കെ.റെയില്‍: ഭൂമി തിരിക്കാന്‍ കല്ലിട്ടുതുടങ്ങി;
സാമൂഹികാഘാതപഠനം നടത്തും


കോട്ടയം: അതിവേഗ തീവണ്ടിപ്പാതയ്ക് നിശ്ചയിച്ച നിര്‍ദ്ദിഷ്ട ഭൂവിടം തിരിക്കാനുള്ള കല്ലിടല്‍ തുടങ്ങി. ഇത് പൂര്‍ത്തിയായശേഷം സാമൂഹികാഘാതപഠനവും സര്‍വേയും നടത്തും. കാസര്‍കോട് മുതല്‍ തിരുവനന്തപുരം വരെ 530 കിലോമീറ്റര്‍ നീളത്തിലാണ് പാത നിര്‍മിക്കുന്നത്. പദ്ധതി എത്രപേരെയാണ് ബാധിക്കുകയെന്ന് ഭൂമി വേര്‍തിരിക്കുന്നതോടെയാണ് കൃത്യമായി മനസ്സിലാവുക. എത്രവീടുകള്‍, മറ്റ് കെട്ടിടങ്ങള്‍, സ്ഥാപനങ്ങള്‍ എന്നിവ മാറ്റേണ്ടിവരുമെന്നും പട്ടികയുണ്ടാക്കും. ജനങ്ങളുടെ അഭിപ്രായം കേള്‍ക്കുന്നതിന് ഹിയറിങ് നടത്തും. സാമൂഹികാഘാതപഠനം തുടങ്ങി ആറുമാസത്തിനകം റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്നാണ് നിയമം. കല്ലിടല്‍ മൂന്ന് മാസത്തിനുള്ളില്‍ പൂര്‍ത്തിയാക്കാനാണ് ഉദ്ദേശിക്കുന്നതെങ്കിലും മോശം കാലാവസ്ഥയും മറ്റും തടസ്സമാകുന്നുണ്ട്. 

തിരുവനന്തപുരം, കൊല്ലം, എണാകുളം, തൃശ്ശൂര്‍, കണ്ണൂര്‍, കാസര്‍കോട് എന്നീ  ആറ് ജില്ലകളിലാണ് ഇപ്പോള്‍ കല്ലിടുന്നത്. മൊത്തം 11 ജില്ലകളിലൂടെയാണ് പാത കടന്നുപോകുന്നത്. കോഴിക്കോട്, മലപ്പുറം, കോട്ടയം, പത്തനംതിട്ട, ആലപ്പുഴ ജില്ലകളിലും  വൈകാതെ ഭൂമി വേര്‍തിരിക്കല്‍ ആരംഭിക്കും. കണ്ണൂര്‍ ജില്ലയിലാണ് ഏറ്റവുംകുടുതല്‍ ദൂരത്തില്‍ കല്ലിടല്‍ പൂര്‍ത്തിയായത്. ഏഴ് വില്ലേജുകളിലായി 21.5 കിലോമീറ്റര്‍ നീളത്തില്‍ 
536 കല്ലുകള്‍ സ്ഥാപിച്ചു. ചിറക്കല്‍, വളപട്ടണം, പാപ്പിനിശ്ശേരി, കണ്ണപുരം, ചെറുകുന്ന്, ഏഴോം, മാടായി വില്ലേജുകളിലാണ് പൂര്‍ത്തിയായത്. കുഞ്ഞിമംഗലം വില്ലേജില്‍  പുരോഗമിക്കുന്നു.

 തിരുവനന്തപുരം ജില്ലയില്‍ ആറ്റിപ്ര, കൊല്ലം ജില്ലയിലെ പാരിപ്പള്ളി, കല്ലുവാതുക്കല്‍, എറണാകുളം ജില്ലയിലെ പുത്തന്‍കുരിശ്, തിരുവാങ്കുളം, തൃശ്ശൂര്‍ ജില്ലയിലെ തൃശ്ശൂര്‍, പൂങ്കുന്നം, കൂര്‍ക്കഞ്ചേരി, കാസര്‍കോട് ജില്ലയിലെ ചെറുവത്തൂര്‍ എന്നീ വില്ലേജുകളിലും പ്രവൃത്തി നടക്കുന്നു. പദ്ധതിക്കെതിരേ ജനകീയ സമിതികളും യു.ഡി.എഫും സമരത്തിലാണ്. ഹരിത ട്രിബ്യൂണലില്‍ നല്‍കിയ കേസും തുടരുന്നു. റെയില്‍വേ ബോര്‍ഡ് മുമ്പാകെ അധികപദ്ധതിച്ചെലവ് സംസ്ഥാനം വഹിക്കുമെന്ന ഉറപ്പ് നല്‍കിയതിനാല്‍ നീതി 
ആയോഗ് മുന്നോട്ടുവെച്ച എതിര്‍പ്പ് മാറുമെന്ന പ്രതീക്ഷയാണ് സംസ്ഥാനത്തിന്.

Recent Updates

IIIISI


 

 

Happy Onam

Happy Vishu

 Happy Republic Day

0 Comments

Leave a reply

Social Media