വനിതാ ലോകകപ്പ് പടിവാതിലിലെത്തി നില്‍ക്കുകയാണ്. മൂന്ന് ദിവസങ്ങള്‍ക്ക് ശേഷം, മാര്‍ച്ച് 4ന് ആതിഥേയരായ ന്യൂസീലന്‍ഡും വെസ്റ്റ് ഇന്‍ഡീസും തമ്മില്‍ നടക്കുന്ന മത്സരത്തോടെ ലോകകപ്പ് ആരംഭിക്കും. മാര്‍ച്ച് 8നാണ് ഇന്ത്യയുടെ ആദ്യ മത്സരം. അയല്‍ക്കാരായ പാകിസ്താനെയാണ് ആദ്യ മത്സരത്തില്‍ ഇന്ത്യ നേരിടുക. നിലവിലെ റണ്ണേഴ്‌സ് അപ്പ് ആയ ഇന്ത്യയുടെ ലോകകപ്പ് സാധ്യതകള്‍ ഇക്കുറി അല്പം മങ്ങിയിട്ടുണ്ടെങ്കിലും കിരീടം തന്നെയാണ് ഇന്ത്യയുടെ ലക്ഷ്യം. ഷഫാലി വര്‍മ്മയുടെ മോശം ഫോമാണ് ഇന്ത്യയെ ഏറെ വലയ്ക്കുന്നത്. ഓസ്‌ട്രേലിയക്കെതിരെ നടന്ന ടി-20 പരമ്പരയിലെ മോശം പ്രകടനങ്ങള്‍ക്ക് ശേഷമാണ് ഷഫാലി ദി ഹണ്ട്രഡിലും ബിഗ് ബാഷ് ലീഗിലും കളിക്കുന്നത്. മോശം ഹണ്ട്രഡിനും അതിലും മോശം ബിഗ് ബാഷ് ലീഗിനും ശേഷം ന്യൂസീലന്‍ഡിനെതിരെ അവരുടെ നാട്ടില്‍ നടന്ന പരിമിത ഓവര്‍ മത്സരങ്ങളിലും ഷഫാലി ഓഫ് കളറായിരുന്നു. കഴിഞ്ഞ ടി-20 ലോകകപ്പ് ഫൈനലില്‍ ഓസ്‌ട്രേലിയ ആണ് ഷഫാലിയുടെ ബാറ്റിങിലെ പിഴവ് കണ്ടെത്തി ഉപയോഗിക്കുന്നത്. മത്സരത്തില്‍ 2 റണ്‍സെടുത്ത് പുറത്തായ ഷഫാലിക്കെതിരെ പിന്നീട് ടീമുകള്‍ ഇതേ തന്ത്രം പ്രയോഗിച്ചു. പേസര്‍മാര്‍ക്കെതിരെ ബാക്ക്ഫൂട്ടില്‍ ഷഫാലിയുടെ കളി വളരെ മോശമാണെന്ന് ടീമുകള്‍ മനസ്സിലാക്കിക്കഴിഞ്ഞു. അത് ഷഫാലിയും മനസ്സിലാക്കിക്കഴിഞ്ഞു. ന്യൂസീലന്‍ഡില്‍ അഞ്ച് ഏകദിനവും ഒരു ടി-20യും കളിച്ച ഷഫാലി ആകെ എടുത്തത് വെറും 109 റണ്‍സ്. കരിയറിന്റെ തുടക്ക കാലത്ത് അനായാസം നൂറിനു മുകളില്‍ സ്‌ട്രൈക്ക് റേറ്റില്‍ സ്‌കോര്‍ ചെയ്തിരുന്ന ഷഫാലിയുടെ ഈ സീരീസിലെ സ്‌ട്രൈക്ക് റേറ്റ് വെറും 80 ആണ്.
