ഒമാനില്‍ കൊവിഡ് ഗുരുതര കേസുകള്‍ കൂടുന്നു ആശുപത്രികളിൽ സ്ഥല പ്രതിസന്ധി : ആരോഗ്യ മന്ത്രി
കൊവിഡ് വ്യാപനം രൂക്ഷമായിരിക്കെ ഗുരുതര സ്വഭാവമുള്ള രോഗികളുടെ എണ്ണം ഒമാനില്‍ കൂടിവരുന്നതായി റിപ്പോര്‍ട്ട്. ഇതേത്തുടര്‍ന്ന് സര്‍ക്കാര്‍, സ്വകാര്യ മേഖലകളിലെ ആശുപത്രികളെല്ലാം സ്ഥല പ്രതിസന്ധി ഉണ്ടെന്നു ആരോഗ്യ മന്ത്രി ഡോ. അഹ്മദ് ബിന്‍ മുഹമ്മദ് അല്‍ സഈദി പറഞ്ഞു. കൊവിഡ് മഹാമാരി പൊട്ടിപ്പുറപ്പെട്ടതിന് ശേഷം രാജ്യത്തിന്റെ ആരോഗ്യ മേഖല ഇത്ര വലിയ പ്രതിസന്ധിയെ നേരിടേണ്ടിവരുന്നത് ഇതാദ്യമാണെന്നും അദ്ദേഹം അറിയിച്ചു. തുടക്കത്തില്‍ 148 ഐസിയു ബെഡ്ഡുകളാണ് രാജ്യത്തെ ആശുപത്രികളില്‍ ഉണ്ടായിരുന്നത്. എന്നാല്‍ ഇന്നത് 460 ലേറെയായി വര്‍ധിച്ചു. രണ്ടായിരത്തിലേറെ ഡോക്ടര്‍മാര്‍ കഴിഞ്ഞ ഏതാനും മാസങ്ങളായി വിശ്രമമില്ലാതെ ജോലി ചെയ്തുവരികയാണെന്നും മന്ത്രി പറഞ്ഞു. 1100ലേറെ വെന്റിലേറ്ററുകള്‍ നിലവില്‍ ആശുപത്രികളിലുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ഗുരുതര കേസുകളുടെ എണ്ണം വര്‍ധിച്ചതനുസരിച്ച് രാജ്യത്തെ കൊവിഡ് മരണങ്ങളും വര്‍ധിച്ചതായി മന്ത്രി അറിയിച്ചു. നിലവില്‍ ദിനംപ്രതി 30ലേറെ മരണങ്ങളാണ് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടുകൊണ്ടിരിക്കുന്നത്. മരണപ്പെട്ടവരില്‍ കൂടുതല്‍ പേരും 60 കഴിഞ്ഞവരും വാക്‌സിന്‍ എടുക്കാത്തവരുമാണ്. പ്രായമായവര്‍ക്ക് പല തവണ വാക്‌സിന്‍ എടുക്കാന്‍ അവസരം നല്‍കിയെങ്കിലും അതിന് തയ്യാറാവാത്തവരാണ് കൊവിഡ് ബാധിതരായി മരണത്തിന് കീഴടങ്ങയതെന്നും മന്ത്രി പറഞ്ഞു. വാക്‌സിന്‍ എടുത്തവരില്‍ നാമമാത്രമായ ആളുകള്‍ക്കു മാത്രമാണ് തീവ്രമായ രോഗലക്ഷണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നത്.