യുഡിഎഫ് പിന്തുണച്ചില്ല, മാസപ്പടി വിവാദത്തില്‍ സഭയില്‍ മാത്യു കുഴല്‍നാടന്റെ ഒറ്റയാള്‍ പോരാട്ടം; തടഞ്ഞ് സ്പീക്കര്‍
 



തിരുവനന്തപുരം : മാസപ്പടി വിവാദം നിയമസഭയില്‍ ഉന്നയിക്കാതെ യുഡിഎഫ് പിന്‍മാറിയ വേളയില്‍ മാത്യു കുഴല്‍നാടന്റെ ഒറ്റയാള്‍ പോരാട്ടം. പണം കൈപ്പറ്റിയവരില്‍ യുഡിഎഫ് നേതാക്കളുടെ പേരുമുണ്ടെന്ന് വ്യക്തമായതോടെ, യുഡിഎഫ് പിന്‍മാറിയതോടെയാണ് മാസപ്പടി വിഷയം മാത്യു കുഴല്‍നാടന്‍ എംഎല്‍എ തനിച്ച് സഭയില്‍ ഉന്നയിച്ചത്. എന്നാല്‍ പ്രതിപക്ഷം കുഴല്‍നാടനെ പിന്തുണയ്ക്കാന്‍ തയ്യാറായില്ല. 

സ്വജന പക്ഷപാതം മാത്രമല്ല സ്വാധീനം ഉപയോഗിക്കുന്നതും അഴിമതിയാണെന്ന് മാത്യു കുഴല്‍നാടന്‍ സഭയില്‍ തുറന്നടിച്ചു. എന്നാല്‍ പറഞ്ഞ് തുടങ്ങിയതോടെ തന്നെ സ്പീക്കര്‍ ഷംസീര്‍ ഇടപെട്ട് തടയിട്ടു. എന്തും വിളിച്ച് പറയാവുന്ന വേദിയല്ല സഭയെന്ന് സ്പീക്കര്‍ പറഞ്ഞതോടെ സഭയില്‍ സംസാരിക്കാനുള്ള അവകാശം നിഷേധിക്കുന്നത് എന്തിനാണെന്നും ആരെയാണ് അങ്ങ് ഭയപ്പെടുന്നതെന്നും കുഴല്‍നാടനും തിരിച്ച് ചോദിച്ചു. സംസാരം തടസപ്പെടുത്താന്‍ ശ്രമിച്ച സ്പീക്കറോട് കുഴല്‍നാടന്‍ കയര്‍ത്തു.  ''വായ്ക്ക് തോന്നിയത് കോതക്ക് പാട്ടെന്ന പോലെ ആരൊക്കെ എന്തൊക്കെ സഭയില്‍ പറയുന്നു. എന്നാല്‍ ഈ വിഷയം സംസാരിക്കും മുന്‍പെ തന്നെ തടയുന്നു. ആരുടേയും പേര് പറഞ്ഞില്ല. പിന്നെ എന്തിന് ബഹളം''. സംസാരിച്ച് തുടങ്ങുമ്പോഴേക്കും തടസപ്പെടുത്തുന്നതെന്തിനെന്ന ചോദ്യവും കുഴല്‍നാടന്‍ ഉയര്‍ത്തി.
ഇതോടെ ചട്ടം അനുവദിക്കുന്നില്ലെന്ന് സ്പീക്കര്‍ മറുപടി നല്‍കി. പിന്നാലെ ഭരണപക്ഷവും ബഹളം വെച്ചു. ഇതോടെ ശബ്ദമുയര്‍ത്തിയ കുഴല്‍നാടന്‍, ബഹളം വച്ച് യാഥാര്‍ത്ഥ്യങ്ങളെ മാറ്റാന്‍ കഴിയില്ലെന്നും ജനങ്ങള്‍ക്ക് മുന്നില്‍ യാഥാര്‍ഥ്യം പറഞ്ഞേ പറ്റൂവെന്നും തുറന്നടിച്ചു. എന്നാല്‍ ചട്ടം അനുവദിക്കുന്നില്ലെന്ന് പറഞ്ഞ്  സ്പീക്കര്‍ കുഴല്‍നാടന്റെ പ്രസംഗം അവസാനിപ്പിച്ചു. ചട്ടവും റൂളും പാലിക്കാത്ത ഒന്നും രേഖയിലുണ്ടാകില്ലെന്നും സ്പീക്കര്‍ അറിയിച്ചു. 

പുതുപ്പള്ളിച്ചൂടുയരുന്നതിനിടെയാണ് രാഷ്ട്രീയകേന്ദ്രങ്ങളെ പിടിച്ചുകുലുക്കി മാസപ്പടി വിവരം പുറത്തുവരുന്നത്. സിഎംആര്‍എലില്‍ നിന്നും മുഖ്യമന്ത്രിയുടെ മകള്‍ വീണാ വിജയന് മാസപ്പടി കിട്ടിയെന്ന ആദായ നികുതി തര്‍ക്കപരിഹാര ബോര്‍ഡിന്റെ വിവരം ആവേശത്തെടോയാണ് പ്രതിപക്ഷം ആദ്യം ഏറ്റെടുത്തിരുന്നത്. ഉപതെരഞ്ഞെടുപ്പ് അടുത്തിരിക്കെ മുഖ്യമന്ത്രിയുടെ കുടുംബത്തിനെതിരായ അഴിമതി എന്ന നിലക്കായിരുന്നു വിഷയം കത്തിക്കാനൊരുങ്ങിയത്. പിന്നീട് പണം നല്‍കിയവരുടെ കൂടുതല്‍ വിശദാംശങ്ങളാണ് യുഡിഎഫിനെ യൂ ടേണ്‍ അടിപ്പിച്ചത്. സിഎംആര്‍എല്‍ ചീഫ് ഫിനാന്‍ഷ്യല്‍ ഓഫീസര്‍ പണം നല്‍കിയതായി പറയുന്നവരെ ചുരുക്കപ്പേരായി രേഖയില്‍ കുറിച്ചിട്ടുണ്ട്. ആദായനികുതി വകുപ്പ് വിശദാംശങ്ങള്‍ തേടിയപ്പോള്‍ പിണറായി വിജയന്റെ പേരിനൊപ്പം, ഉമ്മന്‍ചാണ്ടി, രമേശ് ചെന്നിത്തല, പികെ കുഞ്ഞാലിക്കുട്ടി തുടങ്ങിയ പേരുകളും കാണിക്കുന്നുണ്ട്. ഇതോടെയാണ് യുഡിഎഫിന്റെ പിന്‍മാറ്റം. 


 

Recent Updates

IIIISI


 

 

Happy Onam

Happy Vishu

 Happy Republic Day

0 Comments

Leave a reply

Social Media