ബഹിരാകാശത്ത് ഷൂട്ട് കഴിഞ്ഞ് റഷ്യന്‍ സിനിമ സംഘം ഭൂമിയില്‍ തിരിച്ചെത്തി


 


ബഹിരാകാശത്തെ ആദ്യ സിനിമ ചിത്രീകരണം പൂര്‍ത്തിയാക്കി റഷ്യന്‍ 'ക്രൂ' ഭൂമിയില്‍ തിരിച്ചെത്തി. അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിലെ 12 ദിവസത്തെ ഷൂട്ടിന് ശേഷമാണ് മൂന്നുപേര്‍ അടങ്ങിയ റഷ്യന്‍ സംഘം ഭൂമിയില്‍ തിരിച്ചെത്തിയത്. 'ചലഞ്ച്' എന്ന സിനിമയുടെ ഷൂട്ടിങ്ങിനായാണ് നടി യൂലിയ പെരെസില്‍ഡും സംവിധായകന്‍ ക്ലിം ഷിപെങ്കോയും ചരിത്രത്തില്‍ ആദ്യമായി ബഹിരാകാശ യാത്ര നടത്തിയത്.  റഷ്യയുടെ സോയൂസ് ബഹിരാകാശപേടകത്തിലാണ് യൂലിയ പെരെസില്‍ഡ്, സംവിധായകന്‍ ക്ലിം ഷിപെങ്കോ (38), ബഹിരാകാശയാത്രികനും യാത്രാസംഘത്തിന്റെ കമാന്‍ഡറുമായ ആന്റണ്‍ ഷ്‌കാപെലെറോവ് എന്നിവരടങ്ങിയ മൂവര്‍ സംഘം തിരിച്ചെത്തിയത്. 

ബഹിരാകാശം പശ്ചാത്തലമാക്കിയുള്ള സിനിമയാണു ചാലഞ്ച്. ഭൂമിയെ ഭ്രമണം ചെയ്യുന്ന ബഹിരാകാശപേടകത്തിലെ യാത്രികനായ ഇവാനോവിന് പെട്ടെന്ന് അസുഖം വന്ന് നില അപകടത്തിലാകുമ്പോള്‍ ചികിത്സിക്കാനെത്തുന്ന ഡോക്ടര്‍ ഷെന്യ എന്ന കാര്‍ഡിയാക് സര്‍ജന്റെ റോളാണ് യൂലിയ ചെയ്യുന്നത്. ബഹിരാകാശത്തു നടത്തുന്ന കാര്‍ഡിയാക് സര്‍ജറി എന്നതാണു ചിത്രത്തിന്റെ പ്രമേയം.

റഷ്യയില്‍ സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള ചാനലായ ചാനല്‍ വണ്ണാണ് സിനിമയുടെ നിര്‍മാണം. റഷ്യന്‍ ബഹിരാകാശ ഏജന്‍സിയായ റോസ്‌കോമോസിന്റെ മേധാവി ഡിമിത്രി റോഗോസിന്റെ നേതൃത്വത്തിലായിരുന്നു സ്‌പേസ് ഷൂട്ടിങ് ആവിഷ്‌കരിച്ച് നടപ്പിലാക്കിയത് എന്നാണ് സിനിമയുടെ അണിയറക്കാര്‍ പറയുന്നത്. റോസ്‌കോമോസിനുള്ളില്‍നിന്നും റഷ്യന്‍ മാധ്യമങ്ങളില്‍നിന്നും സിനിമ ഷൂട്ടിംഗിനെതിരെ വിമര്‍ശനം വന്നിരുന്നു. എന്നാല്‍ ലോകത്തിനു മുന്നില്‍ റഷ്യയുടെ ബഹിരാകാശക്കരുത്തിനെ ഉയര്‍ത്തിക്കാട്ടാനുള്ള അവസരമായിട്ടാണ് റഷ്യന്‍ ബഹിരാകാശ ഏജന്‍സി ഇതിനെ കണ്ടത്. സിനിമയുടെ തിരക്കഥ ബഹിരാകാശ യാഥാര്‍ഥ്യങ്ങളുമായി പൊരുത്തപ്പെടുന്ന രീതിയില്‍ റോഗോസിന്‍ എഡിറ്റിങ് നടത്തുകയും ചെയ്തിരുന്നു. 

ബഹിരാകാശത്ത് സിനിമ ഷൂട്ടു ചെയ്യാനുള്ള നടപടി ആദ്യം ആരംഭിച്ചത് നാസയാണ്. ഇതിനുവേണ്ടി ടോം ക്രൂസുമായി നാസ അധികൃതര്‍ ചര്‍ച്ചയും നടത്തിയിരുന്നു. ബഹിരാകാശ രംഗത്തെ വമ്പന്‍ യുഎസ് കമ്പനിയായ സ്‌പേസ് എക്‌സിന്റെ ഉടമ ഇലോന്‍ മസ്‌കും സംരംഭത്തില്‍ പങ്കുചേര്‍ന്നിരുന്നു. ഡഗ് ലീമനാണ് ഈ പദ്ധതിയുടെ നിര്‍മ്മാതാവ്. ഒരു മുഴുനീള സ്‌പേസ് അഡ്വഞ്ചര്‍ ചിത്രമായിരുന്നു എല്ലാവരുടെയും മനസ്സില്‍. ടോംക്രൂസ് ഇതിനു വേണ്ടിയുള്ള തയാറെടുപ്പുകള്‍ നടത്തിവരുകയാണ് എന്നാണ് റിപ്പോര്‍ട്ട്.
 

Recent Updates

IIIISI


 

 

Happy Onam

Happy Vishu

 Happy Republic Day

0 Comments

Leave a reply

Social Media