അഹമ്മദാബാദ്: ചരിത്രം തിരുത്തിക്കുറിച്ച ജയവുമായി ഗുജറാത്തില്‍ ഏഴാം വട്ടവും ബിജെപി അധികാരത്തില്‍. ഗുജറാത്ത് ചരിത്രത്തിലെ എക്കാലത്തെയും വലിയ സീറ്റ് നിലയോടെയാണ് ബിജെപിക്ക് ഭരണത്തുടര്‍ച്ച. ആകെയുള്ള 182 ല്‍ 158 സീറ്റുകളും പിടിച്ചാണ് അധികാരത്തുടര്‍ച്ച. വെറും 16 സീറ്റുമായി ചരിത്രത്തിലെ ഏറ്റവും വലിയ തിരിച്ചടിയാണ് ഗുജറാത്തില്‍ കോണ്‍ഗ്രസ് നേരിട്ടത്. 1985 ല്‍ മാധവ് സിംഗ് സോളങ്കിയുടെ നേതൃത്വത്തില്‍ കോണ്‍ഗ്രസ് നേടിയ 149 എന്ന സീറ്റെന്ന റെക്കോര്‍ഡ് ഇനി പഴങ്കഥയാണ്. തുടര്‍ഭരണത്തില്‍ സിപിഎം ബംഗാളില്‍ കുറിച്ച ചരിത്രത്തിനൊപ്പമാണ് ഇന്ന് ഗുജറാത്തില്‍ ബിജെപി. സംസ്ഥാനത്തെ എല്ലാ മേഖലയും പിടിച്ചടക്കിയാണ് ഈ കുതിപ്പ്.
ചരിത്ര വിജയം നേടിയ ഗുജറാത്തില്‍ നിലവിലെ മുഖ്യമന്ത്രി ഭൂപേന്ദ്രഭായ് പട്ടേല്‍ തന്നെ മുഖ്യമന്ത്രിയായി തുടരും. ബിജെപി കേന്ദ്ര നേതൃത്വമാണ് ഇദ്ദേഹത്തെ മാറ്റേണ്ടെന്ന് തീരുമാനിച്ചത്. ഈ മാസം 12 ന് ഉച്ചയ്ക്ക് രണ്ട് മണിക്കാണ് സത്യപ്രതിജ്ഞ നടത്തുക. കഴിഞ്ഞ തവണ കോണ്‍ഗ്രസിന് മേധാവിത്വം നല്‍കിയ സൗരാഷ്ട്ര കച്ച് മേഖലയില്‍ ഇത്തവണ കോണ്‍ഗ്രസ് തരിപ്പണമായി. തെക്കന്‍ ഗുജറാത്തിലും മധ്യഗുജറാത്തിലും കോണ്‍ഗ്രസിന് കരുത്തുള്ള വടക്കന്‍ ഗുജറാത്തില്‍ പോലും ബിജെപിക്ക് എതിരില്ല. വോട്ട് വിഹിതം ഇത്തവണ 50 ശതമാനവും കടന്നു. മോര്‍ബി ദുരന്തം, വിലക്കയറ്റം, തൊഴിലില്ലായ്മ, ഭരണ വിരുധ വികാരം അങ്ങനെ പ്രചാരണത്തിന്റെ തുടക്കത്തില്‍ തലവേദനയായ വിഷയങ്ങളെല്ലാം ചിട്ടയായ പ്രചാരണത്തിലൂടെ മറികടക്കാന്‍ ബിജെപിക്കായി. മോദിയോട് ഗുജറാത്തികള്‍ക്കുള്ള താല്‍പ്പര്യം ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ മുഴുവന്‍ സീറ്റും നേടിയതില്‍ നിന്ന് വ്യക്തമാണ്. വീണ്ടുമൊരിക്കല്‍ കൂടി അത് മുതലാക്കാന്‍ പ്രചാരണത്തില്‍ മോദിയെ ഇറക്കി മോദിക്കായി വോട്ട് നല്‍കു എന്ന ആഹ്വാനമാണ് ബിജെപി നടത്തിയത്.
ഏക സിവില്‍ കോഡ്, ദ്വാരകയില്‍ നിര്‍മ്മിക്കുന്ന കൂറ്റന്‍ ശ്രീകൃഷ്ണ പ്രതിമ തുടങ്ങി ഗുജറാത്തിന്റെ മര്‍മ്മമറിഞ്ഞുള്ള വാഗ്ദാനങ്ങളും ബിജെപി നല്‍കി. പ്രതിപക്ഷത്ത് വോട്ട് ഭിന്നിക്കുക കൂടി ചെയ്തതോടെ കാര്യങ്ങള്‍ അനായാസമായി. തിങ്കളാഴ്ച ഉച്ചയ്ക്ക് പ്രധാനമന്ത്രിയുടെ കൂടി സാനിധ്യത്തിലാണ് പുതിയ സര്‍ക്കാര്‍ സത്യപ്രതിഞ്ജ ചെയ്യുക. 2002ന് ശേഷം ഗുജറാത്തില്‍ ബിജെപിക്ക് സീറ്റ് നില കുറഞ്ഞ് വരുന്നതായിരുന്നു തെരഞ്ഞെടുപ്പിലെ ട്രെന്‍ഡ്. ആ നിലയില്‍ നിന്നാണ് സംസ്ഥാനത്തെ ചരിത്രം തിരുത്തിക്കുറിക്കുന്ന ജയം ബിജെപി നേടുന്നതെന്നത് ശ്രദ്ധേയമാണ്.