അതിജീവിത മുഖ്യമന്ത്രിയെ കണ്ടു; സര്‍ക്കാര്‍ കൂടെയുണ്ടെന്ന് മുഖ്യമന്ത്രി
 



തിരുവനന്തപുരം: കേസില്‍ സര്‍ക്കാരിന്റെ പിന്തുണ തേടി അതിജീവിത ഇന്നലെ മുഖ്യമന്ത്രിയെ നേരില്‍ കണ്ടു. തുടരന്വേഷണം അവസാനിപ്പിക്കരുതെന്നും കേസ് അട്ടിമറിക്കാന്‍ ശ്രമിച്ചവര്‍ക്കെതിരെ നടപടി വേണമെന്നും മുഖ്യമന്ത്രിക്ക് നല്‍കിയ നിവേദനത്തില്‍ നടി ആവശ്യപ്പെട്ടു. എത്ര ഉന്നതനായാലും നടപടി ഉണ്ടാകുമെന്ന് അതിജീവിതയ്ക്ക് മുഖ്യമന്ത്രി ഉറപ്പ് നല്‍കി. നടിയുമായുള്ള കൂടിക്കാഴ്ചയ്ക്ക് പിന്നാലെ ഡിജിപിയെയും ക്രൈംബ്രാഞ്ച് എഡിജിപിയെയും മുഖ്യമന്ത്രി വിളിച്ചുവരുത്തി.

കേസ് അന്വേഷണം അന്തിമഘട്ടത്തില്‍ എത്തിനില്‍ക്കെയാണ് മുഖ്യമന്ത്രിയുമായുള്ള സുപ്രധാന കൂടിക്കാഴ്ച. മൂന്ന് പേജുള്ള നിവേദനം മുഖ്യന്ത്രിക്ക് നടി കൈമാറി. തുടരന്വേഷണം അവസാനിപ്പിക്കരുതെന്നും കേസില്‍ ഇടപെട്ട അഭിഭാഷകരെ ചോദ്യം ചെയ്യണം എന്നും സ്‌പെഷ്യല്‍ പ്രോസിക്യൂട്ടറെ നിയമിക്കണം എന്നും നിവേദനത്തില്‍ ആവശ്യപ്പെട്ടു. ദൃശ്യങ്ങള്‍ ചോര്‍ത്തിയവര്‍ക്കെതിരെ നടപടി വേണമെന്നും നടി ആവശ്യപ്പെട്ടു. മുഖ്യമന്ത്രിക്ക് മുമ്പില്‍ വിതുമ്പിയ നടിയെ മുഖ്യമന്ത്രി ചേര്‍ത്തുനിര്‍ത്തി. എല്ലാക്കാലത്തും അതിജീവിതയ്‌ക്കൊപ്പമാണ് സര്‍ക്കാരെന്ന് ഉറപ്പ് നല്‍കി.

സര്‍ക്കാര്‍ തുടക്കം മുതല്‍ അതിജീവിതയ്‌ക്കൊപ്പം തന്നെയാണെന്ന് പിന്നീട് മുഖ്യമന്ത്രി വ്യക്തമാക്കി. അന്വേഷണത്തില്‍ സര്‍ക്കാര്‍ ഇടപെടല്‍ ഉണ്ടായിട്ടില്ല. കൈബ്രാഞ്ച് മേധാവിയുടെ മാറ്റം സ്വാഭാവിക നടപടി മാത്രമാണെന്നും അതില്‍ ആശങ്ക വേണ്ടെന്നും മുഖ്യമന്ത്രി അറിയിച്ചു. കോടതിയെ സമീപിക്കാന്‍ ഇടയായത് സര്‍ക്കാര്‍ നടപടിയില്‍ ഏതെങ്കിലും തരത്തിലുള്ള വീഴ്ചകളുടെ പേരിലല്ലെന്ന് അതിജീവിത പറഞ്ഞുവെന്ന് മുഖ്യമന്ത്രി പ്രസ്താവനയില്‍ പറഞ്ഞു.

കേസില്‍ നടന്നിട്ടുള്ള ചില കാര്യങ്ങളില്‍ കോടതിയുടെ അനുകൂല ഉത്തരവ് പ്രതീക്ഷിച്ചും അന്വേഷണത്തിന് കൂടുതല്‍ സമയം ലഭിക്കാനും വേണ്ടിയാണ് ഇത് ചെയ്തത്.  കൂടെ നില്‍ക്കുന്ന സര്‍ക്കാരിനും മുഖ്യമന്ത്രിക്കും അവര്‍ നന്ദി പറഞ്ഞു. അതിജീവതയുമായുള്ള കൂടിക്കാഴ്ചയ്ക്കു ശേഷം മുഖ്യമന്ത്രി അടിയന്തിരമായി സംസ്ഥാന പൊലീസ് മേധാവിയെയും ക്രൈംബ്രാഞ്ച് എ.ഡി.ജി.പിയെയും ചേംബറില്‍ വിളിച്ചുവരുത്തി അതിജീവിത ഉന്നയിച്ച കാര്യങ്ങള്‍ സംബന്ധിച്ചും കേസന്വേഷണം കാര്യക്ഷമമാക്കുന്നതിനും ആവശ്യമായ നിര്‍ദ്ദേശങ്ങള്‍ നല്‍കിയെന്നും മുഖ്യമന്ത്രി പറഞ്ഞു. 

Recent Updates

IIIISI


 

 

Happy Onam

Happy Vishu

 Happy Republic Day

0 Comments

Leave a reply

Social Media