നീറ്റില്‍ പുനപരീക്ഷയില്ല; പരീക്ഷയുടെ പരിശുദ്ധി  മൊത്തത്തില്‍ നഷ്ടമായിട്ടില്ലെന്ന് സുപ്രിംകോടതി
 



ദില്ലി:ക്രമക്കേട് ആരോപണം ഉയര്‍ന്ന നീറ്റ് പരീക്ഷയില്‍ പുനപരീക്ഷ വേണ്ടെന്ന് സുപ്രിംകോടതി. പരീക്ഷയിലാകെ വ്യാപക ക്രമക്കേടുകള്‍ നടന്നിട്ടില്ലെന്നും മൊത്തത്തില്‍ പരീക്ഷയുടെ പരിശുദ്ധി നഷ്ടമായിട്ടില്ലെന്നും സുപ്രിംകോടതി നിരീക്ഷിച്ചു. ബിഹാറിലും ഝാര്‍ഖണ്ഡിലുമാണ് ചോദ്യപേപ്പര്‍ ചോര്‍ച്ചയുണ്ടായതെന്നും സുപ്രിംകോടതി ഉത്തരവില്‍ വ്യക്തമാക്കി. പുനപരീക്ഷ പ്രഖ്യാപിച്ചാല്‍ 24 ലക്ഷത്തിലധികം വിദ്യാര്‍ത്ഥികള്‍ക്ക് പ്രത്യാഘാതങ്ങള്‍ ഉണ്ടാക്കുമെന്ന് കോടതി ചൂണ്ടിക്കാട്ടി. പരീക്ഷയുടെ പരിശുദ്ധി നഷ്ടമായെന്നും ആ സാഹചര്യത്തില്‍ പുനപരീക്ഷ നടത്തണമെന്നുമായിരുന്നു ഹര്‍ജിക്കാര്‍ ആവശ്യപ്പെട്ടിരുന്നത്. എന്നാല്‍ വീണ്ടും പരീക്ഷ നടത്തിയാല്‍ വിദ്യാര്‍ത്ഥികള്‍ക്കുണ്ടാകുന്ന പ്രയാസങ്ങള്‍ സുപ്രിംകോടതി ഇന്ന് സൂചിപ്പിച്ചു. അന്വേഷണത്തില്‍ കൂടുതല്‍ ചോര്‍ച്ചയുടെ ഗുണഭോക്താക്കളെ കണ്ടെത്തിയാല്‍ ഏതുഘട്ടത്തിലും നടപടിയെടുക്കുമെന്നും സുപ്രീംകോടതി വ്യക്തമാക്കി. ചോദ്യപേപ്പര്‍ ചോര്‍ന്നു എന്നതില്‍ തര്‍ക്കമില്ലെങ്കിലും മുഴുവന്‍ പരീക്ഷാ സമ്പ്രദായത്തിന്റേയും പരീക്ഷാ നടത്തിപ്പിന്റേയും പരിശുദ്ധിയെക്കുറിച്ച് സംശയിക്കാനാകില്ലെന്നും കോടതി ചൂണ്ടിക്കാട്ടി.

പരീക്ഷയെഴുതിയ 24 ലക്ഷത്തോളം വിദ്യാര്‍ത്ഥികളില്‍ പലരും സ്വന്തം നാടുകളില്‍ നിന്ന് വളരെയേറെ കിലോമീറ്ററുകള്‍ യാത്ര ചെയ്താണ് പരീക്ഷാ കേന്ദ്രത്തിലേക്ക് വന്നതെന്നും നിരവധി ദിവസത്തെ അധ്വാനമായിരുന്നു അവരെ സംബന്ധിച്ച് പരീക്ഷയെന്നും കോടതി ചൂണ്ടിക്കാട്ടി. വീണ്ടും പരീക്ഷ നടത്തുകയെന്നത് ഈ വിദ്യാര്‍ത്ഥികള്‍ക്ക് വലിയ ബുദ്ധിമുട്ടുണ്ടാക്കും. നീറ്റ് ക്രമക്കേടുമായി ബന്ധപ്പെട്ട് നാഷണല്‍ ടെസ്റ്റിംഗ് ഏജന്‍സിയും കേന്ദ്രസര്‍ക്കാരും കോടതിയില്‍ റിപ്പോര്‍ട്ട് സമര്‍പ്പിച്ചിരുന്നു. ഇത് വിശദമായി പരിഗണിച്ച ശേഷമാണ് കോടതിയുടെ ഉത്തരവ്.


 

Recent Updates

IIIISI


 

 

Happy Onam

Happy Vishu

 Happy Republic Day

0 Comments

Leave a reply

Social Media