ഉന്നത മൂല്യമുള്ള ഇടപാടുകള്‍ക്ക് എല്‍ഇഐ നമ്പര്‍ നിര്‍ബന്ധം
ദില്ലി: 50 കോടി രൂപയോ അതിന് മുകളിലോ ഉള്ള പണമിടപാടുകള്‍ക്ക് എല്‍ഇഐ അഥവാ ലീഗല്‍ എന്റിറ്റി ഐഡന്റിഫയര്‍ നമ്പര്‍ റിസര്‍വ് ബാങ്ക് നിര്‍ബന്ധമാക്കി. റിസര്‍വ് ബാങ്കിന്റെ കേന്ദ്രീകൃത പേയ്മെന്റ് സംവിധാനങ്ങളായ ആര്‍ടിജിഎസ് (റിയല്‍ ടൈം ഗ്രോസ് സെറ്റില്‍മെന്റ്), എന്‍ഇഎഫ്ടി (നാഷണല്‍ ഇലക്ട്രോണിക് ഫണ്ട് ട്രാന്‍സ്ഫര്‍) എന്നിവ വഴി നടത്തുന്ന 50 കോടി രൂപയ്ക്ക് മുകളിലുള്ള ഇടപാടുകള്‍ക്കാണ് എല്‍ഇഐ നമ്പര്‍ നിര്‍ബന്ധമാകുക. ഏപ്രില്‍ ഒന്നു മുതല്‍ ഇത് പ്രാബല്യത്തില്‍ വരും.
വലിയ സാമ്പത്തിക ഇടപാടുകള്‍ നടത്തുന്നവര്‍ക്കിടയില്‍ കൈമാറുന്ന 20 അക്ക സുരക്ഷാ നമ്പറാണ് ലീഗല്‍ എന്റിറ്റി ഐഡന്റിഫയര്‍. ആഗോള തലത്തിലുള്ള സാമ്പത്തിക ഇടപാടുകള്‍ക്ക് നല്‍കുന്ന നമ്പറാണിത്. ആര്‍ടിജിഎസ്, നെഫ്റ്റ് എന്നിവയിലൂടെ 50 കോടി രൂപയും അതിനുമുകളിലുള്ളതുമായ എല്ലാ ഇടപാടുകളുടെയും രേഖകള്‍ സൂക്ഷിക്കാന്‍ ബാങ്കുകളോട് റിസര്‍വ് ബാങ്ക് ആവശ്യപ്പെട്ടിട്ടുണ്ട്.
2008 ലെ ആഗോള സാമ്പത്തിക പ്രതിസന്ധിയ്ക്ക് ശേഷമാണ് വലിയ പണകൈമാറ്റത്തിന് ഈ 20 അക്ക നമ്പര്‍ അന്തര്‍ദേശീയ തലത്തില്‍ നിര്‍ബന്ധമാക്കിയത്. 50 കോടി രൂപയ്ക്ക് മുകളില്‍ പണിമിടപാട് നടത്തുന്നവര്‍ ലീഗല്‍ എന്റിറ്റി ഐഡന്റിഫയര്‍ ഇന്ത്യ ലിമിറ്റഡില്‍ നിന്ന് എല്‍ഇഐ നമ്പര്‍ സ്വീകരിച്ചിരിക്കണം. വലിയ സാമ്പത്തിക ഇടപാടുകള്‍ ട്രാക്ക് ചെയ്യാന്‍ ഈ നമ്പര്‍ വഴി ബാങ്കുകള്‍ക്കും കേന്ദ്ര ബാങ്കിനും കഴിയും. ഗ്ലോബല്‍ ലീഗല്‍ എന്റിറ്റി ഐഡന്റിഫയര്‍ ഫൗണ്ടേഷന്‍ (ജിഎല്‍ഐഎഫ്) ആണ് അതാത് രാജ്യങ്ങളിലെ അംഗീകൃത എല്‍ ഇ ഐ ഏജന്‍സികള്‍ക്ക് അക്രഡിറ്റേഷന്‍ നല്‍കുന്നത്.
ഇന്ത്യയില്‍ ആര്‍ബിഐ അംഗീകാരമുളള ക്ലിയറിംഗ് കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യ ലിമിറ്റഡിന്റെ ഉപസ്ഥാപനമായ ലീഗല്‍ എന്റിറ്റി ഐഡന്റിഫയര്‍ ഇന്ത്യ ലിമിറ്റഡ് (എല്‍ഇഐഎല്‍) ആണ് ഈ 20 അക്ക സുരക്ഷാ നമ്പര്‍ നല്‍കുന്നത്. പേയ്മെന്റ് ആന്‍ഡ് സെറ്റില്‍മെന്റ് സിസ്റ്റംസ് ആക്റ്റ്, 2007 പ്രകാരമാണ് എല്‍ഇഐഎല്‍ പ്രവര്‍ത്തിക്കുന്നത്. അതേസമയം എല്ലാ പേയ്മെന്റ് ഇടപാടുകളിലും എല്‍ഇഐ അവതരിപ്പിക്കുന്നതിനുള്ള തയ്യാറെടുപ്പിലാണ് ആര്‍ബിഐ.