ഗെയില്‍ പൈപ്പ് ലൈന്‍ പദ്ധതി; പുതിയ നാല് സിഎന്‍ജി സ്റ്റേഷനുകള്‍ ഈ വര്‍ഷം സ്ഥാപിക്കുമെന്ന് വ്യവസായ മന്ത്രി  


തിരുവനന്തപുരം: ഗെയില്‍ പൈപ്പ് ലൈന്‍ പദ്ധതിയുടെ ഭാഗമായി പെരുമ്പാവൂര്‍, നോര്‍ത്ത് പറവൂര്‍, വെല്ലിങ്ടണ്‍ ഐലന്‍ഡ്, മറൈന്‍ ഡ്രൈവ് തുടങ്ങിയ പ്രദേശങ്ങളില്‍ ഈ സാമ്പത്തിക വര്‍ഷം തന്നെ സിഎന്‍ജി സ്റ്റേഷനുകള്‍ സ്ഥാപിക്കുമെന്ന് വ്യവസായ വകുപ്പ് മന്ത്രി പി രാജീവ്. നിയമസഭയിലാണ് മന്ത്രി ഇക്കാര്യം അറിയിച്ചത്.

പ്രകൃതിവാതക പൈപ്പ് ലൈന്‍ കടന്നുപോകുന്ന പ്രദേശങ്ങളില്‍ ചെറുകിട വ്യവസായങ്ങള്‍, വാഹനങ്ങള്‍ എന്നിവയ്ക്കുള്ള ഇന്ധനം വിതരണം ചെയ്യാനാകും. എറണാകുളം, തൃശ്ശൂര്‍, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍ഗോഡ് ജില്ലകളില്‍ പ്രകൃതിവാതകം വിതരണം ചെയ്യുന്നതിന് ഇന്ത്യന്‍ ഓയില്‍-അദാനി ഗ്യാസ് പ്രൈവറ്റ് ലിമിറ്റഡ് എന്ന കമ്പനിയെയാണ് പെട്രോളിയം & നാച്ചുറല്‍ ഗ്യാസ് റെഗുലേറ്ററി ബോര്‍ഡ് ചുമതലപ്പെടുത്തിയിട്ടുള്ളത്.

കമ്പനിക്ക് പ്രകൃതിവാതകം നല്‍കുവാനായി എല്ലാ ജില്ലകളിലും ആവശ്യമായ സംവിധാനം ഗെയ്ല്‍ ഒരുക്കിയിട്ടുണ്ട്. വിതരണത്തിനായുള്ള പൈപ്പ് ലൈന്‍ ശൃംഖല സ്ഥാപിക്കേണ്ട ചുമതല ഇന്ത്യന്‍ ഓയില്‍-അദാനി ഗ്യാസ് പ്രൈവറ്റ് ലിമിറ്റഡിനാണ്. നിലവില്‍ എറണാകുളം, തൃശ്ശൂര്‍ ജില്ലകളില്‍ 10 വീതവും മലപ്പുറത്ത് മൂന്നും കോഴിക്കോട് നാലും പാലക്കാടും കണ്ണൂരും ഒന്ന് വീതവും, സി.എന്‍.ജി സ്റ്റേഷനുകള്‍ പ്രവര്‍ത്തിക്കുന്നുണ്ട്. 2026-ഓടെ വിവിധ ജില്ലകളിലായി 615 സി.എന്‍.ജി സ്റ്റേഷനുകള്‍ സ്ഥാപിക്കുന്നതിനാണ് ഇന്ത്യന്‍ ഓയില്‍-അദാനി ഗ്യാസ് പ്രൈവറ്റ് ലിമിറ്റഡ് വിഭാവനം ചെയ്തിട്ടുള്ളതെന്നും അദ്ദേഹം പറഞ്ഞു.


