'മുല്ലപ്പെരിയാര്‍ അണക്കെട്ട് പഴക്കമുള്ളത്, പുതിയ അണക്കെട്ട് വേണം'; ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍


തിരുവനന്തപുരം: മുല്ലപ്പെരിയാറില്‍ പുതിയ അണക്കെട്ട് നിര്‍മ്മിക്കണമെന്ന് കേരള ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍. തിരുവനന്തപുരത്ത് ഒരു ബോധവത്കരണ പരിപാടിയില്‍ പങ്കെടുക്കാന്‍ എത്തവേ ആയിരുന്നു അദ്ദേഹം മാധ്യമങ്ങളോട് സംസാരിച്ചത്. ജനങ്ങളുടെ ആശങ്ക സര്‍ക്കാരിനെ അറിയിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.

ഇത് സംബന്ധിച്ച് ചിലര്‍ തന്നെ വന്ന് കണ്ടിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. സര്‍ക്കാര്‍ ഇതില്‍ ഉചിതമായ തീരുമാനമെടുക്കുമെന്നാണ് താന്‍ കരുതുന്നതെന്നും ഗവര്‍ണര്‍ പറഞ്ഞു. ശാശ്വതമായ പരിഹാരമാണ് ആവശ്യം. നമ്മള്‍ ശുഭാപ്തി വിശ്വാസത്തോടെ നില്‍ക്കാമെന്നും തമിഴ്‌നാടുമായുള്ള ചര്‍ച്ചയില്‍ പ്രതീക്ഷയുണ്ടെന്നും ഗവര്‍ണര്‍ മാധ്യമങ്ങളോട് പറഞ്ഞു.

മുല്ലപ്പെരിയാര്‍ അണക്കെട്ട് പഴക്കമുള്ളതാണ്. പുതിയ അണക്കെട്ട് വേണം. വിഷയവുമായി ബന്ധപ്പെട്ട് തമിഴ്‌നാട് സര്‍ക്കാരുമായി ചര്‍ച്ചകള്‍ നടക്കുന്നതില്‍ പ്രതീക്ഷയുണ്ടെന്നും അദ്ദേഹം പറഞ്ഞു. എങ്ങനെ സൗഹാര്‍ദ്ദപരമായ ഒത്തുതീര്‍പ്പിലെത്താമെന്നും അദ്ദേഹം പറഞ്ഞു. കോടതി ഈ വിഷയത്തില്‍ ഇടപെടണമെന്നു കൂടി ആരിഫ് മുഹമ്മദ് ഖാന്‍ വ്യക്തമാക്കി.

അതിന് പുറമെ, ദത്തെടുക്കല്‍ വിവാദത്തില്‍ തിരുത്തല്‍ നടപടി തുടങ്ങിയെന്നാണ് അറിയാന്‍ കഴിഞ്ഞതായും അദ്ദേഹം മാധ്യമത്തോട് വ്യക്തമാക്കി. എന്നാല്‍, വിഷയത്തില്‍ കൂടുതല്‍ പ്രതികരണം നടത്താന്‍ അദ്ദേഹം തയ്യാറായില്ല.

അതേസമയം, മുല്ലപ്പെരിയാര്‍ അണക്കെട്ടിലെ ജലനിരപ്പ് 137.45 അടിയായി. ഒരു മണിക്കൂറിനുള്ളില്‍ 0.10 അടി വെള്ളമാണ് അണക്കെട്ടില്‍ ഉയര്‍ന്നത്. സ്പില്‍വേ ഷട്ടര്‍ ഉയര്‍ത്തി നിയന്ത്രിത അളവില്‍ വെള്ളം കൊണ്ടുപോകണമെന്ന് ആവശ്യപ്പെട്ട് തമിഴ്‌നാടിന് ജലവിഭവ വകുപ്പ് കത്ത് നല്‍കിയിട്ടുണ്ട്. തമിഴ്‌നാട് പൊതുമരാമത്ത് വകുപ്പിനാണ് കത്ത് നല്‍കിയത്.

തുലാവര്‍ഷം എത്തുമ്പോള്‍ ജലനിരപ്പ് വേഗത്തില്‍ ഉയരാന്‍ ഇടയുള്ളതിനാല്‍ അനിയന്ത്രിതമായ തോതില്‍ വെള്ളം അഴിച്ചുവിടുന്ന സാഹചര്യം ഒഴിവാക്കണമെന്നാണ് കത്തില്‍ ആവശ്യപ്പെട്ടിരിക്കുന്നത്. കഴിഞ്ഞ കുറച്ച് ദിവസങ്ങളിലായി മുല്ലപ്പെരിയാര്‍ അണക്കെട്ടിലെ വെള്ളം ഉയരുന്ന സാഹചര്യമാണുള്ളത്.

ജലനിരപ്പ് 136 അടി പിന്നിട്ടതോടെ കഴിഞ്ഞ ദിവസം ആദ്യ മുന്നറിയിപ്പ് പുറപ്പെടുവിച്ചിരുന്നു. ജലനിരപ്പ് 138 അടിയിലെത്തുന്നതോടെ രണ്ടാമത്തെ മുന്നറിയിപ്പ് പുറപ്പെടുവിക്കും. 142 അടിയാണ് അനുവദനീയ സംഭരണ ശേഷി. നിലവില്‍ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നാണ് ജില്ലാ ഭരണകൂടം അറിയിച്ചിരിക്കുന്നത്. ആവശ്യമെങ്കില്‍ പെരിയാര്‍ തീരത്തുള്ളവരെ മാറ്റി പാര്‍പ്പിക്കാനുള്ള നടപടികള്‍ പൂര്‍ത്തിയാക്കിയിട്ടുണ്ടെന്നും അധികൃതര്‍ വ്യക്തമാക്കി.

Recent Updates

IIIISI


 

 

Happy Onam

Happy Vishu

 Happy Republic Day

0 Comments

Leave a reply

Social Media