ന്യൂനപക്ഷ സ്‌കോളര്‍ഷിപ്പ് വിഷയത്തില്‍ പ്രതികരണവുമായി മന്ത്രി എം വി ഗോവിന്ദന്‍.
തിരുവനന്തപുരം: ന്യൂനപക്ഷ സ്‌കോളര്‍ഷിപ്പ് വിഷയത്തില്‍ പ്രതികരണവുമായി മന്ത്രി എം വി ഗോവിന്ദന്‍. നിലവില്‍ ആനുകൂല്യം ലഭിക്കുന്ന ഒരാള്‍ക്കും അത് നഷ്ടമാകില്ലെന്നും കൂടുതല്‍ തുക വകയിരുത്തിയാണ് സര്‍ക്കാര്‍ കൂടുതല്‍ പേര്‍ക്ക് ആനുകൂല്യം നല്‍കാന്‍ ശ്രമിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. അതേസമയം ലീഗ് നേതാക്കളുടെയും പ്രതിപക്ഷ നേതാവിന്റെയും പ്രതികരണത്തോടെ മുസ്ലിം ലീഗും കോണ്‍ഗ്രസും പറയുന്നത് രാഷ്ട്രീയമാണെന്നും ഗോവിന്ദന്‍ മാസ്റ്റര്‍ കൂട്ടിച്ചേര്‍ത്തു.
ന്യൂനപക്ഷ സ്‌കോളര്‍ഷിപ് വിവാദത്തില്‍ ശക്തമായ പ്രതിഷേധമാണ് മുസ്ലിം ലീഗ് ഉയര്‍ത്തുന്നത്. മുസ്ലിം വിഭാഗത്തിന്റെ ആനുകൂല്യങ്ങള്‍ സര്‍ക്കാര്‍ വീണ്ടും വെട്ടിക്കുറച്ചെന്ന് ലീഗ് നേതാക്കള്‍ ആരോപിച്ചു. സച്ചാര്‍ കമ്മിറ്റി ശുപാര്‍ശ എല്‍ഡിഎഫ് ഇല്ലാതാക്കിയെന്ന് പി കെ കുഞ്ഞാലിക്കുട്ടി പറഞ്ഞു. സര്‍ക്കാര്‍ നിലപാടിനെ മുസ്ലിം ലീഗ് സ്വാഗതം ചെയ്യുന്നില്ലെന്നും പി കെ കുഞ്ഞാലികുട്ടി പ്രതികരിച്ചു. അതേസമയം വിഷയത്തില്‍ മുസ്ലിം ലീഗിന്റെ അഭിപ്രായം പരിഗണിക്കണമെന്നാണ് താന്‍ പറഞ്ഞതെന്നായിരുന്നു പ്രതിപക്ഷ നേതാവിന്റെ പ്രതികരണം.