തിരുവനന്തപുരം: സംസ്ഥാനത്ത് നിയന്ത്രണങ്ങള്‍ കടുപ്പിക്കാന്‍ തീരുമാനിച്ച് മുഖ്യമന്ത്രിയുടെ അധ്യക്ഷതയിലുള്ള കൊവിഡ് അവലോകനയോഗം. രോഗവ്യാപനം കുതിച്ചുകയറുന്നുണ്ടെങ്കിലും സമ്പൂര്‍ണ ലോക്ക്ഡൗണ്‍ ഉണ്ടാകില്ല. നാളെ മുതല്‍ സ്‌കൂളുകള്‍ പൂര്‍ണമായും അടച്ചിടാന്‍ തീരുമാനിച്ചു. 10, 11, 12 ക്ലാസുകളും ഇനി ഓണ്‍ലൈനായിരിക്കും. വരുന്ന രണ്ട് ഞായറാഴ്ചകളില്‍ കടുത്ത നിയന്ത്രണങ്ങളുണ്ടാകും. സമ്പൂര്‍ണ അടച്ചിടല്‍ എന്നോ ലോക്ക്ഡൗണ്‍ എന്നോ വിശദീകരിക്കുന്നില്ല എങ്കിലും, പുറത്തിറങ്ങാന്‍ സാക്ഷ്യപത്രം വേണമെന്നതടക്കമുള്ള നിയന്ത്രണങ്ങള്‍ വരുന്ന രണ്ട് ഞായറാഴ്ചകളില്‍ ഉണ്ടാകും. അവശ്യ കാര്യങ്ങള്‍ക്കോ അവശ്യ സര്‍വീസുകള്‍ക്കോ മാത്രമേ പുറത്തിറങ്ങാന്‍ അനുമതിയുണ്ടാകൂ.
മാളുകളും വ്യാപാര സ്ഥാപനങ്ങളും അടച്ചിടാന്‍ തീരുമാനിക്കുന്നില്ല. പകരം ഈ സ്ഥാപനങ്ങള്‍ സ്വയം നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തണമെന്നാണ് സംസ്ഥാനസര്‍ക്കാര്‍ നിര്‍ദേശിക്കുന്നത്. തീയറ്ററുകള്‍ അടക്കം സമ്പൂര്‍ണമായി അടച്ചുപൂട്ടില്ല.ഓരോരോ ജില്ലകളിലും രോഗികളുടെ എണ്ണത്തിന് അനുസരിച്ച് പല വിഭാഗങ്ങളായി തിരിച്ച് വികേന്ദ്രീകൃതമായിട്ടാകും നിയന്ത്രണങ്ങള്‍ വരിക. ഓരോ ഇടങ്ങളിലും രോഗബാധിതരുടെ എണ്ണത്തിനും ആശുപത്രിസൗകര്യങ്ങളും അനുസരിച്ച് എങ്ങനെയുള്ള നിയന്ത്രണങ്ങള്‍ വേണമെന്ന കാര്യം അതാത് ജില്ലാ കളക്ടര്‍മാര്‍ക്ക് തീരുമാനിക്കാം. നേരത്തേ ടിപിആര്‍ അടിസ്ഥാനപ്പെടുത്തിയായിരുന്നു നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയിരുന്നത്. ഇത്തവണ അത് രോഗബാധിതരുടെ എണ്ണത്തെയും ആശുപത്രി സൗകര്യത്തെയും അടിസ്ഥാനപ്പെടുത്തിയാകും.
ഇന്നത്തെ കണക്കനുസരിച്ച് പ്രതിദിനരോഗികളുടെ വര്‍ദ്ധന പതിനായിരത്തിന് അടുത്ത് എത്തിയ തിരുവനന്തപുരത്തും, എറണാകുളത്തും കടുത്ത നിയന്ത്രണങ്ങളുണ്ടാകും എന്നുറപ്പാണ്. രണ്ടിടത്തും ഏതാണ്ട് നാല്‍പ്പതിനായിരത്തിനും അമ്പതിനായിരത്തിനും ഇടയിലാണ് കൊവിഡ് രോഗികളുടെ ആകെ എണ്ണം. ടിപിആറും അമ്പതിനോടടുത്താണ്.
മുഖ്യമന്ത്രി പിണറായി വിജയന്‍ അമേരിക്കയിലെ മയോ ക്ലിനിക്കില്‍ ചികിത്സയിലായതിനാല്‍ ഓണ്‍ലൈനായാണ് യോഗത്തില്‍ പങ്കെടുത്തത്. ആരോഗ്യമന്ത്രി വീണാ ജോര്‍ജ് അടക്കം എല്ലാ മന്ത്രിമാരും ആരോഗ്യവകുപ്പിലെ ഉന്നത ഉദ്യോഗസ്ഥരും മറ്റ് സെക്രട്ടറിമാരും യോഗത്തില്‍ പങ്കെടുത്തു. ഒന്നും രണ്ടും തരംഗങ്ങളെ അപേക്ഷിച്ച് അതിവേഗത്തില്‍ രോഗികളുടെ എണ്ണം ഉയരുന്നതാണ് മൂന്നാം തരംഗത്തില്‍ ആശങ്കയേറ്റുന്നത്. ഫെബ്രുവരി 15 വരെയുള്ള സമയം നിര്‍ണായകമാണെന്നാണ് ആരോഗ്യവകുപ്പിന്റെ വിലയിരുത്തല്‍.
ജനങ്ങളിലെ അശ്രദ്ധയും ജാഗ്രതക്കുറവും ഈ രോഗവ്യാപനത്തിന് കാരണമാണെന്ന് ആരോഗ്യമന്ത്രി പറഞ്ഞു. ക്രിസ്മസ്, പുതുവത്സരാഘോഷങ്ങള്‍ മറ്റൊരു കാരണമാണ്. മൂന്നാഴ്ചയ്ക്കുള്ളില്‍ ഈ രോഗവ്യാപനം അതിന്റെ ഉന്നതിയില്‍ എത്തുമെന്നാണ് സര്‍ക്കാരിന്റെ കണക്കുകൂട്ടല്‍. ഫെബ്രുവരി 15-നകം ഇത് പീക്കില്‍ എത്തും. ഇനി വരാനിരിക്കുന്ന ഒരു മാസം നിര്‍ണായകമാണ്. പല ജില്ലകളില്‍ പല തോതില്‍ കേസുകള്‍ ഉയരും.
സംസ്ഥാനത്ത് ഇനി ജനിതകശ്രേണി പരിശോധനയില്‍ പ്രസക്തി ഇല്ല. പക്ഷേ പുതിയ വകഭേദങ്ങള്‍ ഉണ്ടോ എന്നറിയാന്‍ പരിശോധന തുടരും. ചിന്തിക്കുന്നതിനേക്കാള്‍ വേഗത്തില്‍ തീവ്രവ്യാപനം നടക്കുന്നു. സമൂഹവ്യാപനം ഉണ്ടാകാന്‍ സാധ്യതയുണ്ട്. ഒരാഴ്ചയ്ക്കുള്ളില്‍ ഇക്കാര്യം വ്യക്തമാകുമെന്നും ആരോഗ്യമന്ത്രി പറഞ്ഞു.
ഒമിക്രോണ്‍ വൈറസ് സ്വാഭാവികമായി രോഗപ്രതിരോധശേഷി നല്‍കുന്ന രോഗബാധയാണെന്നും അത് വാക്‌സിനേഷന് തുല്യമാണെന്നും ഉള്ള തരത്തിലുള്ള വ്യാജപ്രചാരണങ്ങള്‍ നടത്തിയാല്‍ കേസെടുക്കുമെന്ന് ആരോഗ്യമന്ത്രി വീണാ ജോര്‍ജ്. ഒമിക്രോണ്‍ രോഗബാധ നിസ്സാരമായി കാണേണ്ട ഒന്നല്ല. സംസ്ഥാനത്തിപ്പോള്‍ ഡെല്‍റ്റയും ഒമിക്രോണും ഒരേപോലെ വലിയ രീതിയില്‍ വ്യാപിക്കുന്നുണ്ടെന്നും, ഒമിക്രോണ്‍ വളരെ വേഗത്തിലാണ് പടരുന്നതെന്നും വീണാ ജോര്‍ജ് വ്യക്തമാക്കി.
ഡെല്‍റ്റയേക്കാള്‍ 1.6 ഇരട്ടി വേഗത്തിലാണ് ഒമിക്രോണ്‍ വ്യാപിക്കുന്നതെന്നാണ് ആരോഗ്യമന്ത്രി മുന്നറിയിപ്പ് നല്‍കുന്നത്. ആശുപത്രിയിലാകുന്ന രോഗികളുടെ എണ്ണം ഉയരുമെന്ന് തന്നെയാണ് സംസ്ഥാനസര്‍ക്കാര്‍ കണക്ക് കൂട്ടുന്നത്. നിലവില്‍ സംസ്ഥാനത്ത് ലഭ്യമായ സര്‍ക്കാര്‍, സ്വകാര്യമേഖലയിലെ ഐസിയു കിടക്കകളുടെ കണക്കും വെന്റിലേറ്ററുകളുടെ കണക്കും ആരോഗ്യമന്ത്രി വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. നിലവില്‍ സംസ്ഥാനത്ത് സര്‍ക്കാര്‍ മേഖലയില്‍ 3107 ഐസിയു കിടക്കകള്‍ ഉണ്ട്. സ്വകാര്യമേഖലയില്‍ ഉള്ളത് 7468 ഐസിയു കിടക്കകളാണ്. സര്‍ക്കാര്‍ മേഖലയില്‍ 2293 വെന്റിലേറ്ററുകളും ലഭ്യമാണെന്നും ആരോഗ്യമന്ത്രി വ്യക്തമാക്കി.
രോഗബാധ അതിന്റെ ഏറ്റവും ഉന്നതിയില്‍ എത്തുന്നത് വൈകിപ്പിക്കുക എന്നതായിരുന്നു ആദ്യ രണ്ട് തരംഗങ്ങളില്‍ സംസ്ഥാനം സ്വീകരിച്ച രീതി. സംസ്ഥാനത്ത് ഡെല്‍റ്റ വകഭേദം മൂലം ഉണ്ടായ വലിയ രോഗവ്യാപനത്തിന്റെ പീക്ക് അവസാനിക്കുന്നതിന് മുമ്പാണ് ഒമിക്രോണ്‍ വ്യാപനമുണ്ടായതെന്ന് വീണാ ജോര്‍ജ് പറയുന്നു. അതിനാല്‍ ജാഗ്രത വേണം. ആദ്യരണ്ട് തരംഗങ്ങളില്‍ നിന്ന് വിഭിന്നമാണ് ഇത്തവണ. തുടക്കത്തില്‍ത്തന്നെ അതിതീവ്രവ്യാപനമാണ് ഉണ്ടാകുന്നത്. അതിനാല്‍ത്തന്നെ അതീവജാഗ്രത അത്യാവശ്യമാണെന്നും ആരോഗ്യമന്ത്രി വീണാ ജോര്‍ജ് വ്യക്തമാക്കുന്നു.