സൂറിച്ച്: ഖത്തര്‍ ഫുട്ബോള്‍ ലോകകപ്പില്‍ (2022 FIFA World Cup) ടീമുകളെ കാത്തിരിക്കുന്നത് കൈനിറയെ പണം. ടീമുകള്‍ക്ക് ലോകകപ്പിനായി തയ്യാറെടുക്കാനും ഫിഫ (FIFA) പണം നല്‍കും.
ലോകകപ്പിന് യോഗ്യത നേടിയ 32 ടീമുകള്‍ക്കും മുന്നൊരുക്കത്തിനായി ഫിഫ നല്‍കുക ഒന്നരമില്യണ്‍ ഡോളര്‍ വീതമാണ്. ഇന്ത്യന്‍ രൂപയില്‍ 11 കോടിയിലേറെ വരുമിത്. ലോകകപ്പ് ജേതാക്കള്‍ക്ക് ഇത്തവണ സമ്മാനത്തുകയായി 319 കോടി രൂപയാണ് കിട്ടുക. രണ്ടാം സ്ഥാനക്കാരെ കാത്തിരിക്കുന്നതും വമ്പന്‍ തുക, 227കോടി രൂപ. മൂന്നാം സ്ഥാനത്ത് എത്തുന്ന ടീമിന് 205 കോടി രൂപയും നാലാം സഥാനത്തെത്തുന്നവര്‍ക്ക് 189 കോടി രൂപയും സമ്മാനത്തുകയായി കാത്തിരിക്കുന്നു. ക്വാര്‍ട്ടര്‍ ഫൈനലില്‍ പുറത്താവുന്ന ടീമുകള്‍ക്ക് 129 കോടി രൂപ വീതവും പ്രീക്വാര്‍ട്ടര്‍ ഫൈനലില്‍ പുറത്താവുന്നവര്‍ക്ക് 98 കോടി രൂപ വീതവും മറ്റ് ടീമുകള്‍ക്ക് 68 കോടി രൂപ വീതവും സമ്മാനത്തുകയായി ഫിഫ നല്‍കും.
ഏഷ്യ വേദിയാവുന്ന രണ്ടാമത്തെ ലോകകപ്പിന് ഖത്തര്‍ ഒരുങ്ങുന്നത്. 2002ല്‍ ജപ്പാനും കൊറിയയും സംയുക്തമായാണ് ലോകകപ്പിന് വേദിയായത്. അന്ന് ജര്‍മനിയെ തോല്‍പിച്ച് ബ്രസീല്‍ കിരീടം നേടി. ലോകം ചുറ്റി ലോകകപ്പ് ഏഷ്യയില്‍ ആര് കിരീടം ചൂടുമെന്ന് കാത്തിരുന്ന് കാണാം.
ഖത്തര്‍ ലോകകപ്പിന്റെ ഗ്രൂപ്പ് ഘട്ട നറുക്കെടുപ്പ് ദിവസങ്ങള്‍ക്ക് മുമ്പ് നടന്നിരുന്നു. മൂന്ന് ടീമുകള്‍ യോഗ്യത ഉറപ്പിക്കും മുന്‍പായിരുന്നു ഇത്തവണത്തെ ലോകകപ്പ് നറുക്കെടുപ്പ്. ആതിഥേയരായ ഖത്തര്‍ ഉദ്ഘാടന മത്സരത്തില്‍ നവംബര്‍ 21ന് ഇക്വഡോറിനെ നേരിടും. ലോകകപ്പിന്റെ ഔദ്യോഗിക ഗാനം ഇതിനകം പുറത്തിറക്കിയിട്ടുണ്ട്. ഒരുമിച്ച് നില്‍ക്കുക (Hayya Hayya- Better Together) എന്ന സന്ദേശത്തോടെയാണ് 2022ലെ ഫിഫ ലോകകപ്പിന്റെ ഔദ്യോഗിക ഗാനം പുറത്തിറക്കിയത്. അറേബ്യന്‍ നാട് ആദ്യമായാണ് ഫുട്‌ബോള്‍ ലോകകപ്പിന് വേദിയാവുന്നത്. മത്സരിക്കുന്ന ടീമുകള്‍ ഗ്രൂപ്പ് അടിസ്ഥാനത്തില്‍
ഗ്രൂപ്പ് എ
ഖത്തര്‍
നെതര്‍ലന്‍ഡ്സ്
സെനഗല്‍
ഇക്വഡോര്‍
ഗ്രൂപ്പ് ബി
ഇംഗ്ലണ്ട്
യുഎസ്എ
ഇറാന്‍
വെയ്ല്‍സ്/ സ്‌കോട്ലന്‍ഡ്/ യുക്രയ്ന്‍
ഗ്രൂപ്പ് സി
അര്‍ജന്റീന
മെക്സിക്കോ
പോളണ്ട്
സൗദി അറേബ്യ
ഗ്രൂപ്പ് ഡി
ഫ്രാന്‍സ്
ഡെന്‍മാര്‍ക്ക്
ടുണീഷ്യ
ഓസ്ട്രേലിയ/ യുഎഇ/ പെറു
ഗ്രൂപ്പ് ഇ
ജര്‍മ്മനി
സ്പെയ്ന്‍
ജപ്പാന്‍
ന്യൂസിലന്‍ഡ്/ കോസ്റ്ററിക്ക
ഗ്രൂപ്പ് എഫ്
ബെല്‍ജിയം
ക്രൊയേഷ്യ
മൊറോക്കോ
കാനഡ
ഗ്രൂപ്പ് ജി
ബ്രസീല്‍
സ്വിറ്റ്സര്‍ലന്‍ഡ്
സെര്‍ബിയ
കാമറൂണ്‍
ഗ്രൂപ്പ് എച്ച്
പോര്‍ച്ചുഗല്‍
ഉറുഗ്വെ
ദക്ഷിണ കൊറിയ
ഘാന