സ്മൃതി മന്ദനയുടെ അഭാവത്തില്‍ ടി-20 അടക്കം 4 മത്സരങ്ങള്‍ ഓപ്പണറായി കളിച്ച സബ്ബിനേനി മേഘന നേടിയത് 151 റണ്‍സ്. 100നു മുകളില്‍ സ്‌ട്രൈക്ക് റേറ്റും ഉണ്ട്. മാരക ഫോമിലുള്ള സബ്ബിനേനി ലോകകപ്പില്‍ കളിച്ചില്ലെങ്കില്‍ അതിന്റെ നഷ്ടം ഇന്ത്യക്ക് തന്നെയാണ്. ബാക്ക്ഫൂട്ടിലും ഫ്രണ്ട് ഫൂട്ടിലും അനായാസം സ്‌ട്രോക്കുകള്‍ ഉതിര്‍ക്കാനുള്ള കഴിവാണ് സബ്ബിനേനിയെ വ്യത്യസ്തയാക്കുന്നത്. ലോകകപ്പില്‍ ഷഫാലിക്ക് പകരം കളിക്കേണ്ടത് സബ്ബിനേനിയാണെങ്കിലും അതിന് ടീം മാനേജ്‌മെന്റ് തയ്യാറാവുമോ എന്ന് കണ്ടെറിയണം.ടി-20 ലോകകപ്പിനു ശേഷം നിറം മങ്ങിയെങ്കിലും ദി ഹണ്ട്രഡിലും ബിഗ് ബാഷിലും ഗംഭീര പ്രകടനം നടത്തിവന്ന ജെമീമ റോഡ്രിഗസിനെ ടീമില്‍ ഉള്‍പ്പെടുത്താതിരുന്നതാണ് മറ്റൊരു തിരിച്ചടി. ടോപ്പ് ഓര്‍ഡറില്‍ ശ്രദ്ധയോടെ പിടിച്ചുനിന്ന് സ്‌കോര്‍ ഉയര്‍ത്താന്‍ കഴിവുള്ള താരമാണ് ജമീമ. നിലവിലെ ഇന്ത്യന്‍ ടീമില്‍ ഏറ്റവും കഴിവുള്ള താരങ്ങളില്‍ ഒരാള്‍. അങ്ങനെയൊരു താരമില്ലാതെ ലോകകപ്പിനു പോകുന്നത് തിരിച്ചടിയ്ക്കുമോ എന്ന് കണ്ടറിയണം. മൂന്നാം നമ്പറില്‍ ജമീമ കളിക്കേണ്ടത് ഇന്ത്യന്‍ ക്രിക്കറ്റിന്റെ വളര്‍ച്ചയ്ക്ക് പോലും സഹായകമാവും.
ശിഖ പാണ്ഡെയെ മാറ്റിനിര്‍ത്താനുള്ള തീരുമാനവും ഞെട്ടിക്കുന്നതാണ്. ഝുലന്‍ ഗോസ്വാമിക്കൊപ്പം ന്യൂ ബോള്‍ പങ്കിടുന്ന ശിഖ സമീപകാലത്തായി അത്ര മികച്ച ഫോമില്‍ അല്ലെങ്കിലും ലോകകപ്പ് പോലൊരു വേദിയില്‍ മത്സരപരിചയം വളരെ അത്യാവശ്യമാണ്. പുതുമുഖങ്ങളായ മേഘന സിംഗും രേണുക സിംഗും എത്രത്തോളം ശോഭിക്കുമെന്നതില്‍ സംശയമുണ്ട്. ന്യൂസീലന്‍ഡിനെതിരായ പ്രകടനങ്ങള്‍ തെളിയിക്കുന്നതും അതാണ്. രണ്ട് തവണ 270 കടന്നെങ്കിലും സ്‌കോര്‍ പ്രതിരോധിക്കാന്‍ ഇന്ത്യന്‍ ബൗളിംഗ് നിരയ്ക്ക് സാധിച്ചില്ല. ന്യൂസീലന്‍ഡില്‍ തന്നെയാണ് മത്സരങ്ങള്‍ നടക്കുന്നത് എന്നതിനാല്‍ ഇവരുടെ പ്രകടനങ്ങള്‍ ഇന്ത്യക്ക് വളരെ നിര്‍ണായകമാണ്.