തക്കാളിക്ക് വന്‍ വില വര്‍ധനവ്; മൊത്തവില രണ്ടരരൂപയില്‍ നിന്ന് 22 ആയി 


രാജ്യത്ത് തക്കാളി വിലയില്‍ വന്‍ വര്‍ധന. തക്കാളിയുടെ മൊത്തവ്യാപാര വില സെപ്റ്റംബറിലെ രണ്ടര രൂപയില്‍ നിന്ന് 22 രൂപയായി മാറിയെന്ന് ടൈംസ് ഓഫ് ഇന്ത്യയില്‍ വന്ന റിപ്പോര്‍ട്ട് പറയുന്നു. രാജ്യത്തെ ഏറ്റവും വലിയ തക്കാളി മൊത്ത വ്യാപാര ചന്തയായ മഹാരാഷ്ട്രയിലെ പിംപാല്‍ഗണില്‍ ഇപ്പോള്‍ ഒരു കിലോഗ്രാം തക്കാളി 22 രൂപക്കാണ് വില്‍ക്കുന്നത്.

മൊത്ത വ്യാപാര വില ഉയര്‍ന്നതോടെ മഹാരാഷ്ട്രയിലെ വിവിധ ചന്തകളിലെ റീട്ടെയില്‍ വിലയും വര്‍ധിച്ചു. പൂനെയിലും നാസിക്കിലും 60 രൂപക്കും മുംബൈയില്‍ 80 രൂപക്കും കൊല്ലാപൂരില്‍ 100 രൂപക്കുമാണ് ഒരു കിലോഗ്രാം തക്കാളി വില്‍ക്കുന്നത്.

സെപ്റ്റംബറില്‍ പെയ്ത കനത്തമഴയും ഗുലാബ് ചുഴലിക്കൊടുങ്കാറ്റും നാസിക്കിലെയും കൊല്ലാപൂരിലെയും ആയിരക്കണക്കിന് ഹെക്ടര്‍ തക്കാളി കൃഷി നശിപ്പിച്ചതാണ് വിലവര്‍ധനവിന് കാരണം. രാജ്യത്ത് ഏറ്റവുമധികം തക്കാളി ഉല്‍പ്പാദിപ്പിക്കുന്ന പ്രദേശമാണ് നാസിക്ക്. പത്ത് ലക്ഷത്തിലധികം പേര്‍ അവിടെ തക്കാളി കൃഷി ചെയ്യുന്നുണ്ട്.

നിലവില്‍ ഒരു ദിവസം 34 ലക്ഷം കിലോഗ്രാം തക്കാളി മാത്രമാണ് വിപണിയില്‍ എത്തുന്നതെന്ന് പിംപാല്‍ഗണിലെ അഗ്രികള്‍ച്ചറല്‍ പ്രൊഡ്യൂസ് ആന്റ് ലൈവ്സ്റ്റോക്ക് മാര്‍ക്കറ്റ് കമ്മിറ്റി (എ.പി.എം.സി) ഭാരവാഹിയായ ദീപക് ഗാവ്ലി പറഞ്ഞു. '' മുന്‍ വര്‍ഷങ്ങളില്‍ ഈ സമയത്ത് 70 ലക്ഷം വരെ കിലോഗ്രാം വരുമായിരുന്നു. ചരക്കിന്റെ ലഭ്യതക്കുറവാണ് വില വര്‍ധിക്കാന്‍ കാരണം.''-- ദീപക് ഗാവ്ലി വിശദീകരിച്ചു.

കനത്ത മഴ മൂലം നാസിക്കിലെ 50 ശതമാനം കൃഷിയും നശിച്ചുവെന്നാണ് വ്യാപാരിയായ ഭീഖ്ചന്ദ് പരേഖ് പറയുന്നത്. അതിനാല്‍ നഗരങ്ങള്‍ക്ക് വേണ്ട തക്കാളി എത്തുന്നില്ല. തോട്ടങ്ങളില്‍ പുതുതായി തക്കാളിയുണ്ടായാല്‍ മാത്രമേ വില കുറയൂ എന്നാണ് അദ്ദേഹത്തിന്റെ നിരീക്ഷണം.

കനത്തമഴക്ക് മുമ്പ് തക്കാളിയുടെ ഉല്‍പ്പാദനം സംസ്ഥാനത്ത് വന്‍തോതില്‍ വര്‍ധിച്ചിരുന്നു. ഇത് വില വന്‍തോതില്‍ കുറയാനും കാരണമായിരുന്നു. കിലോഗ്രാമിന് ഒന്നര രൂപയായി വിലകുറഞ്ഞതോടെ പല കര്‍ഷകരും ചന്തക്കു വെളിയില്‍ തക്കാളി ഉപേക്ഷിച്ചാണ് ഗ്രാമത്തിലേക്ക് തിരികെ പോയത്. തക്കാളി ലോറിയിലും മറ്റും കയറ്റി തിരികെ കൊണ്ടുപോവുന്നത് കൂടുതല്‍ നഷ്ടമുണ്ടാക്കുമെന്നതായിരുന്നു കാരണം. സോംനാഥ് കുലാഗി എന്ന കര്‍ഷകനും ഇങ്ങനെ തക്കാളി ഉപേക്ഷിച്ചിരുന്നു. വീട്ടിലെത്തിയ ശേഷം തക്കാളി തോട്ടം തന്നെ നശിപ്പിച്ചു. പകരം മുളകാണ് കൃഷി ചെയ്തത്. '' ഇപ്പോള്‍ തക്കാളി ചോദിച്ച് നഗരങ്ങളില്‍ നിന്ന് ഫോണ്‍ വിളികള്‍ വരുന്നു. തക്കാളി നശിപ്പിക്കണമെന്ന തീരുമാനം തെറ്റായിരുന്നു.''--സോംനാഥ് പറയുന്നു.

