തമിഴ്‌നാട് സാമാന്യമര്യാദ ലംഘിച്ചു', മുല്ലപ്പെരിയാറില്‍
ഇനി കടുത്ത നിലപാടെന്ന് റവന്യൂ മന്ത്രി
തിരുവനന്തപുരം: മുന്നറിയിപ്പ് ഇല്ലാതെ രാത്രികാലങ്ങളിലും തമിഴ്‌നാട് മുല്ലപ്പെരിയാര്‍ ഡാം തുറന്ന് വെളളം പെരിയാറിലേക്ക് തുറന്ന് വിടുന്നതിനെ രൂക്ഷ ഭാഷയില്‍ വിമര്‍ശിച്ച് റവന്യൂ വകുപ്പ് മന്ത്രി കെ രാജന്‍ . തമിഴ്നാട് സാമാന്യ മര്യാദ ലംഘിച്ചുവെന്നും ഇനി സര്‍ക്കാര്‍ കടുത്ത നിലപാടുമായി മുന്നോട്ട് പോകുമെന്നും മന്ത്രി അറിയിച്ചു.
''ഒരു സംസ്ഥാനം ജനങ്ങളോട് കാണിക്കേണ്ട സാമാന്യ മര്യാദ തമിഴ്‌നാട് കാണിക്കുമെന്ന് കരുതി. അതുണ്ടായില്ല. പല തവണ ജനങ്ങളുടെ ബുദ്ധിമുട്ടുകള്‍ അടക്കം അറിയിച്ച് കേരളം, തമിഴ്‌നാട് സര്‍ക്കാരിനെ ബന്ധപ്പെട്ടു. എന്നാല്‍ തമിഴ്‌നാട് തല്‍സ്ഥിതി ആവര്‍ത്തിക്കുകയാണ്. ഇനി ശക്തമായ നടപടിയുമായി മുന്നോട്ട് പോകാനാണ് സംസ്ഥാന സര്‍ക്കാരിന്റെ തീരുമാനം. ഇതിന്റെ ഭാഗമായി വിഷയം സുപ്രീം കോടതിയില്‍ ഗൌരവമായി ഉന്നയിക്കുമെന്നും മന്ത്രി അറിയിച്ചു.
തമിഴ്‌നാട് തോന്നും പടി ഷട്ടറുകള്‍ ഉയര്‍ത്തുകയും താഴ്ത്തുകയും ചെയ്യുന്നത് പെരിയാറിന് തീരത്തെ ജനങ്ങള്‍ക്ക് വളരെയധികം ബുദ്ധിമുട്ടുണ്ടാക്കുന്നുവെന്നത് യാഥാര്‍ത്ഥ്യമാണ്. സാമാന്യ സീമകള്‍ ലംഘിച്ച നടപടിയാണിത്. ഇതെല്ലാം സുപ്രീം കോടതിയെ ശക്തമായി ധരിപ്പിക്കും. ജനങ്ങളുടെ സുരക്ഷയാണ് സംസ്ഥാന സര്‍ക്കാരിന് പ്രധാനം. തമിഴ്‌നാടിന്റെ നടപടിയില്‍ ബുദ്ധിമുട്ടിലായ പെരിയാര്‍ തീരത്തെ ജനങ്ങള്‍ക്ക് എല്ലാ സഹായവും ഉറപ്പ് വരുത്തും. ദുരിതാശ്വാസ ക്യാമ്പുകള്‍ തയ്യാറാണ്. റവന്യൂ വകുപ്പിന്റെ ഉദ്യോഗസ്ഥര്‍ പ്രദേശത്ത് ക്യാമ്പ് ചെയ്താണ് പ്രവര്‍ത്തനങ്ങള്‍ നടത്തുന്നതെന്നും മന്ത്രി അറിയിച്ചു.
അതേ സമയം, ഇന്ന് സുപ്രീം കോടതിയില്‍ കേരളം വിഷയം ഉന്നയിക്കാനിരിക്കെ സംസ്ഥാനത്തിന്റെ നിര്‍ദ്ദേശങ്ങളെ കാറ്റില്‍ പറത്തി പുലര്‍ച്ചെ മുല്ലപ്പെരിയാര്‍ ഡാമിന്റെ ഒന്‍പത് ഷട്ടറുകള്‍ തമിഴ്‌നാട് തുറന്നു. 7140 ഘനയടി വെള്ളമാണ് തുറന്നുവിടുന്നത്. അതിനിടെ അണക്കെട്ട് മുന്നറിയിപ്പില്ലാതെ തുറക്കുന്നതിനെതിരെ സുപ്രീം കോടതിയില്‍ ഡോ. ജോ ജോസഫും സത്യവാങ്മൂലം നല്‍കിയിട്ടുണ്ട്. ജനങ്ങളുടെ ആശങ്ക സുപ്രീം കോടതിയുടെ മുന്നില്‍ കൊണ്ടുവരുന്നതിന് വേണ്ടിയാണ് ജോ ജോസഫ് അധിക സത്യവാങ്മൂലം നല്‍കിയത്. രാത്രി സമയങ്ങളില്‍ മുന്നറിയിപ്പ് പോലും നല്‍കാതെ തമിഴ്‌നാട് സര്‍ക്കാര്‍ വെള്ളം തുറന്നുവിടുന്നത് ജനങ്ങള്‍ക്കിടയില്‍ പരിഭ്രാന്തി ഉണ്ടാക്കുന്നതാണെന്നും തമിഴ്‌നാട് ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി സ്വീകരിക്കണമെന്നുമാണ് സത്യവാങ് മൂലത്തിലെ ആവശ്യം. അണക്കെട്ടുമായി ബന്ധപ്പെട്ട വിഷയങ്ങളില്‍ മേല്‍നോട്ട സമിതിയുടെ നേരിട്ടുള്ള ഇടപെടല്‍ വേണമെന്നും മേല്‍നോട്ടസമിതി സ്വതന്ത്രമായി കാര്യങ്ങള്‍ മുന്നോട്ട് കൊണ്ടുപോകണമെന്നും ആവശ്യം ഉയര്‍ത്തിയിട്ടുണ്ട്.