കോഴിക്കോട്: രാജ്യത്തെ അത്യപൂര്‍വമായ ഫ്രോസണ്‍ എലഫന്റ്‌റ് ട്രങ്ക് സര്‍ജറി കോഴിക്കോട് ആസ്റ്റര്‍ മിംസില്‍ വിജയകരമായി പൂര്‍ത്തിയാക്കി. ഗുരുതരമായ ഹൃദ്‌രോഗത്തെ തുടര്‍ന്ന് ചികിത്സ തേടിയ കോഴിക്കോട് ചാത്തമംഗലം പാഴൂര്‍ സ്വദേശി അബ്ദുള്‍ സലാമി (55)മിനാണ് ശസ്ത്രക്രിയ നടത്തിയത്. തട്ടുകട കച്ചവടക്കാരനായ ഇദ്ദേഹത്തിന്റെ ചികിത്സാ ചിലവിനായുള്ള തുക ചാത്തമംഗലം പ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഓളിക്കല്‍ ഗഫൂറിന്റെ നേതൃത്വത്തില്‍ നാട്ടുകാരുടെ കമ്മിറ്റിയാണ് സമാഹരിച്ചത്.
കോഴിക്കോട് മെഡിക്കല്‍ കോളജില്‍വച്ച് ഹൃദയധമനികളിലെ തകരാറ് എമിലോ വാസ്‌കുലര്‍ സ്റ്റണ്ടിംഗിലൂടെ ചികിത്സിച്ച് ആഴ്ചകള്‍ പിന്നിട്ടിട്ടും മാറ്റമില്ലാത്ത സാഹചര്യത്തിലാണ് ഇദ്ദേഹം ചികിത്സ തേടി കോഴിക്കോട് ആസ്റ്റര്‍ മിംസില്‍ എത്തിയത്.
മഹാധമനിയില്‍ അന്നൂറിസം രൂപപ്പെട്ട് മഹാധമനിയില്‍ നിന്ന് തലച്ചോറിലേക്കുള്ള രക്തക്കുഴലുകള്‍ പൊട്ടാറായ നിലയിലാണ് സലാമിനെ മിംസില്‍ പ്രവേശിപ്പിച്ചിരുന്നത്. അടിയന്തര ശസ്ത്രക്രിയ നടത്തി മഹാധമനിയും തലച്ചോറിലേക്കുള്ള രക്തക്കുഴലുകളും മാറ്റിവച്ചില്ലെങ്കില്‍ രോഗിയുടെ ജീവന്‍ നഷ്ടപ്പെടുന്ന അവസ്ഥയാണ് ഉണ്ടായിരുന്നതെന്ന് ആസ്റ്റര്‍ മിംസ് സിഇഒ ലുക്മാന്‍ പൊന്‍മാടത്ത് വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
സങ്കീര്‍ണതകള്‍ നിറഞ്ഞതാണ് ഫ്രോസണ്‍ എലഫന്റ ട്രങ്ക് സര്‍ജറി. വിജയശതമാനം കുറഞ്ഞതാണ്. ഡോ. ബിജോയ് ജേക്കബിന്റെ നേത്യത്വത്തിലുള്ള മെഡിക്കല്‍ സംഘം പത്തു മണിക്കൂര്‍ കൊണ്ടാണ് ശസ്ത്രക്രി യ പൂര്‍ത്തിയാക്കിയത്. ആറുമണിക്കൂര്‍ നേരം സലാമിന്റെ ശരീരം പ്രവര്‍ത്തിച്ചത് ഹൃദയമില്ലാതെ ഹര്‍ട്ട് ലങ്ങ് മെഷിന്റെ സഹായത്തോടെയാണ്. വിദേശത്തു നിര്‍മിച്ച ഗ്രാഫ്റ്റിനു മാത്രം പതിനാലു ലക്ഷം രൂപയാണ് വില. കാല്‍ക്കോടിയോളം രൂപയാണ് സര്‍ജറിക്ക് ചെലവായത്. മിംസ് ചാരിറ്റബിള്‍ ട്രസിറ്റില്‍ നിന്ന് നല്‍കിയ ഇളവ് കഴിഞ്ഞുള്ള അത്രയും തുക നാട്ടുകാരുടെ നേതൃത്വത്തിലുള്ള കമ്മിറ്റിയാണ് സമാഹരിച്ചത്. .
തന്റെ രണ്ടാം ജന്മമാണിതെന്ന് ശസ്ത്രക്രിയക്ക് വിധേയനായ അബ്ദുള്‍ സലാം പറഞ്ഞു. ജീവന്‍ രക്ഷിച്ചതിന് ആസ്റ്റര്‍ മിം സിലെ ഡോക്ടര്‍മാരോട് അദ്ദേഹം നന്ദി പറഞ്ഞു.ഡോ. ബിജോയ് ജേക്കബ്, ഡോ.സല്‍മാന്‍ സലാഹുദ്ദീന്‍, ഡോ. സുനില്‍ രാജേന്ദ്രന്‍, ഡോ. പി. സുജാത, ചാത്തമംഗലം പഞ്ചായത്ത് പ്രസിഡന്റ് ഓളിക്കല്‍ ഗഫൂര്‍ എന്നിവരും വാര്‍ത്താ സമ്മേളനത്തില്‍ പങ്കെടുത്തു