പുതിയ മൂന്ന് ഫീച്ചറുകള്‍ അവതരിപ്പിച്ച് വാട്‌സ്ആപ്പ്
മെറ്റ (ഫേസ്ബുക്ക് കമ്പനിയുടെ പുത്തന്‍ പേര്) കമ്പനിയുടെ ഇന്‍സ്റ്റന്റ് മെസ്സേജിങ് ആപ്പായ വാട്‌സ്ആപ്പില്‍ മൂന്ന് പുതിയ ഫീച്ചറുകള്‍ അവതരിപ്പിച്ചു. രണ്ട് ഫീച്ചറുകള്‍ വാട്ട്സ്ആപ്പ് ആപ്പിലേക്കുള്ള അപ്‌ഡേയ്റ്റും ഒരെണ്ണം ലാപ്‌ടോപ്പ്/ഡെസ്‌ക്ടോപ്പ് കംപ്യൂട്ടറുകളില്‍ വാട്‌സ്ആപ്പ് ഉപയോഗിക്കാന്‍ സഹായിക്കുന്ന വാട്‌സ്ആപ്പ് വെബ് സംവിധാനത്തിലേക്കുള്ള അപ്‌ഡേയ്റ്റുമാണ്.
വെബ് മീഡിയ എഡിറ്റര്‍ - ഇതുവരെ വാട്‌സ്ആപ്പ് വെബ്ബില്‍ ഒരു ചിത്രം എഡിറ്റ് ചെയ്യുക അസാദ്ധ്യമായിരുന്നു. ഫോട്ടോ എഡിറ്റ് ചെയ്യേണ്ടമെങ്കില്‍ മൊബൈല്‍ ഫോണില്‍ തന്നെ വാട്‌സ്ആപ്പ് ഉപയോഗിക്കേണമായിരുന്നു. എന്നാല്‍ ഇനി മുതല്‍ വാട്‌സ്ആപ്പ് വെബ്ബില്‍ തന്നെ അടിസ്ഥാന പിക്ചര്‍ എഡിറ്റിംഗ് നടത്താം. മീഡിയ എഡിറ്റര്‍ വെബ് എന്നാണ് ഈ സംവിധാനത്തിന്റെ പേര്.
ലിങ്ക് പ്രിവ്യൂ - ഓണ്‍ലൈനില്‍ വായിക്കുകയോ, കാണുകയോ, കേള്‍ക്കുകയോ ചെയ്ത ഒരു രസകരമായ കണ്ടന്റ് കോണ്‍ടാക്റ്റ് ലിസ്റ്റിലുള്ളവരുമായി ഷെയര്‍ ചെയ്യാന്‍ ലിങ്കുകള്‍ വാട്‌സ്ആപ്പില്‍ പോസ്റ്റ് ചെയ്താല്‍ മതി. ഈ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുമ്പോഴുള്ള പ്രിവ്യു ആണ് പുതുതായി മാറ്റിയിരിക്കുന്നത്. ലിങ്കിന്റെ ഫുള്‍ പ്രിവ്യു ഇനി വാട്‌സ്ആപ്പില്‍ ലഭിക്കും. എന്താണ് വായിക്കാന്‍, കാണാന്‍, കേള്‍ക്കാന്‍ പോകുന്നത് എന്നത് സംബന്ധിച്ചും, എത്ര ദൈര്‍ഖ്യമുള്ള വാര്‍ത്തയാണ് വിഡിയോയാണ് തുടങ്ങിയ വിവരങ്ങള്‍ മുന്‍കൂട്ടി അറിയാം.
സ്റ്റിക്കര്‍ സജഷന്‍ - വാട്‌സ്ആപ്പ് ചാറ്റിനിടെ ശരിയായ സ്റ്റിക്കര്‍ കണ്ടെത്താന്‍ നിങ്ങള്‍ സാധാരണയായി ഒന്നിലധികം ടാബുകള്‍ പരിശോധിക്കേണ്ടതുണ്ട്. ഇത് ചിലപ്പോള്‍ സംഭാഷണത്തിന്റെ ഒഴുക്കിനെ തടസ്സപ്പെടുത്തിയേക്കാം, ചിലപ്പോള്‍ നിങ്ങള്‍ തിരയുന്ന സ്റ്റിക്കര്‍ പെട്ടന്ന് കണ്ടെത്താന്‍ സാധിച്ചു എന്നും വരില്ല. പുതിയ അപ്‌ഡെയ്റ്റോടെ ശരിയായ സ്റ്റിക്കര്‍ വേഗത്തിലും എളുപ്പത്തിലും കണ്ടെത്താന്‍ വാട്ട്സ്ആപ്പ് സഹായിക്കും. നിങ്ങള്‍ ടൈപ്പുചെയ്യുമ്പോള്‍ വാക്കിന് യോജിച്ച സ്റ്റിക്കറുകള്‍ വാട്‌സ്ആപ്പ് തന്നെ പ്രദര്‍ശിപ്പിക്കും. ഇതില്‍ നിന്നും നിങ്ങളുടെ ചാറ്റിന് ഏറ്റവും യോജിച്ച സ്റ്റിക്കര്‍ തിരഞ്ഞെടുക്കാം.