റിച്ച ഘോഷ് ആയിരുന്നു കഴിഞ്ഞ പരമ്പരയിലെ താരം. സ്ഥിരം വിക്കറ്റ് കീപ്പറായ തനിയ ഭാട്ടിയക്ക് പകരം കളിച്ച റിച്ച മധ്യനിരയില്‍ മികച്ച പ്രകടനങ്ങളാണ് നടത്തിയത്. ലോകകപ്പിലും ഇന്ത്യ റിച്ചയെത്തന്നെ പരിഗണിക്കാനാണ് സാധ്യത. മധ്യ ഓവറുകളില്‍ അനായാസം റണ്‍സുയര്‍ത്താന്‍ കഴിവുള്ള റിച്ച ടീമില്‍ നിര്‍ബന്ധമായും ഉണ്ടാവേണ്ട താരമാണ്. സ്ഥിരതയില്ലെന്നത് ഒരു പ്രശ്‌നമാണെങ്കിലും ഇമ്പാക്ട് പ്ലയറായ റിച്ച ടീമിനു മുതല്‍ക്കൂട്ടാണ്.
ഹര്‍മന്‍പ്രീത് കൗറിന്റെ തിരിച്ചുവരവ് ഇന്ത്യയ്ക്ക് ഏറെ ആശ്വാസം നല്‍കും. സമീപകാലത്തായി തുടരുന്ന മോശം ഫോമിനെ തുടര്‍ന്ന് ന്യൂസീലന്‍ഡിനെതിരായ ഒരു മത്സരത്തില്‍ പുറത്തിരിക്കേണ്ടിവന്ന ഹര്‍മന്‍ അവസാന മത്സരത്തില്‍ ഫിഫ്റ്റിയടിച്ച് ഫോമിലേക്ക് തിരികെയെത്തിയിരുന്നു. തുടര്‍ന്ന് ദക്ഷിണാഫ്രിക്കക്കെതിരായ സന്നാഹമത്സരത്തില്‍ സെഞ്ചുറിയടിച്ച് ഹര്‍മന്‍ തന്റെ ഫോം തുടര്‍ന്നു. ഒറ്റയ്ക്ക് മത്സരത്തിന്റെ ഗതി മാറ്റാന്‍ ശേഷിയുള്ള ഹര്‍മനാണ് കഴിഞ്ഞ ലോകകപ്പ് സെമിഫൈനലില്‍ ഇന്ത്യക്ക് ജയം സമ്മാനിച്ചത്. ഓസ്‌ട്രേലിയക്കെതിരെ നടന്ന മത്സരത്തില്‍ ഹര്‍മന്‍ നേടിയത് 115 പന്തില്‍ പുറത്താവാതെ 172 റണ്‍സായിരുന്നു.സ്‌നേഹ് റാണ, യസ്തിക ഭാട്ടിയ, പൂജ വസ്ട്രാക്കര്‍ തുടങ്ങി ഒരുപിടി യുവതാരങ്ങള്‍ കൂടി ഇന്ത്യക്കുണ്ട്. ഇവര്‍ക്കൊപ്പം മിതാലി രാജും സ്മൃതി മന്ദനയും ഝുലന്‍ ഗോസ്വാമിയും രാജേശ്വരി ഗെയ്ക്വാദും ദീപ്തി ശര്‍മ്മയുമൊക്കെ അടങ്ങുന്ന മുതിര്‍ന്ന താരങ്ങള്‍ കൂടിയാവുമ്പോള്‍ ഇന്ത്യ കപ്പടിക്കുമെന്ന് തന്നെ നമുക്ക് കരുതാം.