'സുഗന്ധവിളകളും സുഗന്ധവ്യഞ്ജനങ്ങളും'
അന്താരാഷ്ട്ര സിമ്പോസിയം ഫെബ്രുവരിയില്‍
കോഴിക്കോട്: സുഗന്ധവ്യഞ്ജനങ്ങളും സുഗന്ധവിളകളും എന്ന വിഷയത്തില്‍ അന്താരാഷ്ട്ര സിമ്പോസിയം 2021 ഫെബ്രുവരി 9 മുതല്‍ 12 വരെ നടക്കും. ഇരുപതിലധികം രാജ്യങ്ങളില്‍നിന്നുള്ള വിദഗ്ധര്‍ പങ്കെടുക്കും.കോഴിക്കോടുള്ള ഇന്ത്യന്‍ സൊസൈറ്റി ഓഫ് സ്‌പൈസസ്, രാജസ്ഥാനിലെ അജ്മീറിലുള്ള ഇന്ത്യന്‍ സൊസൈറ്റി ഓഫ് സീഡ് സ്പൈസസ്, സ്പൈസസ് ബോര്‍ഡ് എന്നിവ സംയുക്തമായി സംഘടിപ്പിക്കുന്ന ഓണ്‍ലൈന്‍ സിമ്പോസിയം സുഗന്ധ വ്യഞ്ജന ഗവേഷണ രംഗത്തെ പ്രധാന ഗവേഷണ വിഷയങ്ങള്‍ ചര്‍ച്ച ചെയ്യും. വിദഗ്ധര്‍ പേപ്പറുകള്‍ അവതരിപ്പിക്കും.
ശാസ്ത്രജ്ഞരുടെയുംവിദഗ്ധരുടെയും നൂതനമായ ആശയങ്ങളും സിമ്പോസിയത്തില്‍ അവതരിപ്പിക്കും. ഗവേഷകര്‍ക്കും വിദ്യാര്‍ത്ഥികള്‍ക്കും പരിപാടിയില്‍ പങ്കെടുക്കാം. സിമ്പോസിയത്തില്‍ പങ്കെടുക്കാന്‍ റജിസ്റ്റര്‍ചെയ്യേണ്ട അവസാന തീയതി ജനുവരി 31 ആണ്. സിമ്പോസിയത്തില്‍ പങ്കെടുക്കാന്‍ നാനൂറിലധികം ഡെലിഗേറ്റുകള്‍ ഇതുവരെ രജിസ്റ്റര്‍ ചെയ്തിട്ടുണ്ടെന്നു പരിപാടിയുടെ ജനറല്‍ ചെയര്‍മാനും ഇന്ത്യന്‍ സൊസൈറ്റി ഫോര്‍ സ്‌പൈസസ് പ്രസിഡന്റുമായ ഡോ സന്തോഷ് ജെ. ഈപ്പന്‍ പറഞ്ഞു.
സുഗന്ധവ്യഞ്ജനങ്ങള്‍, സുഗന്ധവ്യഞ്ജന രസതന്ത്രം, സുഗന്ധവ്യഞ്ജന സംസ്‌കരണം, മൂല്യവര്‍ദ്ധനവ്, സസ്യ ആരോഗ്യത്തിനും പരിസ്ഥിതിക്കും വേണ്ടിയുള്ള നൂതന സാങ്കേതികവിദ്യകള്‍, ഭക്ഷ്യ സുരക്ഷ എന്നിവയുള്‍പ്പെടെ വിവിധ സെഷനുകള്‍ പരിപാടിയുടെ ഭാഗമായി നടക്കും.സുഗന്ധ്യ വ്യഞ്ജന വ്യാപാരരംഗത്തു പ്രവര്‍ത്തിക്കുന്നതും പ്രവര്‍ത്തിക്കാന്‍ താല്പര്യമുള്ളതുമായ പലരാജ്യങ്ങളില്‍നിന്നുമുള്ള പ്രതിനിധികള്‍ സിമ്പോസിയത്തില്‍ പങ്കെടുക്കുമെന്ന് ജനറല്‍ കണ്‍വീനറായ ഡോ ഡി പ്രസാദ് പറഞ്ഞു. ഈ മേഖലയിലെ ഏറ്റവും പുതിയ സംഭവവികാസങ്ങള്‍ സിമ്പോസിയം ചര്‍ച്ച ചെയ്യും.
ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് അഗ്രികള്‍ച്ചറല്‍ റിസര്‍ച്ച്, ഭാരതീയ സുഗന്ധവിള ഗവേഷണ കേന്ദ്രം, ഐസിഎ ആര്‍-നാഷണല്‍ റിസര്‍ച്ച് സെന്റര്‍ ഓണ്‍ സീഡ് സ്‌പൈസസ്, അടയ്ക്ക സുഗന്ധവിള ഗവേഷണകേന്ദ്രം എന്നിവയുമായി സഹകരിച്ചാണ് പരിപാടി ആസൂത്രണം ചെയ്യുന്നത്. കൂടുതല്‍ വിവരങ്ങള്‍ക്കും രജിസ്‌ട്രേഷനും, http://www.symsac.in സന്ദര്‍ശിക്കാം.