ബസ് ചാർജ് മിനിമം 10 രൂപയായേക്കും; നിരക്ക് കൂട്ടാൻ എൽഡിഎഫ് അനുമതി
തിരുവനന്തപുരം: ബസ് ചാർജ് മിനിമം 10 രൂപയാക്കിയേക്കും. ബസ് യാത്രാ നിരക്ക് വർധിപ്പിക്കാൻ ഇടതുമുന്നണി നേതൃയോഗം സർക്കാരിന് അനുമതി നൽകി. വർധനയുടെ വിശദാംശങ്ങൾ തീരുമാനിക്കാൻ മുഖ്യമന്ത്രി പിണറായി വിജയനെയും ഗതാഗത മന്ത്രി ആന്റണി രാജുവിനെയും
എൽഡിഎഫ് യോഗം ചുമതലപ്പെടുത്തി.
ജനങ്ങളെ വല്ലാതെ ബാധിക്കാത്ത തരത്തിൽ, മന്ത്രിസഭയിൽ ചർച്ച ചെയ്ത് തീരുമാനം കൈക്കൊള്ളാനാണ് ഇടതുമുന്നണി നിർദേശിച്ചത്. മിനിമം നിരക്ക് 10 രൂപയായി വർധിപ്പിക്കാനാണ് ഗതാഗത വകുപ്പ് തത്വത്തിൽ തീരുമാനിച്ചിരിക്കുന്നത്. സ്വകാര്യ ബസുകൾക്കൊപ്പം കെഎസ്ആർടിസിയിലും നിരക്ക് ഉയരും.
വിദ്യാർത്ഥികളുടെ നിരക്ക് കൂട്ടുന്നതിനെ എൽഡിഎഫ് അനുകൂലിച്ചില്ലെങ്കിലും നേരിയ വർധനയുണ്ടാകും. 2020 ജൂലൈ 3നാണ് അവസാനമായി നിരക്ക് വർധിപ്പിച്ചത്. അന്ന് മിനിമം നിരക്ക് 8 രൂപയായി നിലനിർത്തിയെങ്കിലും സഞ്ചരിക്കാവുന്ന ദൂരം 5 കിലോമീറ്ററിൽ നിന്നു രണ്ടര കിലോമീറ്ററായി കുറച്ചു. അതു കഴിഞ്ഞുള്ള ഓരോ കിലോമീറ്ററിനും 70 പൈസ എന്ന നിരക്ക് 90 പൈസയാക്കിയിരുന്നു.
കോവിഡ് കണക്കിലെടുത്തുള്ള ഈ താൽക്കാലിക വർധന അതേപടി നിലനിർത്തിയാകും വീണ്ടും നിരക്ക് വർധിപ്പിക്കുക. ജസ്റ്റിസ് രാമചന്ദ്രൻ കമ്മിഷൻ 2020 ജൂണിൽ നൽകിയ റിപ്പോർട്ട് അനുസരിച്ചാണ് മിനിമം നിരക്ക് 8 രൂപയിൽ നിന്ന് 10 ആക്കുന്നത്.