ഓഹരി വിപണിയിൽ ഉണർവ് , നേട്ടത്തോടെ തുടക്കം.
ചൊവാഴ്ച്ച ഓഹരി വിപണി നേട്ടത്തില്‍ ആരംഭിച്ചു. സെൻസെക്‌സ് 300 പോയന്റ് നേട്ടത്തിൽ 50,070ലും നിഫ്റ്റി 77 പോയന്റ് ഉയർന്ന് 14,809ലുമാണ് വ്യാപാരം തുടരുന്നത് സെന്‍സെക്‌സില്‍ ഇന്‍ഡസ്ഇന്‍ഡ് ബാങ്ക്, ആക്‌സിസ് ബാങ്ക്, എച്ച്‌സിഎല്‍ ടെക്‌നോളജീസ്, ഐസിഐസിഐ ബാങ്ക്, ടൈറ്റന്‍, മാരുതി സുസുക്കി ഓഹരികളാണ് ഇന്ന് മുന്നേറുന്നത്. മേല്‍പ്പറഞ്ഞ സ്റ്റോക്കുകളെല്ലാം രാവിലെ 1 ശതമാനത്തിന് മുകളില്‍ നേട്ടത്തോടെ വ്യാപാരം നടത്തുന്നുണ്ട്. മറുഭാഗത്ത് പവര്‍ ഗ്രിഡ്, കൊട്ടാക്ക് മഹീന്ദ്ര ബാങ്ക്, ഏഷ്യന്‍ പെയിന്റ്‌സ് ഓഹരികള്‍ നഷ്ടത്തില്‍ തുടരുന്നു .
നിഫ്റ്റിയിലെ വ്യവസായങ്ങളുടെ വില സൂചികകള്‍ എല്ലാം നേട്ടത്തിലാണ് ഇടപാടുകള്‍ക്ക് തുടക്കമിട്ടത്. കൂട്ടത്തില്‍ നിഫ്റ്റി ഐടി സൂചിക 1 ശതമാനത്തിന് മുകളില്‍ മുന്നേറുകയാണ്. നിഫ്റ്റി ബാങ്ക് സൂചിക 0.89 ശതമാനം നേട്ടത്തില്‍ തുടരുന്നു. ചൊവാഴ്ച്ച നിക്ഷേപകരുടെ ശ്രദ്ധ മുഴുവന്‍ ബാങ്ക് ഓഹരികളിലാണ്. വായ്പാ മൊറട്ടോറിയം സംബന്ധിച്ച ഹര്‍ജികളിന്മേല്‍ ഇന്ന് സുപ്രീം കോടതി വിധി പറയും. വായ്പാ മൊറട്ടോറിയം നീട്ടണമെന്ന ഹര്‍ജിയുമായി നിരവധി വ്യാപാരി-വ്യവസായി സംഘടനകള്‍ സുപ്രീം കോടതിയെ സമീപിച്ചിട്ടുണ്ട്. പലിശയും കുടിശ്ശികയും എഴുതിത്തള്ളേണ്ട സാഹചര്യമുണ്ടായാല്‍ 6 ലക്ഷം കോടി രൂപയായിരിക്കും ബാങ്കുകള്‍ക്ക് നഷ്ടം സംഭവിക്കുകയെന്ന് സര്‍ക്കാര്‍ നേരത്തെ കോടതിയെ അറിയിച്ചിരുന്നു. ഇന്ന് വിശാല വിപണികളില്‍ ബിഎസ്ഇ മിഡ്ക്യാപ്, സ്‌മോള്‍ക്യാപ് സൂചികകള്‍ 0.6 ശതമാനവും 1 ശതമാനവും വീതം നേട്ടം കുറിക്കുന്നുണ്ട്. വിപണിയുടെ ചാഞ്ചാട്ടം അളക്കുന്ന ഇന്ത്യാ വിഐഎക്‌സ് സൂചിക 21 പോയിന്റിന് മുകളില്‍ തുടരുകയാണ്. എന്തായാലും 10 വര്‍ഷം കാലാവധിയുള്ള അമേരിക്കന്‍ ബോണ്ടുകളുടെ വരുമാനം പതിയെ ക്രമപ്പെടുന്നുണ്ട്. ഈ സാഹചര്യം വിപണിയുടെ തിരിച്ചുവരവിന് വഴിയൊരുക്കും.