യാസ് ചുഴലിക്കാറ്റ്; പ്രധാനമന്ത്രി നാളെ പശ്ചിമ ബംഗാളും ഒഡീഷയും സന്ദര്‍ശിക്കും
ദില്ലി: യാസ് ചുഴലിക്കാറ്റ് കനത്ത നാശം വിതച്ച ഒഡീഷ, പശ്ചിമ ബംഗാള്‍ സംസ്ഥാനങ്ങളില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി വെള്ളിയാഴ്ച സന്ദര്‍ശനം നടത്തും. ആദ്യം ഭുവനേശ്വറിലാണ് പ്രധാനമന്ത്രി എത്തുക. അവിടെ അവലോകന യോഗം ചേരും. തുടര്‍ന്ന് ബാലസോര്‍, ഭദ്രക്, പൂര്‍ബ മിഡ്‌നാപൂര്‍ എന്നിവിടങ്ങളില്‍ വ്യോമനിരീക്ഷണം നടത്തും.
ഇതിനുശേഷം പശ്ചിമ ബംഗാളില്‍ നടക്കുന്ന അവലോകന യോഗത്തില്‍ പ്രധാനമന്ത്രി പങ്കെടുക്കുമെന്നും ഔദ്യോഗിക വൃത്തങ്ങള്‍ അറിയിച്ചു.
ഒഡീഷ, പശ്ചിമബംഗാള്‍, ഝാര്‍ഖണ്ഡ് സംസ്ഥാനങ്ങളില്‍ കനത്ത നാശമാണ് യാസ് ചുഴലി വിതച്ചത്. മണിക്കൂറില്‍ 145 കിലോമീറ്റര്‍ വേഗത്തില്‍ വീശിയ കാറ്റില്‍ ലക്ഷകണക്കിന് വീടുകള്‍ തകര്‍ന്നു. കടല്‍ക്ഷോഭത്തെ തുടര്‍ന്ന് ഗ്രാമങ്ങളും നഗരങ്ങളും വെള്ളത്തില്‍ മുങ്ങി. മൂന്ന് സംസ്ഥാനങ്ങളിലെയും 21 ലക്ഷത്തിലധികം ആളുകളെ സുരക്ഷിത സ്ഥലങ്ങളിലേക്ക് മാറ്റിയിട്ടുണ്ട്.