ഇന്ത്യ- കുവൈറ്റ് നയതന്ത്രബന്ധത്തിന്റെ 60-ാം വാര്‍ഷികം; കുവൈറ്റില്‍ ഒരു വര്‍ഷം നീളുന്ന പരിപാടികള്‍
കുവൈറ്റ് സിറ്റി: ഇന്ത്യയും കുവൈറ്റും തമ്മിലുള്ള നയതന്ത്ര ബന്ധത്തിന്റെ അറുപതാം വാര്‍ഷികം വിപുലമായി ആഘോഷിക്കാന്‍ കുവൈറ്റ്. ഒരു വര്‍ഷം നീണ്ടു നില്‍ക്കുന്ന വൈവിധ്യമാര്‍ന്ന പരിപാടികളാണ് ഇതിന്റെ ഭാഗമായി കുവൈറ്റില്‍ നടക്കുക. കുവൈറ്റ് നാഷനല്‍ കൗണ്‍സില്‍ ഓഫ് കള്‍ച്ചര്‍ സെക്രട്ടറി ജനറല്‍ കാമില്‍ അബ്ദുല്‍ ജലീലും കുവൈറ്റിലെ ഇന്ത്യന്‍ അംബാസഡര്‍ സിബി ജോര്‍ജും സംയുക്തമായി നടത്തിയ വാര്‍ത്താസമ്മേളനത്തിലാണ് ഇതേക്കുറിച്ചുള്ള പ്രഖ്യാപനം നടത്തിയത്.
വാര്‍ഷികാഘോഷത്തിന്റെ ഭാഗമായി വൈവിധ്യമാര്‍ന്ന കലാ, സാംസ്‌ക്കാരിക പരിപാടികള്‍ സംഘടിപ്പിക്കുമെന്ന് ഇരുവരും വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. സംഗീത പരിപാടികള്‍, ഇന്ത്യന്‍ സിനിമാ പ്രദര്‍ശനങ്ങള്‍, കലാ പ്രകടനങ്ങള്‍, ഇരു രാജ്യങ്ങള്‍ക്കും ഇടയിലെ ബന്ധങ്ങളെ കുറിച്ചുള്ള സെമിനാറുകള്‍, വിനോദ സഞ്ചാരം മെച്ചപ്പെടുത്തുന്നതിനുള്ള ചര്‍ച്ചകള്‍, ടെക്സ്‌റ്റൈല്‍ എക്സിബിഷന്‍, ഇന്ത്യന്‍ ഭക്ഷണ വിഭവങ്ങളും ആഭരണങ്ങളും മറ്റും കുവൈറ്റിലുള്ളവരെ പരിചയപ്പെടുത്തുന്നതിനുള്ള പരിപാടികള്‍ തുടങ്ങിയവയാണ് ആഘോഷത്തിന്റെ ഭാഗമായി നടക്കുക.
നൂറ്റാണ്ടുകള്‍ പഴക്കമുള്ള സാംസ്‌കാരിക ബന്ധമാണ് ഇരു രാജ്യങ്ങള്‍ക്കും ഇടയില്‍ ഉള്ളതെന്ന് കാമില്‍ അബ്ദുല്‍ ജലീല്‍ അഭിപ്രായപ്പെട്ടു. ഇരു രാജ്യങ്ങള്‍ക്കുമിടയിലെ സാംസ്‌ക്കാരിക വിനിമയങ്ങള്‍ കൂടുതല്‍ ശക്തിപ്പെടുത്തണം. അതിനുള്ള നല്ലൊരു അവസരമായി അറുപതാം വാര്‍ഷികാഘോഷ പരിപാടികള്‍ മാറണമെന്നും അദ്ദേഹം പറഞ്ഞു.
ഇരു രാജ്യങ്ങളും തമ്മിലുള്ള ശക്തമായ ബന്ധത്തിലെ പുതിയൊരു നാഴികക്കല്ലാണ് വാര്‍ഷികാഘോഷമെന്ന് അംബാസഡര്‍ സിബി ജോര്‍ജ് അഭിപ്രായപ്പെട്ടു. കാലം തെളിയിച്ച ബന്ധമാണ് ഇരുരാജ്യങ്ങളും തമ്മിലുള്ളത്. നൂറ്റാണ്ടുകളിലൂടെ ജനങ്ങള്‍ പാകിയ ശക്തമായ അടിത്തറയിലാണ് അത് നിലനില്‍ക്കുന്നത്. കാലം കഴിയുന്തോറും ആ ബന്ധത്തിന്റെ ദൃഢത കൂടുതല്‍ ശക്തമായി വരികയാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
അതേസമയം, നാഷനല്‍ ബ്യൂറോ ഫോര്‍ അക്കാദമിക് അക്രഡിറ്റേഷന്‍ ആന്‍ഡ് എജുക്കേഷന്‍ ക്വാളിറ്റി അഷ്വറന്‍സ് ഡയറക്ടര്‍ ജനറല്‍ ഡോ. ഹമദ് അബ്ദുല്‍ വഹാബ് അല്‍ ഇദ്വാനിയുമായി ഇന്ത്യന്‍ അംബാസഡര്‍ സിബി ജോര്‍ജ് ചര്‍ച്ച നടത്തി. എന്‍ജിനീയര്‍മാരുടെ സര്‍ട്ടിഫിക്കറ്റ് അക്രഡിറ്റേഷനുമായി ബന്ധപ്പെട്ട വിശയമാണ് ഇരുവരും ചര്‍ച്ച നടത്തിയത്. എന്‍ജിനീയര്‍മാര്‍ക്ക് ഇഖാമ പുതുക്കി നല്‍കണമെങ്കില്‍ എന്‍ജിനീയേഴ്‌സ് സൊസൈറ്റിയുടെ എന്‍.ഒ.സി വേണം. മാന്‍പവര്‍ അതോറിറ്റിയാണ് ഇത്തരത്തിലൊരു നിബന്ധന വെച്ചിട്ടുള്ളത്. കുവൈറ്റ് സര്‍ക്കാറിന്റ അംഗീകാരം ഉള്ള സ്ഥാപനങ്ങളില്‍ നിന്നും പഠിച്ചിറങ്ങിയവര്‍ക്ക് മാത്രമേ എന്‍.ഒ.സി നല്‍കൂ എന്നാണ് ഇപ്പോഴത്തെ നിലപാട്. നിരവധി പ്രവാസികള്‍ ഇതുമായി ബന്ധപ്പെട്ട് ചെറിയ പ്രശ്‌നങ്ങളില്‍ ആയിരുന്നു. പലര്‍ക്കും ഈ നിയമം കാരണം തസ്തിക മാറ്റി വിസ അടിക്കേണ്ടി വന്നിട്ടുണ്ട്.