ഷിറോലി, സാങ്ക്ലി, ഷോളാപൂര്‍ എന്നിവിടങ്ങളില്‍ നിന്നാണ് തക്കാളി കൂടുതലായി എത്തിയിരുന്നതെന്ന് കൊല്ലാപൂരിലെ വ്യാപാരിയായ
സുബൈര്‍ പറയുന്നു. ഇവിടെയൊക്കെ പ്രളയം മൂലം കൃഷി നശിച്ചു. കൂടാതെ ഷോളാപൂരിലെ കര്‍ഷകര്‍ ഇപ്പോള്‍ മുംബൈയിലേക്കാണ് തക്കാളി അയക്കുന്നത്. ഇത് ദക്ഷിണ മഹാരാഷ്ട്രയിലെ വിലവര്‍ധിക്കാന്‍ കാരണമായെന്നും സുബൈര്‍ വിശദീകരിച്ചു.

പ്രകൃതി ദുരന്തത്തിന് പുറമെ ഡീസല്‍ വില വര്‍ധനയും പച്ചക്കറികളുടെ വില വര്‍ധിക്കാന്‍ കാരണമാവുന്നതായി എ.പി.എം.സി പ്രസിഡന്റായ ജഗന്നാഥ് കാലെ പറഞ്ഞു. പൂനെയിലെ ഗക്കഡി ചന്തയിലേക്കുള്ള തക്കാളി വരവ് വന്‍തോതില്‍ കുറഞ്ഞെന്നാണ് ചന്ത നടത്തിപ്പുകാരനായ ദത്ത കലംകര്‍ പറയുന്നത്. കൊവിഡ്-19 നിയന്ത്രണങ്ങള്‍ മാറിയതിനാല്‍ ഹോട്ടലുകളും റെസ്റ്ററന്റുകളും തക്കാളി വാങ്ങാന്‍ തുടങ്ങി. ഇതും വില കൂടാന്‍ കാരണമായി. വരും ആഴ്ച്ചകളില്‍ വില ഇനിയും കൂടുമെന്നാണ് ദത്ത പറയുന്നത്. മഴ മൂലം കൃഷി നശിക്കുക മാത്രമല്ല, ബാക്കിയായ തക്കാളിയുടെ ഗുണം കുറഞ്ഞെന്നും കര്‍ഷകനായ സതീഷ് പോട്ടെ പറഞ്ഞു.

കാലാവസ്ഥാ വ്യതിയാനവും തക്കാളിയും

ഗുലാബ് ചുഴലിക്കൊടുങ്കാറ്റ് കാലാവസ്ഥാ വ്യതിയാനത്തിന്റെ തെളിവാണെന്ന് ശാസ്ത്രജ്ഞര്‍ പറയുന്നത്. മണ്‍സൂണ്‍ കാലത്ത് പൊതുവില്‍ ബംഗാള്‍ ഉള്‍ക്കടലില്‍ ചുഴലിക്കൊടുങ്കാറ്റുണ്ടാവാറില്ലെന്നാണ് കാലാവസ്ഥാ ശാസ്ത്രജ്ഞനായ റോക്സി മാത്യു കോല്‍ പറഞ്ഞതെന്ന് ദ പ്രിന്റ് റിപ്പോര്‍ട്ട് ചെയ്യുന്നു. കാലാവസ്ഥാ വ്യതിയാനം തക്കാളികൃഷിയെ പ്രതികൂലമായി ബാധിക്കുമെന്ന് ഇറ്റലിയില്‍ 2019ല്‍ നടത്തിയ പഠനത്തില്‍ കണ്ടെത്തിയിരുന്നു. കാലാവസ്ഥാ വ്യതിയാനം ഉല്‍പ്പാദനം കുറക്കുന്നതിന് പുറമെ കടത്തുകൂലിയിലെ വര്‍ധനയും വില കൂടാന്‍ കാരണമാവും. ഡീസല്‍ വിലയിലെ നിരന്തര വര്‍ധന പച്ചക്കറി വില 30 ശതമാനം വര്‍ധിക്കാന്‍ കാരണമായെന്നാണ് ഹിന്ദുസ്ഥാന്‍ ടൈംസിലെ റിപ്പോര്‍ട്ട് പറയുന്നത്.

Recent Updates

IIIISI


 

 

Happy Onam

Happy Vishu

 Happy Republic Day

0 Comments

Leave a reply

Social Media