പുതുവത്സരം പ്രമാണിച്ച് കൂടുതല്‍ നിയന്ത്രണങ്ങള്‍, ഇന്ന് പരിശോധന കടുപ്പിക്കാന്‍ പൊലീസ്
കൊച്ചി: പുതുവത്സരം പ്രമാണിച്ച് സംസ്ഥാനത്ത് ഇന്ന് രാത്രികാല നിയന്ത്രണങ്ങള്‍ കൂടുതല്‍ കടുപ്പിക്കും. പത്ത് മണിക്ക് ശേഷം പൊലീസ് പരിശോധന ശക്തമാക്കും. ആള്‍ക്കൂട്ടങ്ങള്‍ ഒത്ത് ചേരുന്ന ഒരു പരിപാടിയും പത്ത് മണിക്ക് ശേഷം അനുവദിക്കില്ല. അത്യാവശ്യകാര്യങ്ങള്‍ക്ക് മാത്രമേ പുറത്തിറങ്ങാകൂ. പുറത്ത് ഇറങ്ങുന്നവര്‍ സ്വയം തയ്യാറാക്കിയ സാക്ഷ്യപത്രം കയ്യില്‍ കരുതണം. ദേവാലയങ്ങള്‍ക്കും നിയന്ത്രണം ബാധകമാണ്. ഹോട്ടലുകളും റസ്റ്റോറന്റുകളും ബാറുകളും ക്ലബ്ബുകളും പത്ത് മണിയോടെ അടക്കണം. ഇന്നലെ രാത്രി പത്ത് മണിയോടെയാണ് സംസ്ഥാനത്ത് രാത്രികാല നിയന്ത്രണം പ്രാബല്യത്തില്‍ വന്നത്. ഇന്നലെ പിഴ അടക്കമുള്ള കടുത്ത നടപടികള്‍ മിക്കയിടങ്ങളിലും പൊലീസ് ഒഴിവാക്കിയിരുന്നെങ്കിലും, ഇന്ന് വിട്ടുവീഴ്ചയുണ്ടാകില്ല. ഒമിക്രോണ്‍ കണക്കിലെടുത്ത് ഞായറാഴ്ച വരെയാണ് രാത്രികാല നിയന്ത്രണം.
ഒമിക്രോണ്‍ ഭീതിയില്‍ സര്‍ക്കാര്‍ പ്രഖ്യാപിച്ച രാത്രികാല കര്‍ഫ്യൂവും ഡിജെപാര്‍ട്ടികള്‍ക്ക് ഏര്‍പെടുത്തിയ നിയന്ത്രണവും ഏറ്റവും അധികം ബാധിച്ചിരിക്കുന്നത് ഹോട്ടലുകളെയും ക്ലബ്ബുകളെയുമാണ്. പുതുവത്സരാഘോഷത്തിന് സംസ്ഥാനത്തേക്ക് വരാനിരുന്ന ടൂറിസ്റ്റുകളില്‍ പലരും ബുക്കിംഗ് ഒഴിവാക്കി. ഹോട്ടലുകളില്‍ പകുതിലേറെയും മുറികള്‍ ഒഴിഞ്ഞുകിടക്കുകയാണ്.
കൊവിഡ് നിയന്ത്രണവും ഡിജെ പാര്‍ടികളിലെ ലഹരി ഉപയോഗത്തിനെതിരെയുള്ള പൊലീസിന്‌റെ കര്‍ശന നിലാപടുമാണ് പ്രധാന കാരണം. മിസ് കേരള അടക്കം കൊല്ലപ്പെട്ട കാറപകടത്തെ തുടര്‍ന്ന് കൊച്ചി നഗരത്തില് ഡിജെ പാര്‍ട്ടികള്‍ക്ക് പൊലീസ് കര്‍ശന നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയിരുന്നു.ഡിജെ പാര്‍ട്ടിക്കിടെ ആരെങ്കിലും ലഹരി ഉപയോഗിച്ചാല്‍ ഹോട്ടല്‍ ഉടമകളെ കൂടി പ്രതി ചേര്‍ക്കുമെന്നും മുന്നറിയിപ്പുണ്ടായി. പാര്‍ട്ടികള്‍ക്ക് പത്ത് മണിവരെ സമയപരിധിയും നിശ്ചയിച്ചു. ഇതിന് പിന്നാലെയാണ് സര്‍ക്കാര്‍ രാത്രികാല കര്‍ഫ്യൂവും നടപ്പിലാക്കുന്നത്.
രാത്രി പത്ത് മണിക്ക് ശേഷം കൂട്ടം ചേരാന്‍ പാടില്ലെന്ന നിര്‍ദ്ദേശത്തോടെ ഡിജെ പാര്‍ട്ടികള്‍ തന്നെ പലരും വേണ്ടെന്നും വെച്ചു. പുലര്‍ച്ചെ വരെ നീളുന്ന ആഘോഷങ്ങള്‍ നടക്കില്ലെന്ന് വന്നതോടെ വിദേശികളും ഇതരസംസ്ഥാനങ്ങളില്‍ന നിന്നുള്ള ടൂറിസ്റ്റുകളും കേരളത്തിലേക്കുള്ള സന്ദര്‍ശനം ഒഴിവാക്കി തുടങ്ങി. ലോക്ഡൗണില്‍ നിന്നും കരകയറി തുടങ്ങുന്ന ഹോട്ടലുകള്‍ക്ക് ഇത് സമ്മാനിച്ചത് വലിയ തിരിച്ചടിയാണ്.
നിയന്ത്രണങ്ങള്‍ കര്‍ശനമായി നടപ്പാക്കാനുള്ള പൊലീസിന്റെയും സര്‍ക്കാരിന്‌റെയും തീരുമാനം പൊതുസ്ഥലത്തെ ആഘോഷങ്ങള്‍ക്കും കടിഞ്ഞാണിടും. ബീച്ചുകള്‍ ,ഷോപ്പിംഗ് മാളുകള്‍. പാര്‍ക്കുകള്‍, ക്ലബ്ബുകള്‍ എന്നിവിടങ്ങളില്‍ സെക്ടറല്‍ മജിസ്‌ട്രേറ്റുമാരെ നിയോഗിച്ച് ആഘോഷങ്ങള്‍ നിയന്ത്രിക്കാന്‍ സര്‍ക്കാര്‍ ഉത്തരവിറക്കികഴിഞ്ഞു. രാത്രി പത്ത് മണിക്ക് ശേഷം അതാവശ്യ കാര്യങ്ങള്‍ക്ക് മാത്രമേ പുറത്തിറങ്ങാവൂ എന്നാണ് ചട്ടം. ഇതോടെ പുതുവത്സരാഘോഷങ്ങള്‍ വീടുകളില്‍ തന്നെ ഒതുക്കേണ്ടി വരും.