ജോജു ജോര്‍ജ്ജ് മദ്യപിച്ചിരുന്നില്ല; വൈദ്യ പരിശോധനാ ഫലം പുറത്ത്
കോണ്‍ഗ്രസിന്റെ വഴി തടയല്‍ സമരത്തിനെതിരെ പ്രതിഷേധവുമായി രംഗത്തെത്തിയ ജോജു മദ്യപിച്ചിരുന്നില്ലെന്ന വൈദ്യ പരിശോധനാ ഫലം പുറത്ത്. ജോജു മദ്യപിച്ച് ബഹളമുണ്ടാക്കി എന്നായിരുന്നു കെ സുധാകരന്റെ ആരോപണം.
ജോജു മദ്യപിച്ച് പ്രശ്നമുണ്ടാക്കുകയായിരുന്നെന്നും വനിതാ സമരക്കാരോടുള്‍പ്പെടെ അപമര്യാദയായി പെരുമാറിയെന്നും സുധാകരന്‍ ആരോപിച്ചിരുന്നു.
എന്നാല്‍ തുടര്‍ന്ന് നടത്തിയ പരിശോധനയില്‍ ജോജു മദ്യപിച്ചിട്ടില്ലെന്ന് തെളിയുകയും ചെയ്തു. സഹികെട്ടാണ് പ്രതികരിച്ചതെന്നും താന്‍ സ്ത്രീകളോട് മോശമായി പെരുമാറിയിട്ടില്ലെന്നും ജോജു പറഞ്ഞു.
തനിക്കെതിരെ മദ്യപിച്ചെന്നു പറഞ്ഞാണ് പരാതി കൊടുത്തതെന്നും താന്‍ മദ്യപിച്ചിരുന്ന ഒരാളാണെന്നും എന്നാല്‍ ഇപ്പോള്‍ മദ്യപിച്ചിട്ടില്ലെന്നും ജോജു പറഞ്ഞു. തന്റെ വണ്ടി തല്ലിപ്പൊളിച്ചെന്നും മൂന്ന് നാല് മെയ്ന്‍ നേതാക്കള്‍ തന്റെ അപ്പനേയും അമ്മയേയും പച്ചത്തെറി വിളിച്ചെന്നും അദ്ദേഹം പറഞ്ഞു.
വഴി തടയല്‍ സമരം മൂലം വൈറ്റില - ഇടപ്പള്ളി ബൈപാസില്‍ വന്‍ ഗതാഗതക്കുരുക്കുണ്ടായതിനെ തുടര്‍ന്നാണ് ആ വഴിയിലെ യാത്രക്കാരനായിരുന്ന ജോജു ജോര്‍ജ് പ്രതിഷേധവുമായി റോഡിലിറങ്ങിയത്.
ഗതാഗതം തടസപ്പെടുത്തിയുള്ള സമരത്തിനെതിരെയായിരുന്നു ജോജുവിന്റെ പ്രതിഷേധം. വാഹനത്തില്‍ നിന്നിറങ്ങിയ ജോജു സമരക്കാരുടെ അടുത്തെത്തി തന്റെ പ്രതിഷേധം അറിയിക്കുകയായിരുന്നു. ഇത് വാക്കേറ്റത്തിനും ഇടയാക്കി.
രണ്ട് മണിക്കൂറോളമായി ആളുകള്‍ കഷ്ടപ്പെടുകയാണെന്നും താന്‍ ഷോ കാണിക്കാന്‍ വന്നതല്ലെന്നും ജോജു പറഞ്ഞു. രണ്ട് മണിക്കൂറായി ആളുകള്‍ കിടന്ന് കഷ്ടപ്പെടുകയാണെന്നും ഒരു മര്യാദ വേണ്ടേ എന്നും ജോജു ജോര്‍ജ് ചോദിച്ചു. നൂറ് കണക്കിന് വാഹനങ്ങളാണ് വഴിയില്‍ കുടുങ്ങിക്കിടക്കുന്നത്.
സാധാരണക്കാരനെ ബുദ്ധിമുട്ടിച്ചുകൊണ്ട് എന്താണ് അവര്‍ നേടുന്നതെന്നും ജോജു ചോദിച്ചു. ഉപരോധം കാരണം വാഹനങ്ങളുടെ നീണ്ടനിരയാണ് റോഡിലുള്ളത്. ആശുപത്രി, ഓഫീസ് ആവശ്യങ്ങള്‍ക്കായി പോകുന്നവര്‍ മണിക്കൂറുകളായി റോഡില്‍ കുടുങ്ങികിടക്കുകയാണ്. വൈറ്റില മുതല്‍ ഇടപ്പള്ളി വരെയാണ് ഗതാഗതം തടസ്സപ്പെട്ടത്.