ബംഗളൂരു: പിഡിപി ചെയര്‍മാന്‍ അബ്ദുല്‍ നാസര്‍ മഅദനിക്ക് കേരളത്തിലേക്ക് വരാന്‍ അനുമതി. ജാമ്യവ്യവസ്ഥയില്‍ ഇളവ് അനുവദിച്ച് സുപ്രീം കോടതി ജൂലൈ പത്ത് വരെ കേരളത്തില്‍ തുടരാന്‍ അനുമതി നല്‍കി. കര്‍ണാടക പൊലീസിന്റെ സുരക്ഷയിലാകും മദനി കേരളത്തില്‍ എത്തുക. ചികിത്സയടക്കം വിഷയങ്ങള്‍ ചൂണ്ടിക്കാട്ടിയാണ് അബ്ദുള്‍ നാസര്‍ മദനി ജാമ്യവ്യവസ്ഥയില്‍ ഇളവ് തേടിയത്.
കേരളത്തിലേക്ക് പോകാന്‍ അനുവദിക്കണമെന്നായിരുന്നു പ്രധാന ആവശ്യം. പിതാവിന്റെ ആരോഗ്യ നില വഷളായതിനാല്‍ അദ്ദേഹത്തെ കാണാന്‍ അനുവദിക്കണമെന്നും മദനി ഹര്‍ജിയില്‍ ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ മദനിയുടെ അപേക്ഷയെ കര്‍ണാടക സര്‍ക്കാര്‍ ശക്തമായി എതിര്‍ത്തു. വ്യവസ്ഥയില്‍ ഇളവ് നല്‍കിയാല്‍ മദനി ഒളിവില്‍ പോകുമെന്നായിരുന്നു സര്‍ക്കാരിന്റെ വാദം. എന്നാല്‍ മദനി ഒരു രാഷ്ട്രീയ പാര്‍ട്ടിയുടെ നേതാവാണെന്നും ഇളവ് അനുവദിച്ചാല്‍ ഏങ്ങോട്ടും ഓടിപ്പോകില്ലെന്നും മുതിര്‍ന്ന അഭിഭാഷകന്‍ കപില്‍ സിബല്‍, അഭിഭാഷകന്‍ ഹാരീസ് ബീരാന്‍ എന്നിവര്‍ വാദിച്ചു. തുടര്‍ന്നാണ് ജസ്റ്റിസ് അജയ് രസ്‌തോഗി അധ്യക്ഷനായ ബെഞ്ച് കേരളത്തിലേക്ക് പോകാന്‍ അനുമതി നല്‍കിയത്. കര്‍ണാടക പോലീസിന്റെ നിരീക്ഷണത്തില്‍ കേരളത്തില്‍ കഴിയാനാണ് മഅദനിക്ക് അനുമതിയുളളത്. കര്‍ണാടക പോലീസിനുള്ള ചെലവ് മഅദനി വഹിക്കേണ്ടി വരും. കേസ് ജൂലായില്‍ വീണ്ടും കോടതി പരിഗണിക്കും.