കമലാ ഹാരിസിനെ ഉപയോഗിച്ച് സ്വന്തം ബ്രാന്‍ഡ് വളര്‍ത്തേണ്ട; മരുമകള്‍ക്ക് താക്കീത്
അമേരിക്കന്‍ വൈസ് പ്രസിഡന്റായി ചുമതലയേറ്റ ഇന്ത്യന്‍ വംശജ കമലാ ഹാരിസിന് ലോകമെമ്പാടും ആരാധകരുണ്ട്. ഈ സ്വാധീനം ഉപയോഗിച്ച് സ്വന്തം ബ്രാന്‍ഡ് ബില്‍ഡിങ്ങിന് ശ്രമിച്ചിരിയ്ക്കുകയാണ് ഒരാള്‍. കമലാ ഹാരിസിന്റെ മരുമകളാണ് മീന ഹാരിസ് തന്നെയാണ് കമലാ ഹാരിസിനെ തുറുപ്പ് ചീട്ടാക്കി തന്റെ പേഴ്‌സണല്‍ ബ്രാന്‍ഡിങ്ങിന് ശ്രമിച്ചത്. ഇതിന് വൈറ്റ് ഹൗസ് അഭിഭാഷകരുടെ ശകാരവും സംരംഭക കൂടെയായ മീന ഹാരിസിന് കേള്‍ക്കേണ്ടി വന്നിരിയ്ക്കുകയാണ് .
അഭിഭാഷകയും സംരംഭകയും ഒക്കെയായ മീന ഹാരിസ് സമൂഹമാധ്യമങ്ങളില്‍ ഏറ്റവും കൂടുതല്‍ സ്വാധീനമുള്ളവരില്‍ ഒരാള്‍ കൂടെയാണ്. ഇന്‍സ്റ്റഗ്രാമില്‍ മാത്രം 800,000 ഫോളോവേഴ്‌സാണ് മീന ഹാരിസിനുള്ളത്. യുഎസ് വൈസ് പ്രസിഡന്റ് എന്ന നിലയില്‍ കമലാഹാരിസിന്റെ ചിത്രങ്ങളും സ്വാധീനവും ഉപയോഗിച്ച് ഫോളോവേഴ്‌സിനെ കൂട്ടുന്ന നടപടിയാണ് വൈറ്റ് ഹൗസ് അഭിഭാഷകരെ പ്രകോപിപ്പിച്ചത്. മീന ഹാരിസിന്റെ പ്രവൃത്തിയുടെ നൈതിക വശങ്ങളാണ് ഇപ്പോള്‍ വലിയ ചര്‍ച്ചയായിരിക്കുന്നത്. എഴുത്തുകാരി കൂടെയായ മീന പുസ്തകങ്ങളും പ്രസിദ്ധീകരിച്ചിട്ടുണ്ട്.
ചില കാര്യങ്ങള്‍ ചെയ്യാന്‍ പാടില്ലെന്നും പെരുമാറ്റം മാറ്റണമെന്നുമാണ് ഇതേക്കുറിച്ച് വൈറ്റ് ഹൗസ് വക്താവിന്റെ വിശദീകരണം. മീന ഹാരിസിന്റെ പുതിയ പുസ്തകത്തിന്റെ പുറംചട്ടയില്‍ കമല ഹാരിസിന്റെ പേര് പ്രസിദ്ധീകരിച്ചിരിയ്ക്കുന്നതും ബിസിനസ് പ്രമോഷന്റെ ഭാഗമായി ടീ ഷര്‍ട്ടില്‍ വൈസ് പ്രസിഡന്റ് ആന്റീ എന്ന് അച്ചടിച്ചിരിയ്ക്കുന്നതും ഒക്കെയാണ് നിലവിലെ നിയമവും നൈതിക വശങ്ങളും അനുസരിച്ച് ശരിയല്ല എന്ന് വൈറ്റ് ഹൗസ് ചൂണ്ടിക്കാട്ടിയിരിക്കുന്നത്. ഫിനോമിനല്‍ വുമന്‍ എന്ന പേരില്‍ ആണ് യുഎസില്‍ മീന ഹാരിസിന് വസ്ത്ര ബ്രാന്‍ഡുള്ളത്. ആമസോണില്‍ ഉള്‍പ്പെടെ ടീഷര്‍ട്ട് ലഭ്യമാണ്.