പ്രശസ്ത തിരക്കഥാകൃത്തും സംവിധായകനും നടനുമായ പി ബാലചന്ദ്രൻ അന്തരിച്ചു.
പ്രശസ്ത തിരക്കഥാകൃത്തും സംവിധായകനും നടനുമായ പി ബാലചന്ദ്രൻ അന്തരിച്ചു. 69 വയസ്സായിരുന്നു. പുലർച്ചെ സ്വവസതിയിൽ വെച്ചായിരുന്നു അന്ത്യം. കഴിഞ്ഞ കുറച്ചു നാളുകളായി അസുഖങ്ങളാൽ ചികിത്സയിലായിരുന്നു.ഭാര്യ ശ്രീലത, മക്കൾ; ശ്രീകാന്ത് ചന്ദ്രൻ, പാർവ്വതി ചന്ദ്രൻ. സംസ്കാരം ഇന്ന് വൈകിട്ട് മൂന്ന് മണിക്ക്.
കൊല്ലം ജില്ലയിലെ ശാസ്താംകോട്ടയിലായിരുന്നു ജനനം.ശാസ്‌താംകോട്ട ദേവസ്വം ബോർഡ് കോളജ്, കൊല്ലം കർമലറാണി ട്രെയിനിങ് കോളേജ്, തൃശൂർ സ്‌കൂൾ ഓഫ് ഡ്രാമ എന്നിവിടങ്ങളിലായിട്ടായിരുന്നു പഠനം. എംജി സർവ്വകലാശാലയിലെ സ്കൂൾ ഓഫ് ലെറ്റേഴ്സിൽ അധ്യാപകനായിട്ടായിരുന്നു തുടക്കം. പിന്നീട് സ്കൂൾ ഓഫ് ഡ്രാമയിൽ കുറച്ചു കാലം അധ്യാപകനായി പ്രവർത്തിച്ചിട്ടുണ്ട്.
1991ൽ മോഹൻലാൽ പ്രധാന വേഷത്തിലെത്തിയ ചിത്രമായ അങ്കിൾബൺ എന്ന ചിത്രത്തിൽ തിരക്കഥ എഴുതികൊണ്ടാണ് സിനിമയിൽ സജീവമായത്. പിന്നീട് ഉള്ളടക്കം, പവിത്രം, തച്ചോളി വർഗീസ് ചേകവർ, പുനരധിവാസം, അഗ്നിദേവൻ, കമ്മട്ടിപ്പാടം തുടങ്ങിയ ചിത്രങ്ങൾക്കു തിരക്കഥയൊരുക്കി. 2019 ൽ പുറത്തിറങ്ങിയ എടക്കാട് ബറ്റാലിയനാണ് അവസാനം തിരക്കഥയെഴുതി പുറത്തിറങ്ങിയ ചിത്രം.തിരക്കഥാകൃത്ത് മാത്രമല്ല അഭിനയത്തിലും സജീവമായിരുന്നു ബാലചന്ദ്രൻ. മമ്മൂട്ടി ചിത്രമായ വണ്ണിലാണ ഏറ്റവും ഒടുവിൽ അഭിനയിച്ചത്.