സൈബര്‍ ലോകത്ത് പണം തട്ടിപ്പിന്റെ വാര്‍ത്തകള്‍ ദിനംപ്രതി വരുന്നു. മോഷ്ടാക്കള്‍ ഓരോ ദിവസവും പുതിയ പുതിയ കെണികള്‍ വിരിച്ചാണ് തട്ടിപ്പ് നടത്തുന്നത്. അടുത്തിടെയായി വിഡിയോ കോളിലൂടെയാണ് പണം തട്ടിപ്പ് നടക്കുന്നത്. അത് സംബന്ധിച്ച പരാതികള്‍ വ്യാപകമായതോടെ കേരളാ പൊലീസ് തന്നെ ജാഗ്രതാ നിര്‍ദേശം നല്‍കി രംഗത്ത് വന്നിട്ടുണ്ട്.
തട്ടിപ്പ് രീതി എങ്ങനെയാണ്.
അപരചിതര്‍ സോഷ്യല്‍ മീഡിയയില്‍ വിഡിയോ കോള്‍ ചെയ്യും. പെട്ടെന്ന് വിഡിയോ കോള്‍ വരുമ്പോള്‍ ആരാണെങ്കിലും കോള്‍ എടുക്കും. മറുതലയ്ക്കല്‍ നഗ്‌നമായി നില്‍ക്കുന്ന സ്ത്രീയോ പുരുഷനോ ആകും. വിഡിയോ കോളില്‍ നമ്മുടെ മുഖം തെളിയുന്നതോടെ അവര്‍ ഇത് സ്‌ക്രീന്‍ഷോട്ട് ആക്കും. സ്‌ക്രീന്‍ഷോട്ടില്‍ നാം നഗ്‌നരായി നില്‍ക്കുന്ന അപരിചിതരുമായി വിഡിയോ കോള്‍ ചെയ്യുന്നത് പോലെയാകും. ഈ സ്‌ക്രീന്‍ഷോട്ട് ഉപയോഗിച്ചാണ് പിന്നീടുള്ള ബ്ലാക്ക്മെയിലിംഗ്.
സോഷ്യല്‍ മീഡിയ കോണ്‍ടാക്റ്റുകളുടെ സമഗ്രമായ വിശകലനത്തിന് ശേഷമാണ് ഇത്തരം കോളുകള്‍ വിളിക്കുന്നതെന്ന് കേരളാ പൊലീസിന്റെ ഫേസ്ബുക്ക് പോസ്റ്റില്‍ പറയുന്നു. അതിനാല്‍ പണം നല്‍കാനുള്ള സമ്മര്‍ദ്ദം സൃഷ്ടിക്കുന്ന ചിത്രങ്ങള്‍ നിങ്ങളുടെ സുഹൃത്തുക്കള്‍ക്കും ബന്ധുക്കള്‍ക്കും അയയ്ക്കാന്‍ അവര്‍ക്ക് കഴിയും. അപരിചിതരില്‍ നിന്നുള്ള വീഡിയോ കോളുകള്‍ക്ക് മറുപടി നല്‍കരുതെന്നത് മാത്രമാണ് ഇതില്‍ നിന്ന് രക്ഷപ്പെടാനുള്ള വഴി പോംവഴിയെന്ന് പൊലീസ് പോസ്റ്റില്‍ കുറിച്ചു.