കോഴിക്കോട്: പെട്രോള്‍, ഡീസല്‍ വില വര്‍ധന അടുത്തയാഴ്ചയോടെ പുനരാരംഭിച്ചേക്കും. രാജ്യാന്തര വിപണിയില്‍ അസംസ്‌കൃത എണ്ണവില ബാരലിന് 110 ഡോളറിലെത്തിയതോടെ പെട്രോള്‍, ഡീസല്‍ വിലകളില്‍ ലിറ്ററിന് ഒമ്പതുരൂപയെങ്കിലും കൂടുമെന്നാണ് വിലയിരുത്തല്‍. റഷ്യയില്‍നിന്നുള്ള എണ്ണ-വാതക വിതരണം തടസ്സപ്പെടുമെന്ന ആശങ്കയാണ് അന്താരാഷ്ട്ര വിപണിയില്‍ അസംസ്‌കൃത എണ്ണവില തുടര്‍ച്ചയായി മുകളിലേയ്ക്കുപോകാന്‍ കാരണം. 2014നുശേഷം ഇതാദ്യമായാണ് വിലയില്‍ ഇത്രയും വര്‍ധനവുണ്ടാകുന്നത്.
പെട്രോളിയം മന്ത്രാലയത്തിന്റെ കണക്കുപ്രകാരം ഇന്ത്യ വാങ്ങുന്ന ക്രൂഡ് ഓയിലിന്റെ വില ബാരലിന് 102 ഡോളറിന് മുകളിലെത്തി. പെട്രോള്‍, ഡീസല്‍വിലവര്‍ധന താല്‍ക്കാലികമായി നിര്‍ത്തിവെച്ച സമയത്ത് ബാരലിന് ശരാശരി 81.5 ഡോളറായിരുന്നു വില. പൊതുമേഖല എണ്ണക്കമ്പനികളായ ഇന്ത്യന്‍ ഓയില്‍ കോര്‍പറേഷന്‍, ഭാരത് പെട്രോളിയം കോര്‍പറേഷന്‍, ഹിന്ദുസ്ഥാന്‍ പെട്രോളിയം എന്നിവയ്ക്ക് പെട്രോളും ഡീസലും വില്‍ക്കുമ്പോള്‍ ഒരു ലിറ്ററിന് 5.7 രൂപ നഷ്ടമുണ്ടെന്നാണ് കണക്ക്. കമ്പനികളുടെ മാര്‍ജിനായ 2.5 രൂപ കണക്കാക്കാതെയാണിത്. കമ്പനികളുടെ മാര്‍ജിന്‍ സാധാരണനിലയിലേയ്ക്കെത്തണമെങ്കില്‍ ചില്ലറ വിലയില്‍ ലിറ്ററിന് 9-10 രൂപയെങ്കിലും വര്‍ധിപ്പിക്കേണ്ടിവരുമെന്നാണ് വിലയിരുത്തല്‍. അടുത്തയാഴ്ചയോടെ അവസാനഘട്ട തിരഞ്ഞെടുപ്പ് കൂടി കഴിഞ്ഞാല്‍ വിലവര്‍ധനയുണ്ടാകുമെന്നുറപ്പായി