യൂറോ കപ്പില്‍ കളിച്ച ഫിന്‍ലന്‍ഡ് താരം എടികെ മോഹന്‍ബഗാനിലേക്ക്
കോഴിക്കോട്്:ഇപ്പോള്‍ നടന്നുകൊണ്ടിരിക്കുന്ന യൂറോ കപ്പില്‍ ഫിന്‍ലന്‍ഡിനായി ബൂട്ടണിഞ്ഞ മധ്യനിര താരം ജോണി കൗകോ ഇന്ത്യന്‍ സൂപ്പര്‍ ലീഗ് ക്ലബ്ബായ എടികെ മോഹന്‍ ബഗാനിലേക്ക്. കുറച്ച് കാലം മുന്‍പ് തന്നെ ഇത്തരത്തില്‍ അഭ്യൂഹങ്ങള്‍ ഉയര്‍ന്നിരുന്നെങ്കിലും ഇപ്പോള്‍ ഇത് ഏറെക്കുറെ സ്ഥിരീകരിക്കപ്പെട്ടിരിക്കുകയാണ്.
2008 ല്‍ ഫിന്‍ലന്‍ഡ് ക്ലബ്ബായ ഇന്റര്‍ ടുര്‍ക്കുവിലൂടെയാണ് കൗകോ പ്രൊഫഷണല്‍ കരിയര്‍ ആരംഭിച്ചത്. ജെര്‍മ്മന്‍ ക്ലബ്ബായ എഫ് എസ് വി ഫ്രാങ്ക്ഫര്‍ട്, ഡെന്മാര്‍ക്ക് ക്ലബ്ബായ റാന്‍ഡേഴ്‌സ്, എസ്‌ബെഗ് എന്നിവിടങ്ങളിലും കളിച്ചിട്ടുണ്ട്. എസ്‌ബെഗിലാണ് അവസാനം കളിച്ചത്. നിലവില്‍ ഫ്രീ ഏജന്റാണ്. ആകെ 331 തവണ ക്ലബ് മത്സരങ്ങളില്‍ ഇറങ്ങിയ താരം 38 ഗോളുകളാണ് ഇതുവരെ നേടിയിട്ടുള്ളത്. ഫിന്‍ലന്‍ഡിന്റെ അണ്ടര്‍ 16, 18, 19, 21 ടീമുകള്‍ക്ക് വേണ്ടി കളിച്ചിട്ടുള്ള ഈ മുപ്പതുകാരന്‍ സീനിയര്‍ ടീമിനായി 27 തവണ കളത്തിലിറങ്ങിയിട്ടുണ്ട്.
വരുന്ന ഐഎസ്എല്‍ സീസണു മുന്നോടിയായി ടീം അഴിച്ചുപണിയുകയാണ് എടികെ. യുവതാരം കോമള്‍ തട്ടാല്‍, ജയേഷ് റാണെ, മൈക്കല്‍ സൂസൈരാജിന്റെ സഹോദരന്‍ മൈക്കല്‍ റെജിന്‍ എന്നിവരെ കഴിഞ്ഞ ആഴ്ച ക്ലബ് റിലീസ് ചെയ്തിരുന്നു. മുംബൈ സിറ്റി എഫ്‌സി ക്യാപ്റ്റന്‍ അമരീന്ദര്‍ സിംഗിനെ എടികെ ടീമില്‍ എത്തിക്കുകയും ചെയ്തു. അഞ്ച് വര്‍ഷത്തെ കരാറിലാണ് താരം എടികെയിലെത്തുന്നത്. ഹൈദരാബാദ് എഫ്‌സിയ്ക്കായി കഴിഞ്ഞ സീസണില്‍ ഗംഭീര പ്രകടനം നടത്തിയ ലിസ്റ്റണ്‍ കൊളാസോയെ ഒരു കോടിയോളം രൂപ മുടക്കി ക്ലബ് ടീമില്‍ എത്തിച്ചെന്നും റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു.