ദില്ലി: വഖഫ് നിയമ ഭേദ?ഗതി ബില്‍ പാര്‍ലമെന്റില്‍ അവതരിപ്പിക്കുന്നു. കേന്ദ്രമന്ത്രി കിരണ്‍ റിജിജുവാണ് ലോക്‌സഭയില്‍ ബില്ല് അവതരിപ്പിക്കുന്നത്. ഒരു മതത്തിന്റെയും സ്വാതന്ത്ര്യത്തില്‍ കടന്ന് കയറിയിട്ടില്ലെന്ന് കിരണ്‍ റിജിജു സഭയില്‍ പറഞ്ഞു. 8 മണിക്കൂര്‍ ബില്ലിന്‍മേല്‍ സഭയില്‍ ചര്‍ച്ച നടക്കും. ശേഷം കേന്ദ്ര ന്യൂനപക്ഷകാര്യമന്ത്രി കിരണ്‍ റിജിജു സഭയില്‍ മറുപടി നല്‍കും. കേന്ദ്ര ആഭ്യന്തര മന്ത്രി അമിത്ഷായും ചര്‍ച്ചയില്‍ സംസാരിക്കും. ബില്ലിനെതിരെ ശക്തമായി പ്രതിഷേധം തുടരാനാണ് പ്രതിപക്ഷത്തിന്റെ തീരുമാനം. അതേസമയം, രാഹുല്‍ ഗാന്ധിയും പ്രിയങ്ക ഗാന്ധിയും സഭയിലില്ല.
ബില്‍ അവതരിപ്പിക്കാന്‍ മന്ത്രിയെ ക്ഷണിച്ചപ്പോള്‍ തന്നെ പ്രതിപക്ഷം പ്രതിഷേധം ഉയര്‍ത്തി. ബില്ല് അവതരണത്തില്‍ ക്രമ പ്രശ്‌നം ഉന്നയിച്ച് പ്രതിപക്ഷം. നിയമം അടിച്ചേല്‍പ്പിക്കുകയാണെന്ന് കെ സി വേണുഗോപാല്‍ പറഞ്ഞു. ഭേദഗതികളിലെ എതിര്‍പ്പുകള്‍ പറയാന്‍ അനുവദിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. യഥാര്‍ത്ഥ ബില്ലില്‍ ചര്‍ച്ച നടന്നിട്ടില്ലെന്ന് പ്രേമചന്ദ്രന്‍ ഉന്നയിച്ചു. ജെ പി സിക്ക് ഭേദഗതി നിര്‍ദ്ദേശങ്ങള്‍ ബില്ലില്‍ ചേര്‍ക്കാനാകുമോയെന്നും പ്രേമചന്ദ്രന്‍ ചോദിച്ചു. പ്രതിപക്ഷം പറഞ്ഞതനുസരിച്ചാണ് ബില്ല് ജെപിസിക്ക് വിട്ടതെന്നും ജെ പി സി റിപ്പോര്‍ട്ടിന് ക്യാബിനറ്റ് അംഗീകാരം നല്‍കിയിട്ടുണ്ടെന്നും ആഭ്യന്തരമന്ത്രി അമിത് ഷാ മറുപടി നല്‍കി. എല്ലാ നടപടിക്രമങ്ങളും പാലിച്ചിട്ടുണ്ടെന്ന് വ്യക്തമാക്കിയ അമിത് ഷാ, കോണ്‍ഗ്രസ് കാലത്തെ പോലുള്ള നടപടികളല്ലെന്നും പരിഹാസിച്ചു.
വഖഫ് സ്വത്തില്‍ അവകാശം ഉന്നയിക്കാന്‍ രേഖ നിര്‍ബന്ധമാക്കുമെന്നതാണ് ബില്ലിലെ പ്രധാന വ്യവസ്ഥകളിലൊന്ന്. സ്ത്രീകളെയും അമുസ്ലീമുകളെയും ബോര്‍ഡില്‍ ഉള്‍പ്പെടുത്താനും ബില്ല് നിര്‍ദേശിക്കുന്നു. ട്രൈബ്യൂണല്‍ വിധിയില്‍ ആക്ഷേപമുള്ളവര്‍ക്ക് ഹൈക്കോടതിയെ സമീപിക്കാമെന്നും ബില്ല് നിഷ്‌കര്‍ഷിക്കുന്നു. 5 വര്‍ഷം ഇസ്ലാം മതം പിന്തുടര്‍ന്നവര്‍ക്കേ വഖഫ് നല്‍കാനാവൂ എന്ന വ്യവസ്ഥയും ബില്ലിലുണ്ട്. വഖഫ് ബൈ യൂസര്‍ വ്യവസ്ഥക്ക് പകരം, വഖഫ് ഡീഡ് എന്ന വ്യവസ്ഥ നിര്‍ബന്ധമാക്കി. വഖഫ് സംബന്ധിച്ച ട്രൈബ്യൂണല്‍ വിധിക്കെതിരെ ഹൈക്കോടതിയെ സമീപിക്കാമെന്നും സംസ്ഥാന സര്‍ക്കാര്‍ നിയോഗിക്കുന്ന മുതിര്‍ന്ന ഉദ്യോഗസ്ഥന്‍ തര്‍ക്കങ്ങളില്‍ തീര്‍പ്പ് കല്‍പ്പിക്കുമെന്നും ബില്ലില്‍ വ്യവസ്ഥ ചെയ്യുന്നു. ജില്ലാ കളക്ടര്‍ എന്ന വ്യവസ്ഥ എടുത്ത് മാറ്റി. വഖഫ് പട്ടിക വിജ്ഞാപനം ചെയ്താല്‍ 90 ദിവസത്തിനകം വഖഫ് പോര്‍ട്ടലിലും, ഡാറ്റാബേസിലും അപ്ലോഡ് ചെയ്യണം. രജിസ്റ്റര്‍ ചെയ്യാത്ത വഖഫ് സ്വത്തുക്കള്‍ സര്‍ക്കാരിനേറ്റെടുക്കാമെന്നും ബില്ലില്‍ വ്യവസ്ഥയുണ്ട്.