തിരുവനന്തപുരം: മലപ്പുറം കേന്ദ്രീകരിച്ചുള്ള സ്വര്‍ണക്കടത്ത് ഹവാല ഇടപാടുകള്‍ രാജ്യ വിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്ക് വേണ്ടിയാണെങ്കില്‍ എന്തുകൊണ്ട് മുഖ്യമന്ത്രി ഇക്കാര്യം തന്നെ അറിയിച്ചില്ലെന്ന് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍. മുഖ്യമന്ത്രി ദി ഹിന്ദു ദിനപ്പത്രത്തിന് നല്‍കിയ അഭിമുഖം ആയുധമാക്കി രൂക്ഷമായ ഭാഷയിലാണ് ഗവര്‍ണര്‍ രംഗത്ത് വന്നത്. പൊലീസ് വെബ്‌സൈറ്റിലും ഇക്കാര്യങ്ങള്‍ പറയുന്നുണ്ട്. മുഖ്യമന്ത്രിയെയാണോ ദി ഹിന്ദു ദിനപ്പത്രത്തെയാണോ ആരെയാണ് പിആര്‍ വിവാദത്തില്‍ വിശ്വസിക്കേണ്ടത്? ഹിന്ദുവാണ് കള്ളം പറയുന്നതെങ്കില്‍ അവര്‍ക്കെതിരെ മുഖ്യമന്ത്രി എന്തുകൊണ്ട് കേസെടുത്തില്ല? തനിക്ക് വിശദീകരണം നല്‍കാന്‍ മുഖ്യമന്ത്രിക്ക് ഭരണഘടന ബാധ്യത ഉണ്ട്. രാഷ്ട്രപതിയെ വിവരങ്ങള്‍ അറിയിക്കേണ്ടത് എന്റെ ഉത്തരവാദിത്തം. തനിക്ക് അധികാരം ഉണ്ടോ ഇല്ലയോ എന്ന് ഉടന്‍ അറിയും. തന്റെ കത്തിനു മറുപടി തരാന്‍ 20 ലേറെ ദിവസം മുഖ്യമന്ത്രി എടുത്തെന്നും അത് എന്തോ ഒളിക്കാനുള്ളത് കൊണ്ടാണെന്നും ഗവര്‍ണര്‍ വിമര്‍ശിച്ചു. രാജ്ഭവന്‍ ആസ്വദിക്കാന്‍ അല്ല ഞാന്‍ ഇരിക്കുന്നതെന്നും ഗവര്‍ണ്ണര്‍ പറഞ്ഞു.