തിരുവനന്തപുരം: പാര്‍ട്ടി കോണ്‍ഗ്രസ് കാലത്ത് നിര്‍ത്തിവച്ച സില്‍വര്‍ ലൈന്‍ സര്‍വേ വീണ്ടും തുടങ്ങി. തിരുവനന്തപുരം കഴക്കൂട്ടം കരിച്ചാറയില്‍ ഉദ്യോഗസ്ഥര്‍ സില്‍വര്‍ ലൈന്‍ സര്‍വേയ്ക്ക് എത്തി. ഉദ്യോഗസ്ഥരെത്തുന്നു എന്ന വിവരം കിട്ടിയ ഉടന്‍ തന്നെ സ്ഥലത്ത് നാട്ടുകാരും കോണ്‍ഗ്രസ് പ്രവര്‍ത്തകരും പ്രതിഷേധവുമായി എത്തി. പൊലീസ് സ്ഥലത്ത് പ്രതിഷേധമുണ്ടാകുമെന്ന് മുന്‍കൂട്ടിക്കണ്ട് തമ്പടിച്ചിരുന്നു. പ്രതിഷേധക്കാരും പൊലീസും തമ്മില്‍ സംഘര്‍ഷമുണ്ടായി. സംഘര്‍ഷത്തില്‍ ഒരാള്‍ക്ക് പരിക്കേറ്റെന്നും, ഒരാള്‍ ബോധരഹിതനായി വീണെന്നും തിരുവനന്തപുരം ബ്യൂറോ റിപ്പോര്‍ട്ട് ചെയ്യുന്നു.
അതേസമയം, കാരിച്ചാറയില്‍ പ്രതിഷേധക്കാരെ പൊലീസ് ബൂട്ടിട്ട് ചവിട്ടിയ ദൃശ്യങ്ങളും പുറത്തുവന്നു. മംഗലപുരം പൊലീസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥരാണ് ആക്രമണത്തിന് പിന്നിലെന്ന് സമരക്കാര്‍ പറയുന്നു. പ്രതിഷേധം കനത്തതോടെ സര്‍വേയുമായി മുന്നോട്ട് പോകാനാകില്ലെന്ന് ഉറപ്പായതോടെ, ഉദ്യോഗസ്ഥര്‍ സ്ഥലത്ത് നിന്ന് മടങ്ങാന്‍ തീരുമാനിച്ചിട്ടുണ്ട്. വലിയ പ്രതിഷേധമാണ് പൊലീസ് സമരക്കാരെ കയ്യേറ്റം ചെയ്തതിനെത്തുടര്‍ന്ന് ഉണ്ടായത്. എന്നാല്‍ തങ്ങളാരെയും മനപ്പൂര്‍വ്വം ആക്രമിച്ചിട്ടില്ലെന്നും, ഉദ്യോഗസ്ഥര്‍ക്ക് പൊലീസ് സുരക്ഷ ഉറപ്പാക്കുക മാത്രമാണ് തങ്ങള്‍ ചെയ്തതെന്നും മംഗലപുരം പൊലീസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥര്‍ പറയുന്നു. എന്തായാലും പ്രതിഷേധം കനത്തതിനെത്തുടര്‍ന്ന്, സര്‍വേ തല്‍ക്കാലം അവസാനിപ്പിച്ചതോടെ സ്ഥലത്ത് സംഘര്‍ഷാവസ്ഥയ്ക്ക് ഇപ്പോഴയവുണ്ട്. നോട്ടീസ് നല്‍കാതെയാണ് ഉദ്യോഗസ്ഥരും പൊലീസും എത്തിയതെന്നും അപ്രതീക്ഷിതമായി എത്തിയതോടെയാണ് സ്ഥലത്ത് സംഘര്‍ഷാവസ്ഥ ഉടലെടുത്തതെന്ന് നാട്ടുകാരും ആരോപിക്കുന്നു.
രാവിലെ പത്ത് മണിയോടെയാണ് കനത്ത പൊലീസ് കാവലില്‍ ഉദ്യോഗസ്ഥര്‍ കരിച്ചാറയില്‍ കല്ലിടല്‍ നടപടികള്‍ക്കായി എത്തിയത്. ഉദ്യോഗസ്ഥര്‍ക്ക് കല്ലിടല്‍ നടപടികളിലേക്ക് കടക്കാനായിട്ടില്ല. അതിന് മുമ്പ് തന്നെ പ്രതിഷേധക്കാര്‍ എത്തിയിരുന്നു. എന്നാല്‍ സര്‍വേ അവസാനിപ്പിച്ച് പോകാന്‍ ഉദ്യോഗസ്ഥര്‍ ആദ്യം തയ്യാറായിരുന്നില്ല. സ്ഥലത്ത് സംഘര്‍ഷാവസ്ഥ തുടര്‍ന്നതിനെത്തുടര്‍ന്ന് കൂടുതല്‍ പൊലീസുദ്യോഗസ്ഥര്‍ സ്ഥലത്തെത്തി.
തിരുവനന്തപുരം നഗരത്തില്‍ ഇതേവരെ സില്‍വര്‍ ലൈന്‍ നടപടികള്‍ ഇതുവരെ തുടങ്ങിയിട്ടില്ല. ചിറയിന്‍കീഴ്, വര്‍ക്കല, കണിയാപുരം എന്നീ പ്രദേശങ്ങളിലാണ് തിരുവനന്തപുരത്ത് സര്‍വേ നടപടികളുണ്ടായിരുന്നത്. അവിടെയെല്ലാം പലയിടങ്ങളിലും ശക്തമായ പ്രതിഷേധങ്ങള്‍ നടക്കുകയും ചെയ്തു. അതേ ഇടങ്ങളിലാണ് ഇപ്പോഴും സര്‍വേ നടക്കുന്നത്. ഇതിന് മുമ്പ് കരിച്ചാറയില്‍ സര്‍വേ നടക്കുകയും അന്ന് പ്രതിഷേധങ്ങളെത്തുടര്‍ന്ന് കല്ലിടല്‍ നിര്‍ത്തി വയ്‌ക്കേണ്ടി വരികയും ചെയ്തിരുന്നു. മാര്‍ച്ച് 25-നാണ് സില്‍വര്‍ ലൈന്‍ സര്‍വേയുമായി ബന്ധപ്പെട്ട കല്ലിടല്‍ നടപടികള്‍ തല്‍ക്കാലം നിര്‍ത്തിവയ്ക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചത്.