ഗെയ്ല്‍ പൈപ്പ് ലൈന്‍ കടന്നുപോകാത്ത ജില്ലകളായ തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ എന്നീ ജില്ലകളില്‍ വാതക വിതരണ ഏജന്‍സിയായി അറ്റ്ലാന്റിക് ഗള്‍ഫ് & പസഫിക് എന്ന കമ്പനിയെയാണ് പെട്രോളിയം & നാച്ചുറല്‍ ഗ്യാസ് റെഗുലേറ്ററി ബോര്‍ഡ് നിശ്ചയിച്ചിട്ടുള്ളത്. പ്രസ്തുത കമ്പനി പദ്ധതി നടപ്പിലാക്കുവാനുള്ള പ്രാഥമിക നടപടികള്‍ ആരംഭിച്ചിട്ടുണ്ട്. ഇന്ത്യന്‍ ഓയില്‍ അദാനി ഗ്യാസ് പ്രൈവറ്റ് ലിമിറ്റഡും എ ജി & പി എന്ന കമ്പനിയും ചേര്‍ന്ന് സിറ്റി ഗ്യാസ് പദ്ധതിയുടെ ഭാഗമായി 11 ജില്ലകളില്‍ ഗാര്‍ഹിക-വ്യാവസായിക ആവശ്യങ്ങള്‍ക്കുള്ള ഗ്യാസ് കണക്ഷന്‍ ലഭ്യമാക്കാന്‍ നടപടി സ്വീകരിക്കുന്നുണ്ട്. നിലവില്‍ 3,761 ഗാര്‍ഹിക ഗ്യാസ് കണക്ഷനുകള്‍ നല്‍കിയിട്ടുണ്ട്. 2022 മാര്‍ച്ചോടെ 54,000 ഗാര്‍ഹിക കണക്ഷനുകള്‍ നല്‍കാന്‍ കഴിയുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഈ സാമ്പത്തിക വര്‍ഷം പെരുമ്പാവൂര്‍, നോര്‍ത്ത് പറവൂര്‍, വെല്ലിങ്ടണ്‍ ഐലന്‍ഡ്, മറൈന്‍ ഡ്രൈവ് തുടങ്ങിയ പ്രദേശങ്ങളില്‍ സി.എന്‍.ജി സ്റ്റേഷനുകള്‍ സ്ഥാപിക്കുവാനാണ് ഇന്ത്യന്‍ ഓയില്‍ - അദാനി ഗ്യാസ് പ്രൈവറ്റ് ലിമിറ്റഡ് ലക്ഷ്യമിടുന്നത്. പെട്രോനെറ്റ് എല്‍.എന്‍.ജി സ്ഥിതിചെയ്യുന്ന പ്രദേശമെന്ന പരിഗണന നല്‍കി പുതുവൈപ്പിന്‍ പ്രദേശത്ത് സര്‍വ്വേ നടത്തി സി.എന്‍.ജി പമ്പുകള്‍ സ്ഥാപിക്കുന്ന ഇന്ത്യന്‍ ഓയില്‍-അദാനി ഗ്യാസ് കമ്പനിയുടെ പരിഗണനയിലാണെന്നും പി രാജീവ് കൂട്ടിച്ചേര്‍ത്തു.

കൊച്ചി - കൂറ്റനാട് - ബാംഗ്ലൂര്‍ -മംഗ്ലൂര്‍ ഗെയ്ല്‍ പ്രകൃതി വാതക പൈപ്പ് ലൈന്‍ പദ്ധതി രണ്ട് ഘട്ടങ്ങളായാണ് സംസ്ഥാനത്ത് നടപ്പിലാക്കിയതെന്നും മന്ത്രി പറഞ്ഞു. ഒന്നാംഘട്ടത്തില്‍ 48 കി.മീ ദൈര്‍ഘ്യമുള്ള പൈപ്പ് ലൈനാണ് 2013-ല്‍ പൂര്‍ത്തിയാക്കിയത്. കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്ത് 450 കി.മീ ദൈര്‍ഘ്യമുള്ള രണ്ടാംഘട്ടം യാഥാര്‍ത്ഥ്യമാക്കി. ഇതോടെ സംസ്ഥാനത്തിന്റെ വ്യാവസായിക കുതിപ്പിന് ഉത്തേജനം നല്‍കാനായി. ചെറുകിട-വന്‍കിട വ്യവസായങ്ങള്‍ക്ക് പ്രകൃതി വാതകം ലഭ്യമാകുന്നതോടെ ഇന്ധന ചെലവ് വളരെയധികം ലാഭിക്കാനാകുമെന്നത് വ്യവസായ വികസനത്തിന് മുതല്‍ക്കൂട്ടാകുമെന്നും അദ്ദേഹം നിയമസഭയില്‍ പറഞ്ഞു.

Recent Updates

IIIISI


 

 

Happy Onam

Happy Vishu

 Happy Republic Day

0 Comments

Leave a reply

Social Media