കൊവിഡ് മൂന്നാം തരംഗം ഓഗസ്റ്റ് അവസാന വാരത്തോടെ ഉണ്ടായേക്കുമെന്ന് ഐസിഎംആര്‍



ഡെല്‍ഹി: രാജ്യത്ത് കൊവിഡ് മൂന്നാം തരംഗം ഓഗസ്റ്റ് അവസാനവാരം ഉണ്ടായേക്കുമെന്ന് ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് മെഡിക്കല്‍ റിസര്‍ച്ച് (ഐസിഎംആര്‍). അതേസമയം രോഗ വ്യാപനം രണ്ടാം തരംഗത്തേക്കാള്‍ തീവ്രത കുറവായിരിക്കുമെന്നും ഐസിഎംആര്‍ പകര്‍ച്ചവ്യാധി പ്രതിരോധവിഭാഗം മേധാവി ഡോ. സമീരന്‍ പാണ്ഡ പറഞ്ഞു. 

നിലവില്‍ നാല് കാരണങ്ങളാണ് മൂന്നാം തരംഗത്തിലേക്ക് നയിക്കുന്നത്. ഒന്നാമത്തെയും രണ്ടാമത്തെയും തരംഗത്തില്‍ ജനങ്ങളാര്‍ജിച്ച പ്രതിരോധശേഷി കുറഞ്ഞു വരുന്നത്, ഒരു കാരണമാകാം. അങ്ങനെ പ്രതിരോധശേഷി കുറഞ്ഞാല്‍, മൂന്നാം തരംഗമുണ്ടായേക്കാം ഡോ സമീരന്‍ പാണ്ഡ പറയുന്നു. 

രണ്ടാമത്തേത്, ജനങ്ങളുടെ ആര്‍ജിത പ്രതിരോധ ശേഷിയെ മറികടക്കുന്ന ഏതെങ്കിലും വൈറസ് ജനിതകവകഭേദം പടര്‍ന്നു പിടിക്കുന്നതാകാം. മൂന്നാമത്തേത്, ഈ പുതിയ ജനിതക വകഭേദങ്ങളിലേതെങ്കിലും പ്രതിരോധശേഷിയെ മറികടന്നില്ലെങ്കിലും വ്യാപകമായി പടര്‍ന്നുപിടിക്കുന്ന തരം വ്യാപനശേഷിയുള്ളതാണെങ്കില്‍ മൂന്നാം തരംഗം സംഭവിക്കാം. 

നാലാമത്തേത്, സംസ്ഥാനങ്ങളില്‍ നിയന്ത്രണങ്ങള്‍ നേരത്തേ പിന്‍വലിക്കുകയാണെങ്കില്‍ വീണ്ടും രോഗവ്യാപനം സംഭവിക്കാമെന്നും ഡോ. പാണ്ഡ മുന്നറിയിപ്പ് നല്‍കുന്നു. 
ഡെല്‍റ്റ വകഭേദമായിരിക്കുമോ ഈ വ്യാപനത്തിനും മൂന്നാം തരംഗത്തിന് വഴി വയ്ക്കുക എന്ന ചോദ്യത്തിന്, ഇപ്പോള്‍ത്തന്നെ ഡെല്‍റ്റ വകഭേദം രാജ്യത്ത് പടര്‍ന്നുപിടിച്ച് കഴിഞ്ഞുവെന്നും, ഇതില്‍ക്കൂടുതല്‍ വ്യാപനം ഡെല്‍റ്റ വകഭേദത്തിന് ഉണ്ടാക്കാനാകുമെന്ന് കരുതുന്നില്ലെന്നും് അദ്ദേഹം പറഞ്ഞു. 

ലോകം മൂന്നാം തരംഗത്തിന്റെ ആദ്യസൂചനകളിലൂടെ കടന്നുപൊയ്‌ക്കൊണ്ടിരിക്കുകയാണെന്ന് ലോകാരോഗ്യസംഘടനാ തലവന്‍ തെദ്രോസ് അഥാനോം ഗെബ്രെയ്‌സെസ് നേരത്തെ മുന്നറിയിപ്പ് നല്‍കിയിരുന്നു. ഇതിലേക്ക് നയിക്കാനുള്ള കാരണം കൊവിഡിന്റെ ഡെല്‍റ്റ വകഭേദമായിരിക്കുമെന്നും ഡബ്ല്യുഎച്ച്ഒ മുന്നറിയിപ്പ് നല്‍കി. 

നിലവില്‍ 111 -ലധികം രാജ്യങ്ങളിലാണ് കൊവിഡിന്റെ ഡെല്‍റ്റ വകഭേദം ഇതുവരെ കണ്ടെത്തിയിട്ടുള്ളത്. ഇന്ത്യയിലാണ് ഡെല്‍റ്റ വകഭേദം ആദ്യം കണ്ടെത്തിയത്. രണ്ടാംതരംഗം ആഞ്ഞടിച്ച്, അതിന്റെ ഉച്ചസ്ഥായിയിലെത്തിയ സമയത്തായിരുന്നു ഇത്. ഈ വകഭേദം ലോകമെങ്ങും പടരാന്‍ സാധ്യതയുള്ള ഒന്നാണെന്ന് അന്ന് തന്നെ ലോകാരോഗ്യസംഘടന മുന്നറിയിപ്പ് നല്‍കിയതുമാണ്.

Recent Updates

IIIISI


 

 

Happy Onam

Happy Vishu

 Happy Republic Day

0 Comments

Leave a reply

Social Media