്നാണ് പദ്ധതിയുടെ പേര്. ടൈപ്പ് വണ്‍ പ്രമേഹ രോഗമുള്ള മലബാര്‍ മേഖലാ യൂണിയനു കീഴിലുള്ള ക്ഷീര സംഘങ്ങളില്‍ പാല്‍ നല്‍കുന്ന ക്ഷീര കര്‍ഷകരുടെ കുട്ട്രികള്‍ക്കാണ് സഹായം ലഭ്യമാകുക. പ്രമേഹരോഗ ചികിത്സക്ക് ആവശ്യമായി വരുന്ന മരുന്നിന്റെ മുഴുവന്‍ ചിലവും ഡോക്ടറുടെ ഫീസും മില്‍മ വഹിക്കും. 18 വയസിനു താഴെയുള്ള കുട്ടികളില്‍ ടൈപ്പ് വണ്‍ പ്രമേഹ രോഗം വര്‍ധിച്ചു വരികയാണെന്ന് പഠനങ്ങള്‍ വ്യക്തമാക്കുന്നു. പെണ്‍കുട്ടികളിലാണ് രോഗം അധികവും.
ക്ഷീരകര്‍ഷകര്‍ക്ക് ജനിക്കുന്ന പെണ്‍ കുഞ്ഞുങ്ങള്‍ക്ക് സാമ്പത്തിക സഹായം നല്‍കി അവരുടെ പേരില്‍ സമ്പാദ്യ പദ്ധതി ആവിഷ്‌ക്കുന്ന 'ക്ഷീര സുകന്യ' പദ്ധതിക്ക് മലബാര്‍ മേഖലാ യൂണിയന്‍ നേരത്തെ തുടക്കം കുറിച്ചിരുന്നു. കോവിഡ് രോഗം മൂലം മരണപ്പെട്ട ക്ഷീര കര്‍ഷകര്‍, ക്ഷീര സംഘങ്ങളിലെ സ്ഥിരം ജീവനക്കാര്‍ എന്നിവരുടെ ആശ്രിതര്‍ക്ക് സാമ്പത്തിക സഹായം നല്‍കുന്ന പദ്ധതി കഴിഞ്ഞ മാസമാണ് നടപ്പാക്കിയത്. ഇതിനോടം 50 കുടുംബങ്ങള്‍ക്ക് ഇത്തരത്തില്‍ ധനസഹായം നല്‍കി.
കഴിഞ്ഞ സാമ്പത്തിക വര്‍ഷം 42 കോടി രൂപ വിവിധ ക്ഷേമ പദ്ധതികള്‍ വഴി മലബാര്‍ മേഖലാ യൂണിയന്‍ ക്ഷീര കര്‍ഷകര്‍ക്കും ക്ഷീര സംഘങ്ങള്‍ക്കുമായി നല്‍കി. 1167 ക്ഷീര സംഘങ്ങളില്‍ നിന്നായി പ്രതിദിനം 7,60,000 ലിറ്റര്‍ പാല്‍ സംഭരിക്കുന്ന മില്‍മ മലബാര്‍ മേഖലാ യൂണിയന്‍ കേരളത്തിലെ ഏറ്റവും വലിയ ക്ഷീര സഹകരണ പ്രസ്ഥാനമാണ്. മലബാര്‍ മില്‍മയുടെ മൊത്തം വരുമാനത്തിന്റെ 83 ശതമാനവും പാല്‍വിലയും ക്ഷേമ പദ്ധതികളുമായി ക്ഷീര കര്‍ഷകര്‍ക്ക് വിതരണം ചെയ്യുകയാണെന്ന് ചെയര്‍മാന്‍ കെ.എസ്. മണി, മാനെജിംഗ് ഡയറക്ടര്‍ പി. മുരളി എന്നിവര്‍ അറിയിച്ചു.